aathmeeyam
പ്രയാണത്തിലെ പൊരുളുകൾ
പ്രവാചകന്മാരും ചരിത്ര പുരുഷന്മാരുമെല്ലാം ധാരാളം യാത്രകൾ നടത്തിയിട്ടുണ്ട്. പ്രവാചകന്മാരിൽ തിരുനബി (സ)ക്ക് മാത്രം ലഭിച്ച അത്യത്ഭുതകരമായ യാത്രയാണ് ഇസ്‌റാഉം മിഅ്റാജും. തിരമാലകള്‍ കണക്കെ മേല്‍ക്കുമേല്‍ കടന്നുവന്ന പ്രയാസങ്ങളെ അതിജയിക്കാൻ അല്ലാഹു നല്‍കിയ വലിയ ആശ്വാസവും അതോടൊപ്പം ആദരവുമായിരുന്നു യഥാർഥത്തിൽ ഇസ്റാഅ് മിഅ്റാജിലെ ഓരോ രംഗങ്ങളും.
ജീവിതത്തിന് അർഥവും സൗന്ദര്യവും സൗരഭ്യവും നൽകുന്നത് യാത്രകളാണ്. ഓരോ യാത്രയും ഒരായിരം പാഠങ്ങളും അനുഭവങ്ങളുമാണ് ബാക്കിവെക്കുന്നത്. ലോകത്തിന്റെ വൈവിധ്യങ്ങളെ മനസ്സിലാക്കാനും സംസ്കാരവും പൈതൃകവും ഉൾക്കൊള്ളാനും ജീവിതത്തിൽ പകർത്താനും പകർന്നു നൽകാനും യാത്രകൾ സഹായിക്കുന്നു. “യാത്ര പോലെ ബുദ്ധി വികസിപ്പിക്കുന്ന ഒന്നും തന്നെയില്ല’ എന്നാണ് പ്രമുഖ ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനുമായ എമിൽ സോള അഭിപ്രായപ്പെട്ടത്.
യാത്രകൾ ചരിത്രത്തിലേക്കും വിദ്യാഭ്യാസത്തിലേക്കുമുള്ള കവാടങ്ങളാണ് തുറക്കുന്നത്. പുരാതന അവശിഷ്ടങ്ങൾ, ചരിത്രപരമായ ലാൻഡ്‌മാർക്കുകൾ, മ്യൂസിയങ്ങൾ എന്നിവ സന്ദർശിക്കുന്നതിലൂടെ ചരിത്ര ലോകത്തേക്ക് ചുവടുവെക്കാൻ സാധിക്കുന്നു. ചരിത്ര ഭൂമികയിലൂടെയുള്ള യാത്രകൾ മുൻകാല നാഗരികതകൾ, സംഭവങ്ങൾ, വർത്തമാന ലോകത്തിൽ അവയുടെ സ്വാധീനം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടാക്കിത്തരുന്നു.
പ്രവാചകന്മാരും ചരിത്ര പുരുഷന്മാരുമെല്ലാം ധാരാളം യാത്രകൾ നടത്തിയിട്ടുണ്ട്. പ്രവാചകന്മാരിൽ തിരുനബി (സ)ക്ക് മാത്രം ലഭിച്ച അത്യത്ഭുതകരമായ യാത്രയാണ് ഇസ്‌റാഉം മിഅ്റാജും. തിരമാലകള്‍ കണക്കെ മേല്‍ക്കുമേല്‍ കടന്നുവന്ന പ്രയാസങ്ങളെ അതിജയിക്കാൻ അല്ലാഹു നല്‍കിയ വലിയ ആശ്വാസവും അതോടൊപ്പം ആദരവുമായിരുന്നു യഥാർഥത്തിൽ ഇസ്റാഅ് മിഅ്റാജിലെ ഓരോ രംഗങ്ങളും. തന്റെ താങ്ങും തണലും സുരക്ഷയുമായിരുന്ന പ്രിയപത്നി ഖദീജ ബീവിയും(റ) പിതൃവ്യൻ അബൂത്വാലിബും വിടവാങ്ങിയതുമൂലമുള്ള ദുഃഖങ്ങളും സങ്കടങ്ങളും തളംകെട്ടി നിൽക്കുന്നതിനിടെ, തിരുനബി(സ)ക്കു നേരെ ജന്മദേശക്കാർ സഹിക്കവയ്യാത്ത വിധം പീഡന പർവങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. തദവസരത്തിൽ സുരക്ഷിതാർഥം അവിടുന്ന് ത്വാഇഫിലേക്ക് പലായനം ചെയ്തു. പക്ഷേ, അവിടുത്തെ സ്ഥിതിഗതികളും സുഖകരമായിരുന്നില്ല. അത്തരം ഒരു സാഹചര്യത്തിലായിരുന്നു പൂര്‍വിക പ്രവാചകന്മാരുടെ ചരിത്രം ഓര്‍മിപ്പിച്ചും തനിക്കും തന്റെ സമൂഹത്തിനും ലഭ്യമാകാനിരിക്കുന്ന നന്മകളുടെ നാളുകളെ ബോധ്യപ്പെടുത്തിയുമുള്ള ഇസ്‌റാഉം മിഅ്‌റാജും. പ്രസ്തുത യാത്രയെ വിശദീകരിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ പ്രധാന സൂക്തമാണിത്: “ദൃഷ്ടാന്തങ്ങളില്‍ നിന്ന് ചിലത് കാണിച്ചുകൊടുക്കാന്‍ വേണ്ടി തന്റെ ദാസനെ മസ്ജിദുല്‍ ഹറാമില്‍ നിന്ന് ചുറ്റും അനുഗൃഹീതമായ മസ്ജിദുല്‍ അഖ്‌സയിലേക്ക് രാപ്രയാണം ചെയ്യിച്ചവന്‍ എത്ര പരിശുദ്ധന്‍; നിശ്ചയം അവന്‍ കേള്‍ക്കുന്നവനും കാണുന്നവനുമത്രെ’. (സൂറത്തുല്‍ ഇസ്‌റാഅ്: 1) സ്രഷ്ടാവിന്റെ പരിശുദ്ധിയെ പ്രകടിപ്പിക്കുന്നതിന് ഖുർആൻ നിൽകിയ പ്രധാന സംഭവവും തിരുനബി(സ)യുടെ നിശാപ്രയാണമാണ്. മക്കാവിജയം, ജിന്നുകളുമായുള്ള സംഗമം, ചന്ദ്രന്റെ പിളര്‍പ്പ് തുടങ്ങി തിരുജീവിതത്തിലെ സുപ്രധാന സംഭവങ്ങളേക്കാൾ വിശുദ്ധ ഖുര്‍ആൻ കൂടുതൽ വിശകലനം ചെയ്തതും ഇസ്റാഅ് മിഅ്റാജ് സംഭവമാണ്.
യാത്രക്കുള്ള മുന്നൊരുക്കം തന്നെ മഹാത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. പ്രവാചകത്വത്തിന്റെ പതിനൊന്നാം വര്‍ഷം റജബ് മാസം ഇരുപത്തി ഏഴിന് തിങ്കളാഴ്ച അവിടുത്തെ പിതൃവ്യന്‍ അബൂത്വാലിബിന്റെ മകള്‍ ഉമ്മുഹാനിയുടെ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ജിബ്്രീല്‍(അ)ന്റെ നേതൃത്വത്തില്‍ ഏതാനും മലക്കുകള്‍ ആഗതമാകുകയും അവര്‍ നബി(സ)യെ സംസം കിണറിനരികിലേക്ക് കൊണ്ടുപോകുകയും അവിടുത്തെ ഹൃദയ ശസ്ത്രക്രിയ നടത്തുകയും ശുദ്ധീകരിക്കുകയും വിജ്ഞാനം നിറക്കുകയും ചെയ്തു. നടക്കാനിരിക്കുന്ന യാത്രയുടെ അനുഭവങ്ങള്‍ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള ആത്മീയ പാകത വരുത്തുന്നതിനു വേണ്ടിയായിരുന്നു അത്. ശേഷം മക്കയിൽ നിന്നും സുമാർ ഒരു മാസം ഒട്ടകപ്പുറത്ത് യാത്ര ചെയ്താൽ എത്തുന്ന ആത്മീയ പ്രാധാന്യമുള്ള, ഭൂമുഖത്ത് എറ്റവും കുടുതൽ ചരിത്ര സംഭവങ്ങളുള്ള പ്രദേശമായ ഖുദ്‌സിന്റെ മണ്ണിലേക്ക് ബുറാഖ് എന്ന പ്രത്യേക വാഹനത്തിൽ യാത്ര തിരിച്ചു. ഫലഭൂയിഷ്ഠമായ മണ്ണും അരുവിയും പുഴകളും കൃഷികളുമുള്ള ആകർഷണീയ ഭൂമിയാണത്. അതിലുപരി അനേകം പ്രവാചകന്മാരുടെ പാദ സ്പർശനത്താൻ അനുഗൃഹീതമായ വഴിത്താരയാണത്.
പ്രസ്തുത യാത്രയിൽ പ്രപഞ്ചനാഥന്റെ ധാരാളം ദൃഷ്ടാന്തങ്ങൾക്ക് അവിടുന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: “നിശ്ചയം തന്റെ രക്ഷിതാവിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അവിടുന്ന് ദർശിച്ചു.'(അന്നജ്ം: 18)
അനേകം പ്രവാചകന്മാർ അന്ത്യവിശ്രമം കൊള്ളുന്ന മസ്ജിദുല്‍ അഖ്‌സയുടെ പരിസരങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ മൂസാ നബി(അ)യെ ഖബറിൽ വെച്ച് നിസ്കരിക്കുന്നതായും ബൈതുൽ മുഖദ്ദസിൽ വെച്ച് മുൻകഴിഞ്ഞ പ്രവാചകന്മാർക്ക് അവിടുന്ന് ഇമാമായി നിസ്‌കരിച്ചതായും ഹദീസിലുണ്ട്. മഹാന്മാരുടെ സാന്നിധ്യം കൊണ്ട് അനുഗൃഹീതമായ പ്രദേശങ്ങൾ സന്ദർശിക്കുകയെന്നതും അവരുടെ പൊരുത്തം തേടുകയെന്നതും പ്രമാണബദ്ധമാണെന്ന് ഇസ്റാഅ് മിഅ്റാജ് സംഭവങ്ങൾ പഠിപ്പിക്കുന്നു. തുടർന്ന് ഏഴാകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടിയുള്ള യാത്രയായിരുന്നു. യാത്രക്കൊടുവില്‍ അല്ലാഹുവിനെ കാണുകയും സംഭാഷണം നടത്തുകയും ചെയ്തു. ബൃഹത്തായ യാത്രക്കൊടുവില്‍ അല്ലാഹു നബി(സ)യുടെ സമുദായത്തിന് നൽകിയ സമ്മാനമാണ് അഞ്ച് നേരത്തെ നിസ്കാരം.
വാനസഞ്ചാരത്തിൽ നിരവധി സംഭവങ്ങൾക്ക് തിരുനബി(സ) നേർസാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിൽ ചില ഭീകര രംഗങ്ങളും കാണാം. അനസില്‍(റ) നിന്ന് നിവേദനം: നബി(സ) പറഞ്ഞു: “മിഅ്‌റാജ് രാവിൽ ഞാൻ ചെമ്പിന്റെ നഖങ്ങളാൽ നെഞ്ചും മുഖവും മാന്തുന്ന ഒരു കൂട്ടം ആളുകൾക്കരികിലൂടെ കടന്നുപോയി. ഞാൻ ചോദിച്ചു, ജിബ്‌രീലേ(അ) ആരാണിവർ? മലക് പറഞ്ഞു. ജനങ്ങളുടെ മാംസം തിന്നുകയും അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയും ചെയ്തവരാണവർ.’ (അബൂദാവൂദ്)
നബി(സ)യുടെ വിശുദ്ധ ജീവിതത്തിലെ അദ്ഭുതം നിറഞ്ഞതും മഹത്തരവുമായ സംഭവം നടന്ന മിഅ്റാജ് ദിനത്തിൽ നോമ്പനുഷ്ഠിക്കൽ സുന്നത്താണെന്ന് കർമശാസ്ത്ര പണ്ഡിതന്മാർ പ്രത്യേകം പറഞ്ഞിട്ടുണ്ട്. (ഇആനത്: 2/207) അബൂഹുറയ്റ(റ) നിവേദനം. നബി(സ) പറഞ്ഞു: “ആരെങ്കിലും റജബ് ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിച്ചാൽ അറുപത് മാസം നോമ്പനുഷ്ഠിച്ച പ്രതിഫലം അവന് രേഖപ്പെടുത്തപ്പെടും.'(ഇഹ് യാ ഉലൂമുദ്ധീൻ 1/328)