ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ പാളയത്തില്‍ പട ഉയര്‍ന്നതോടെ നിര്‍ണായക ആര്‍ എസ് എസ്- ബി ജെ പി സംയുക്ത യോഗം നാളെ തുടങ്ങും.
തെരഞ്ഞെടുപ്പ് ഫലത്തില്‍ യോഗിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമാകുമ്പോഴാണ് നാളെയും മറ്റന്നാളുമായി നിര്‍ണ്ണായക യോഗം ലക്‌നൗവില്‍ ചേരുന്നത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ നേതൃത്വത്തിലാണ് യോഗിക്കെതിരെ നീക്കം ശക്തമായത്. പ്രശ്‌നം പൊട്ടിത്തെറിയിലേക്ക് നീങ്ങും മുമ്പ് ഒത്തു തീര്‍പ്പുണ്ടാക്കാനാണ് ആര്‍എസ്എസ് രംഗത്തിറങ്ങുന്നത്. ആര്‍ എസ് എസിന്റെ പ്രമുഖ നേതാക്കളെത്തുന്ന യോഗത്തില്‍ യോഗിയും മൗര്യയും പങ്കെടുക്കും. ഇരുപക്ഷവും കാര്യങ്ങള്‍ തുറന്നു പറയുന്നതിന് യോഗം വേദിയാക്കുമെന്നാണു കരുതുന്നത്.
തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ കാരണങ്ങള്‍ വിലയിരുത്തുന്നയോഗത്തില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് അടക്കമുള്ള ഏകാധിപത്യ പ്രവണതയെക്കുറിച്ച് മൗര്യ തുറന്നടിക്കുമെന്നാണു കരുതുന്നത്. ബി ജെ പിയുടെ പോക്കിനെതിരെ ആര്‍ എസ് എസ് മേധാവി തന്നെ നിലപാട് കടുപ്പിക്കുമ്പോള്‍ മൗര്യയുടെ വാദങ്ങള്‍ക്ക് ശക്തിലഭിക്കുമെന്നും സൂചനയുണ്ട്.
യുപി ബി ജെ പിയിലെ പോര് യോഗിയുടെ നയങ്ങളെ ചോദ്യം ചെയ്യാനുള്ള ശേഷി സഖ്യകക്ഷികള്‍ക്കും നല്‍കിയിരിക്കുകയാണ്.കന്‍വാര്‍ യാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെ ഭക്ഷണ ശാലകളുടെ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ആര്‍ എല്‍ ഡിയും ജെഡിയുവും പ്രതിഷേധം അറിയിച്ചു. ഒരു വിഭാഗത്തെ ഉന്നമിട്ടുള്ള നീക്കമെന്ന വിമര്‍ശനം ശക്തമാകുമ്പോള്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യോഗി ആവര്‍ത്തിച്ചതും ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുകയാണ്. തന്റെ നയങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് യോഗിയുടെ നിലപാടെന്നും വിലയിരുത്തപ്പെടുന്നു
---- facebook comment plugin here -----