National
ബിബിസി ഡോക്യുമെന്ററി: ജാമിഅ മില്ലിയ്യ സർവകലാശാലയിൽ സംഘർഷം; വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു
ക്യാമ്പസിന് പുറത്ത് വൻ പോലീസ് ബന്തവസ്സ് ഏർപ്പെടുത്തി. ടിയർഗ്യാസ് ഉൾപ്പെടെ സന്നാഹങ്ങളുമായാണ് പോലീസ് ക്യാമ്പസ് ഗേറ്റിൽ നിലയുറപ്പിച്ചിരിക്കുന്നത്.
ന്യൂഡൽഹി | ജാമിഅ മില്ലിയ്യ സർവകലാശാലയിൽ ബി ബി സി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ച വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ് എഫ് ഐ ഉൾപ്പെടെ സംഘടനകളിൽ പ്രവർത്തിക്കുന്ന പത്തിലധികം വിദ്യാർഥികളെയാണ് കസ്റ്റഡിയിലെടുത്തത്. ക്ലാസുകൾ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തു. പരീക്ഷക്ക് ഹാജരാകുന്ന വിദ്യാർഥികളെ മാത്രമാണ് ക്യാമ്പസിലേക്ക് കടത്തിവിട്ടത്. ക്യാമ്പസിന് പുറത്ത് വൻ പോലീസ് ബന്തവസ്സ് ഏർപ്പെടുത്തി. ടിയർഗ്യാസ് ഉൾപ്പെടെ സന്നാഹങ്ങളുമായാണ് പോലീസ് ക്യാമ്പസ് ഗേറ്റിൽ നിലയുറപ്പിച്ചിരിക്കുന്നത്.
ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എസ് എഫ് ഐ പ്രഖ്യാപിച്ചതിന് പിന്നാലെ, ക്യാമ്പസിൽ അനധികൃത ഒത്തുചേരൽ അനുവദിക്കില്ലെന്ന് കോളജ് അധികൃതർ ഉത്തരവിറക്കിയിരുന്നു. തുടർന്ന് പ്രതിഷേധവുമായി എത്തിയ വിദ്യാർഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥികളെ കസ്റ്റഡിയിൽ എടുത്ത സാഹചര്യത്തിൽ ഡോക്യുമെന്ററി പ്രദർശനം നടന്നില്ല.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നിരവധി വെളിപ്പെടുത്തലുകളുള്ള ബിബിസി ഡോക്യുമെന്ററി രാജ്യത്ത് വൻ ചർച്ചകൾക്കാണ് വഴിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഡോക്യുമെന്ററിയിൽ കടുത്ത പരാമർശങ്ങളാണുള്ളത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയായിരുന്നു ഗുജറാത്ത് വംശഹത്യ.
ഡോക്യുമെന്ററിയുടെ ആദ്യഭാഗം പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര സർക്കാർ ബിബിസിക്ക് എതിരെ തിരിഞ്ഞിരുന്നു. ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദേശം നൽകുകയും ഡോക്യുമെന്ററി കാണുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇത് കേന്ദ്രസർക്കാറിന് എതിരായ ശക്തമായ പ്രതിഷേധത്തിന് വഴിവെക്കുകയായിരുന്നു. വിവാദങ്ങൾ തുടരുന്നതിനിടെ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്നലെ ബിബിസി പുറത്തുവിട്ടിരുന്നു.