Kerala
ബി ബി സി ഡോക്യുമെൻ്ററി: വീണ്ടും ന്യായീകരണവുമായി അനില്‍ ആൻ്റണി
തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പു പറയേണ്ടി വരും

തിരുവനന്തപുരം | ബി ബി സി ഡോക്യുമെൻ്ററിക്കെതിരായ പ്രസ്ഥാവനയില്‍ വീണ്ടും ന്യായീകരണവുമായി അനില്‍ ആൻ്റണി. ബി ബി സിയെ വിഘടനവാദികളായ ഒരു മാധ്യമസ്ഥാപനമെന്ന് വിശേഷിപ്പിച്ച അനില്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചവര്‍ രാജ്യത്തോട് മാപ്പു പറയേണ്ടി വരുമെന്ന് വിശദീകരിച്ചു.
വിഷയത്തില്‍ തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നു. പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നില്ല. കേരളത്തിലുള്‍പ്പടെ ഉയര്‍ന്ന പ്രതികരണങ്ങളെല്ലാം ആസൂത്രിതമാണ്. രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും എതിര്‍ത്തവരാണ് തന്നെയും എതിര്‍ത്തതെന്നും അനില്‍ ആരോപിച്ചു.
ഇത്തരക്കാര്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിച്ചത്. രാജ്യതാത്പര്യത്തിന് മുകളില്‍ മറ്റൊരു രാഷ്ട്രീയവുമില്ല. രാജ്യതാത്പ്പര്യമാണ് വലുതെന്നും അതിനായി പ്രധാനമന്ത്രി ഉള്‍പ്പടെ ആരുമായും നില്‍ക്കാന്‍ തയ്യാറാണെന്നും അനില്‍ പറഞ്ഞു.
ഇന്നത്തെ കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ സാധിക്കില്ലെന്നും അനില്‍ നിലപാട് വ്യക്തമാക്കി. ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചു.
എന്നാല്‍, ബി ജെ പിയില്‍ ചേരില്ല. അത്തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.