Editors Pick
ബിബിസി റെയ്ഡ്: ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ ഇടിയ്ക്കുമെന്ന് വിലയിരുത്തൽ
ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ നിലവില്‍ 180 രാജ്യങ്ങളുള്ള പട്ടികയില്‍ 150ാം സ്ഥാനത്തുനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.
ന്യൂഡൽഹി | ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ സ്ഥാനം താഴ്ന്നു നില്‍ക്കുന്ന ഇന്ത്യയില്‍ ബി ബി സിക്കെതിരായ നടപടി ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഓരോ രാജ്യങ്ങളിലും മാധ്യമങ്ങള്‍ അനുഭവിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തേയും ചുറ്റുപാടുകളേയും വിലയിരുത്തിയാണ് ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക തയ്യാറാക്കുന്നത്. നിലവില്‍ 180 രാജ്യങ്ങളുള്ള പട്ടികയില്‍ 150ാം സ്ഥാനത്തുനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഡോക്യുമെന്ററിയുടെ പേരില്‍ ഒരു വിദേശ മാധ്യമ സ്ഥാപനത്തിന്റെ ഓഫീസുകള്‍ റെയ്ഡ് ചെയ്യുന്നതോടെ അന്താരാഷ്ട്ര വേദികളില്‍ രാഷ്ട്രം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടാവും.
മാധ്യമപ്രവര്‍ത്തകര്‍, മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് ഓരോ രാജ്യത്തും ലഭിക്കുന്ന സ്വാതന്ത്ര്യവും ആ സ്വാതന്ത്ര്യത്തിന് ഭരണകൂടം നല്‍കുന്ന അംഗീകാരവും വിശകലനം ചെയ്താണ് ലോക മാധ്യമ സ്വാതന്ത്ര്യ പട്ടിക തയ്യാറാക്കുന്നത്.
ദേശീയ മാധ്യമങ്ങള്‍ കോര്‍പറേറ്റുകള്‍ കൈയ്യടക്കിയതോടെ ഭരണകൂട അനുകൂല വാര്‍ത്തകള്‍മാത്രമാണു പുറത്തുവരുന്നതെന്ന ആരോപണം രാജ്യത്തു ശക്തമായി നിലനില്‍ക്കുകയാണ്. ജനാധിപത്യത്തിന്റെ കാവലാള്‍ എന്ന തലത്തില്‍ നിന്നു കോര്‍പറേറ്റ് വിധേയത്വത്തിലേക്കു ദേശീയ മാധ്യമങ്ങള്‍ ചുരുങ്ങി എന്ന വിമര്‍ശനം ശക്തമാണ്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോബ്രപോസ്റ്റ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ ദേശീയ മാധ്യമങ്ങളില്‍ പലതും ഹിന്ദുത്വ അജണ്ട ഏറ്റെടുക്കാന്‍ പണം ആവശ്യപ്പെട്ട വിവരം പുറത്തുവന്നിരുന്നു. പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ മുതലാളിമാരും മാനേജര്‍മാരുമായി നടത്തിയ സംഭാഷണങ്ങളായിരുന്നു കോബ്രപോസ്റ്റ് പുറത്തുവിട്ടത്. പണം നല്‍കിയാല്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ വികാരം ഇളക്കിവിടുക, ഒരു പ്രത്യേക പാര്‍ട്ടിക്ക് അനുകൂലമായി മാത്രം വാര്‍ത്തകള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാമെന്നായിരുന്നു മാധ്യമ സ്ഥാപനങ്ങള്‍ സമ്മതിച്ചത്.
കോബ്ര പോസ്റ്റ് മാധ്യമ പ്രവര്‍ത്തകനായ പുഷ്പ ശര്‍മയാണ് ശ്രീമദ് ഭഗവത് ഗീതാ പ്രചാര്‍ സമിതി എന്ന സംഘടനയുടെ പേരില്‍ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയത്. ബര്‍ത്തമാന്‍ പത്രിക, ദൈനിക സമ്പദ് എന്നീ രണ്ടു മാധ്യമ സ്ഥാപനങ്ങള്‍ മാത്രമാണ് പണം പറ്റി തങ്ങളുടെ മാധ്യമ സ്ഥാപനത്തിലൂടെ വര്‍ഗീയത പ്രചരിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത്. ഹുന്ദുത്വ ധ്രുവീകരണമുണ്ടാക്കുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനായി പ്രമുഖ ദേശീയ പത്രം ആവശ്യപ്പെട്ടത് 1000 കോടി രൂപയാണ്. ദേശീയ മാധ്യമസ്ഥാപനങ്ങളിലെ പ്രമുഖര്‍ പലരും കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറാ ഓപ്പറേഷനില്‍ കുടുങ്ങിയിരുന്നു.
2014 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ മധ്യമങ്ങള്‍ നൂറു കണക്കിന് കോടി രൂപ വാങ്ങി ബി ജെ പി അനുകൂല വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന ആരോപണമുണ്ടായിരുന്നു. രാജ്യത്തെ മാധ്യമ ശൃംഖല മുഴുവനും ഭരണകൂട അനൂകലമായിത്തീര്‍ന്ന ഘട്ടത്തിലാണ് അന്താരാഷ്ട്ര മാധ്യമമായ ബി ബി സി ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്കാളിത്തം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി പുറത്തുവിട്ടത്.
ഇന്ത്യയില്‍ മുഖ്യധാരമാധ്യമങ്ങള്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെ ശബ്ദം കേള്‍പ്പിക്കുന്നില്ലെന്നു മഗ്‌സസെ അവാര്‍ഡ് ജേതാവും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ പി സായിനാഥ് ചൂണ്ടിക്കാണിച്ചിരുന്നു. കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ വരുമാനവര്‍ധന മാത്രം ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാജ്യത്തു മാധ്യമങ്ങള്‍ക്കുമേല്‍ നടപ്പാക്കുന്ന അപ്രഖ്യാപിത സെന്‍സര്‍ ഷിപ്പിന്റെ പ്രഖ്യാപനമാണ് ബി ബി സിയുടെ ഓഫീസുകളില്‍ നടക്കുന്ന റെയ്ഡ് എന്നാണു വിലയിരുത്തപ്പെടുന്നത്. കേന്ദ്രസര്‍ക്കാറിനെ മുഷിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ ഇതേ അവസ്ഥയാണുണ്ടാവുക എന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ബിബിസിയുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് ഇന്ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബി ബി സി ഡോക്യുമെന്ററി രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് റെയ്ഡ്.