National
ബിബിസി ഡോക്യുമെന്ററി: വിലക്കേര്‍പ്പെടുത്തി ജാമിഅ മില്ലിയ്യ; പ്രദര്‍ശനത്തില്‍ ഉറച്ച് വിദ്യാര്‍ത്ഥികള്‍
ഇന്ന് ആറു മണിക്ക് എന്ത് സംഭവിച്ചാലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍.

ന്യൂഡല്‍ഹി| പ്രധാനമന്ത്രിക്കെതിരായ വിവാദ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി ജാമിഅ മില്ലിയ്യ സര്‍വകലാശാല. കാമ്പസില്‍ അനധികൃത ഒത്തുചേരലുകള്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. സര്‍വകലാശാലയിലെ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.
അതേസമയം വിവാദ ഡോക്യുമെന്ററി പ്രദര്‍ശനവുമായി മുന്നോട്ടുപോകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. സര്‍വാകലാശാലയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചവരില്‍ പ്രമുഖരായ എന്‍.എസ്.യു.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കസ്റ്റഡിയിലെടുത്ത് ഡോക്യുമെന്ററി പ്രദര്‍ശനം തടയുകയെന്നതായിരുന്നു ഡല്‍ഹി പൊലീസിന്റെ ലക്ഷ്യം.
അല്‍പ്പസമയത്തിനകം വിദ്യാര്‍ത്ഥികള്‍ ജാമിയ മില്ലിയ സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. കാമ്പസിന് പുറത്ത് വലിയ പൊലീസ് സന്നാഹമാണുള്ളത്. ഒരുതരത്തിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കില്ലെന്ന് തന്നെയാണ് സര്‍വകലാശാലയുടെ നിലപാട്. എന്നാല്‍ ഇന്ന് ആറു മണിക്ക് എന്ത് സംഭവിച്ചാലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ത്ഥികള്‍.