Connect with us

uefa champions league

തകര്‍പ്പന്‍ ജയത്തോടെ ബയേണ്‍ മുന്നോട്ട്; പി എസ് ജി ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്, മിലാനും ക്വാർട്ടറിൽ

മെസ്സിയും എംബാപ്പെയുമടക്കം സൂപ്പര്‍ താരങ്ങളുള്ള പി എസ് ജി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

Published

|

Last Updated

മ്യൂണിച്ച് | യുവേഫ ചാംപ്യന്‍ ലീഗിന്റെ പ്രീക്വാര്‍ട്ടറിലെ രണ്ടാം പാദ മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ചിന് തകര്‍പ്പന്‍ ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പാരീസ് സെയ്ന്റ് ജര്‍മൈന്‍ (പി എസ് ജി) ക്ലബിനെയാണ് ബയേണ്‍ പരാജയപ്പെടുത്തിയത്. ഇതോടെ ഇരുപാദങ്ങളിലുമായി 3-0 എന്ന സ്‌കോറില്‍ ബയേണ്‍ ക്വാര്‍ട്ടറിലെത്തി. മെസ്സിയും എംബാപ്പെയുമടക്കം സൂപ്പര്‍ താരങ്ങളുള്ള പി എസ് ജി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

ഇരുപാദങ്ങളിലും ഒരു ഗോള്‍ പോലും നേടാനാകാതെയാണ് ലീഗ് വണ്‍ ശക്തരുടെ മടക്കം. ബയേണിന്റെ സാദിയോ മാനെയാണ് കളിയിലെ താരം. പന്തടക്കത്തില്‍ പി എസ് ജിയാണ് മുന്നിട്ടുനിന്നതെങ്കിലും ഷോട്ടുതിര്‍ക്കുന്നതില്‍ ബയേണായിരുന്നു മികവുപ്രകടിപ്പിച്ചത്.

രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും ബയേണ്‍ നേടിയത്. 61ാം മിനുട്ടില്‍ ലിയോണ്‍ ഗോരിത്സ്‌കയുടെ അസിസ്റ്റില്‍ എറിക് ചൂപോ മോടിംഗ് ആണ് ആദ്യ ഗോളടിച്ചത്. 89ാം മിനുട്ടില്‍ ജോവോ കാന്‍സെലോയുടെ അസിസ്റ്റില്‍ സെര്‍ജി ഗ്നാബ്രി രണ്ടാം ഗോളുമടിച്ചു. അതിനിടെ ഇറ്റാലിയന്‍ ക്ലബ് എ സി മിലാനും ക്വാര്‍ട്ടറിലെത്തി. രണ്ടാം പാദത്തില്‍ ടോട്ടനം ഹോട്ട്‌സ്പറിനെ സമനിലയില്‍ കുരുക്കിയായിരുന്നു മിലാന്റെ ക്വാര്‍ട്ടര്‍ പ്രവേശം. ആദ്യപാദത്തില്‍ ഒരു ഗോളിന്റെ വിജയം മിലാന്‍ നേടിയിരുന്നു.

Latest