National
ബിബിസി ഡോക്യുമെന്ററി: പ്രദര്‍ശനം അനുവദിക്കില്ലെന്ന് ഡല്‍ഹി സര്‍വകലാശാല
വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് 5 മണിക്കാണ് പ്രദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി| ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം അനുവദിക്കില്ലെന്ന് ഡല്‍ഹി സര്‍വകലാശാല. പ്രദര്‍ശനം തടയാന്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് 5 മണിക്കാണ് പ്രദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥി യൂണിയനുകള്‍ സംയുക്തമായി ആര്‍ട്സ് ഫാക്കല്‍ട്ടിക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദര്‍ശനം നടത്തുന്നത്.
ഇതിന് മുന്‍പ് ജെ.എന്‍.യുവിലും ജാമിഅ മില്ലിയയിലും സര്‍വകലാശാലയുടെ വിലക്കു മറികടന്ന് വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തിയിരുന്നു. ഈ സമയത്ത് വൈദ്യുതിയും ഇന്റര്‍നെറ്റും വിച്ഛേദിക്കുകയും പൊലീസ് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുകയും ചെയ്തിരുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ മുന്നില്‍ കണ്ട് മുന്‍കരുതലുകളും വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം ജെഎന്‍യുവിലും ജാമിഅയിലും സര്‍വകലാശാലയുടെ വിലക്കു മറികടന്ന് പ്രദര്‍ശനം ഒരുക്കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സീകരിച്ചേക്കും. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളില്‍ ബിബിസി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് ആരോപിച്ച് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.