Articles
ബി ബി സി: വേട്ട തുടരും
മോദി സര്‍ക്കാറിന് കീഴില്‍ മാധ്യമ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ച് നടക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ബി ബി സി നേരിട്ടിരിക്കുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ നിരന്തരം ഭീഷണിപ്പെടുത്തുകയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഈ രീതി അന്തര്‍ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.
2024 ഏപ്രില്‍ പത്ത് മുതല്‍ ബി ബി സി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍)യുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും മാറുകയാണ്. ചാനലിന്റെ നടത്തിപ്പിലും വാര്‍ത്താ വിന്യാസത്തിലും ഉള്ളടക്കത്തിന്റെ സ്വഭാവത്തിലും സുപ്രധാന മാറ്റങ്ങളുണ്ടാകും. ബി ബി സിയിലുണ്ടായിരുന്ന നാല് മുന്‍ ജീവനക്കാര്‍ സ്ഥാപിച്ച ‘കളക്ടീവ് ന്യൂസ് റൂം’ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിവഴിയാകും ഇനി മുതല്‍ ബി ബി സി ഇന്ത്യയിലെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുക. ബി ബി സിക്കെതിരെ ആദായനികുതി വകുപ്പ് തുടരുന്ന നടപടികളെ തുടര്‍ന്നാണ് തീരുമാനം.
മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസന്‍സ് നല്‍കുന്നത് ബി ബി സിയെ സംബന്ധിച്ച് ആദ്യത്തെ കാര്യമാണെന്നും ബി ബി സി തങ്ങളുടെ പിന്നിലുണ്ടെന്നും മാധ്യമ പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും കളക്ടീവ് ന്യൂസ് റൂമിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രൂപ ത്സാ വ്യക്തമാക്കി. നേരത്തേ ബി ബി സി ഇന്ത്യയുടെ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്നു രൂപ ത്സാ. ഇന്ത്യയിലെ ഡിജിറ്റല്‍ മേഖലയില്‍ 26 ശതമാനം എഫ് ഡി ഐ പരിധി ഏര്‍പ്പെടുത്തിയ 2020ല്‍ അവതരിപ്പിച്ച, പുതിയ നേരിട്ടുള്ള വിദേശ നിക്ഷേപ നിയമങ്ങളാണ് ബി ബി സിയുടെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കാരണം. 200 ജീവനക്കാര്‍ അടങ്ങിയ ഇന്ത്യയിലെ ബ്യൂറോയാണ് ലണ്ടന്‍ കഴിഞ്ഞാല്‍ ബി ബി സിയുടെ ഏറ്റവും വലിയ ഓഫീസ്.
2023 ഫെബ്രുവരിയില്‍ ബി ബി സിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയും തുടര്‍ നടപടികളുമാണ് ഇന്ത്യയിലെ ന്യൂസ് റൂം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ബി ബി സിയെ നിര്‍ബന്ധിതരാക്കിയത്. ബി ബി സിയുടെ ഡല്‍ഹി ഓഫീസില്‍ 60 മണിക്കൂറും മുംബൈ ഓഫീസില്‍ 55 മണിക്കൂറുമായിരുന്നു ആദായ നികുതി വകുപ്പിന്റെ പരിശോധന. ഒരു ശതാബ്ദത്തോളമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബി ബി സിയെ സംബന്ധിച്ച് ആദ്യമായിട്ടായിരുന്നു ഇത്തരമൊരു നടപടി അഭിമുഖീകരിക്കേണ്ടി വന്നത്.
ബി ബി സിയുടെ പ്രവര്‍ത്തനത്തില്‍ നിരവധി ക്രമക്കേടുകള്‍ ഉള്ളതായി റെയ്ഡിന് ശേഷം ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ഇന്‍കം ടാക്‌സ് റൂളിലെ 133 എ പ്രകാരമായിരുന്നു പരിശോധനയെന്നും ആദായ നികുതി വകുപ്പ് പ്രതികരിച്ചിരുന്നു. പ്രവര്‍ത്തനത്തിന് അനുസരിച്ചുള്ള ലാഭമല്ല ബി ബി സിക്കുള്ളതെന്നും ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവൃത്തികളും തമ്മില്‍ യോജിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്നായിരുന്നു റിപോര്‍ട്ടുകള്‍. വരുമാനം വകമാറ്റിയതായും റിപോര്‍ട്ടിലുണ്ടായിരുന്നു. ഉപകരണങ്ങളും രേഖകളും പരിശോധിച്ചതിലൂടെയും ജീവനക്കാരുടെ മൊഴിയില്‍ നിന്നും ബി ബി സിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് നിര്‍ണായക തെളിവുകളും രേഖകളും ശേഖരിച്ചതായി ആദായ നികുതി വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഭയരഹിതവും പക്ഷപാതരഹിതവുമായി പ്രവര്‍ത്തനം തുടരുമെന്ന് റെയ്ഡിന് പിന്നാലെ ബി ബി സിയും വ്യക്തമാക്കിയിരുന്നു.
2002ല്‍ ഗുജറാത്തില്‍ നടന്ന വംശീയ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് പ്രതിപാദിക്കുന്ന ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയായിരുന്നു പ്രശ്നങ്ങളുടെയെല്ലാം തുടക്കം. 2023 ജനുവരിയിലായിരുന്നു ബി ബി സി ഡോക്യുമെന്ററി പുറത്തിറക്കിയത്. രണ്ട് ഭാഗങ്ങളുണ്ടായിരുന്ന ഈ ഡോക്യുമെന്ററിയുടെ ആദ്യഭാഗത്ത് ഗുജറാത്ത് കലാപത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. കലാപത്തിന് ഇരകളായവരുടെയും സാക്ഷികളുടെയുമെല്ലാം ദൃക്സാക്ഷി വിവരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡോക്യുമെന്ററി തയ്യാറാക്കപ്പെട്ടിരുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാതെ പോയ വിഷയങ്ങള്‍ ബി ബി സി മുന്നോട്ടുവെച്ചു. ഗുജറാത്ത് കലാപത്തിന്റെ നാള്‍വഴികളെക്കുറിച്ച് പരാമര്‍ശിക്കുന്നതിന് മുമ്പായി ആമുഖമെന്ന പോലെ, വര്‍ത്തമാനകാല ഇന്ത്യയില്‍ വേരുകളാഴ്ത്താന്‍ രാഷ്ട്രീയ ഹിന്ദുത്വ സ്വീകരിക്കുന്ന മാര്‍ഗങ്ങളായിരുന്നു ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ അടയാളപ്പെടുത്തിയിരുന്നത്. ഇന്ത്യയിലെ മുസ്ലിംകളുമായുള്ള നരേന്ദ്ര മോദിയുടെ പ്രശ്നമുഖരിതമായ ബന്ധങ്ങളെക്കുറിച്ചാണ് ഈ സീരീസ് പറയുന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ബി ബി സി ഡോക്യുമെന്ററി ആരംഭിച്ചിരുന്നത്. നരേന്ദ്ര മോദിയുടെ ആര്‍ എസ് എസ് പ്രവര്‍ത്തനത്തിന്റെ നാള്‍വഴികളും ആര്‍ എസ് എസില്‍ നിന്ന് മോദി ബി ജെ പിയിലേക്ക് നിയോഗിക്കപ്പെട്ടതും ഡോക്യുമെന്ററിയുടെ ആദ്യഭാഗം അടയാളപ്പെടുത്തിയിരുന്നു.
ഗുജറാത്ത് കലാപം നടക്കുമ്പോള്‍ നേരിട്ട് റിപോര്‍ട്ട് ചെയ്ത, പിന്നീട് മോദിയുമായി അഭിമുഖം നടത്തിയ ബി ബി സി ലേഖിക ജില്‍ മക്ഗിവറിംഗിന്റെ അനുഭവങ്ങളും ഡോക്യുമെന്ററി പങ്കുവെച്ചിരുന്നു. ഗുജറാത്ത് കലാപസമയത്ത് ബി ബി സി ഷൂട്ട് ചെയ്ത വിഷ്വലുകള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരുന്നു. കൊള്ളയും കൊള്ളിവെയ്പ്പും നടന്നപ്പോള്‍ പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നുവെന്നാണ് വിഷ്വലുകളുടെ പിന്‍ബലത്തില്‍ മക്ഗിവറിംഗ് ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നത്. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ ഗുജറാത്ത് പോലീസിലെ ഒരു ഉന്നതനോട് സംസാരിച്ചപ്പോള്‍ കിട്ടിയ മറുപടി ജില്‍ വെളിപ്പെടുത്തുന്നുണ്ട്. കലാപത്തിന് ഭരണകൂടം മൗനാനുവാദം നല്‍കിയിരുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലായിരുന്നു ജില്‍ മക്ഗിവറിംഗിന്റെ വെളിപ്പെടുത്തല്‍. ഗോധ്രയില്‍ നടന്നതിന്റെ പ്രതികരണമാണ് നടക്കുന്നതെങ്കില്‍ നടക്കട്ടെ എന്ന നിര്‍ദേശം മുകളില്‍ നിന്ന് കിട്ടിയിട്ടുണ്ട് എന്നായിരുന്നു ആ ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്നായിരുന്നു ജില്‍ മക്ഗിവറിംഗിന്റെ വെളിപ്പെടുത്തല്‍.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ നയസമീപനങ്ങളാണ് ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇഴകീറി പരിശോധിക്കുന്നത്. മോദി ഭരണകാലത്ത് മുസ്ലിംകള്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ചര്‍ച്ചയാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതി നിയമത്തിന് പിന്നിലെ അജന്‍ഡകള്‍ വ്യക്തമാക്കുന്ന ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിന്റെ റിപോര്‍ട്ടും ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തില്‍ അനാവൃതമായിരുന്നു. മോദി സര്‍ക്കാര്‍ 370ാം വകുപ്പ് റദ്ദാക്കി കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തില്‍ ചര്‍ച്ചയായിരുന്നു. ബി ബി സി ഡോക്യുമെന്ററിയുടെ പ്രദര്‍ശനം കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ നിരോധിച്ചു. രാജ്യത്തിന്റെ പരാമാധികാരത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡോക്യുമെന്ററി യൂട്യൂബിലും ട്വിറ്ററിലും പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ വെല്ലുവിളിച്ച് വിദ്യാര്‍ഥി-യുവജന സംഘടനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. ഡോക്യുമെന്ററി നിരോധനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യവും ഉണ്ടായി.
എന്തായാലും ബി ബി സി ഡോക്യുമെന്ററി പുറത്ത് വന്ന് ഏതാനും ആഴ്ചകള്‍ക്ക് ശേഷം തന്നെ ബി ബി സിക്കെതിരെ നടപടിയുമായി ആദായ നികുതി വകുപ്പ് രംഗത്ത് വന്നു. കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉണ്ടായെങ്കിലും ബി ബി സിക്കെതിരായ നീക്കത്തില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ബി ബി സിക്കെതിരെയുള്ള നീക്കങ്ങള്‍ ആദ്യം ഉണ്ടാകുന്നത് ഇന്ദിരാ ഗാന്ധിയുടെ കാലത്താണ്. 1970കളുടെ തുടക്കത്തില്‍, ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബി ബി സി സംപ്രേക്ഷണം ചെയ്ത രണ്ട് ഡോക്യുമെന്ററികള്‍ വിവാദമായിരുന്നു. കൊല്‍ക്കത്ത, ഫാന്റം ഇന്ത്യ എന്നീ രണ്ട് ഡോക്യുമെന്ററികള്‍ സംപ്രേക്ഷണം ചെയ്തതിന് ബി ബി സിയെ രാജ്യത്ത് നിന്ന് താത്കാലികമായി പുറത്താക്കി. പിന്നീട് 1975 ജൂണ്‍ 25ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥാ കാലത്തായിരുന്നു ബി ബി സിയുടെ മാധ്യമ സ്വാതന്ത്ര്യത്തിന് മുകളില്‍ മറ്റൊരു ചങ്ങല വീണത്. അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ ഇന്ദിരാ ഗാന്ധി തീരുമാനിച്ചപ്പോള്‍ ബി ബി സി അടക്കം 40ഓളം മാധ്യമങ്ങള്‍ നിബന്ധനകളില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. അന്ന് ബി ബി സിയുടെ ഡല്‍ഹി കറസ്പോണ്ടന്റായിരുന്ന മാര്‍ക് ടൂളിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഇന്ദിരാ ഗാന്ധിയെ കുഴക്കി. സെന്‍സര്‍ഷിപ്പില്‍ ഒപ്പുവെക്കാന്‍ തയ്യാറാകാതിരുന്ന മാര്‍ക്കിനോട് 24 മണിക്കൂറിനകം രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. അടിയന്തരാവസ്ഥയില്‍ ഇന്ത്യയിലെ ജനങ്ങള്‍ ബി ബി സിയെ വിശ്വസനീയമായ ഒരു വാര്‍ത്താ ഉറവിടമായി കണ്ടിരുന്നുവെന്ന് മാര്‍ക് ടൂളി പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥാ കാലത്ത് ബി ബി സിയെ സ്വാധീനിക്കാന്‍ ഇന്ദിരാ ഗാന്ധി എല്ലാവിധ നീക്കങ്ങളും നടത്തിയിരുന്നതായും പിന്നീട് വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതിനായി അന്ന് ലണ്ടനില്‍ ഹൈക്കമ്മീഷനറായിരുന്ന ബി കെ നെഹ്‌റുവിനെ ഇതിനായി ഇന്ദിരാ ഗാന്ധി ഉപയോഗിച്ചു എന്നായിരുന്നു റിപോര്‍ട്ട്.
അടിയന്തരാവസ്ഥക്ക് ശേഷം നടന്ന 1977ലെ പൊതുതിരഞ്ഞെടുപ്പിലും ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും വിശ്വസനീയ മാധ്യമം ബി ബി സിയായിരുന്നു. തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും പരാജയം ആദ്യം ലോകത്തെ അറിയിച്ചത് ബി ബി സിയായിരുന്നു. സര്‍ക്കാര്‍ മാധ്യമമായ ആകാശവാണി കോണ്‍ഗ്രസ്സിന്റെ പരാജയം പ്രഖ്യാപിക്കാന്‍ വൈകിയപ്പോഴായിരുന്നു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പരാജയപ്പെട്ടെന്ന് ബി ബി സി ഇന്ത്യന്‍ ജനതയെ അറിയിച്ചത്. 1980കളില്‍ പഞ്ചാബില്‍ ഖലിസ്ഥാന്‍ വാദം ശക്തമായിരുന്നപ്പോള്‍ ബി ബി സിയുടെ വാര്‍ത്തകളായിരുന്നു വിശ്വസനീയമായി ഇന്ത്യക്കാര്‍ ആശ്രയിച്ചിരുന്നത്. 1984 ജൂണില്‍ ബ്ലൂസ്റ്റാര്‍ ഓപറേഷന്‍ നടക്കുന്ന ഘട്ടത്തില്‍ ബി ബി സിക്കായി അത് റിപോര്‍ട്ട് ചെയ്തിരുന്നത് മാര്‍ക് ടൂളിയും സതിഷ് ജേക്കബുമായിരുന്നു. ബ്ലൂസ്റ്റാര്‍ ഓപറേഷന് മുമ്പായി സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ നിന്ന് അന്ന് ബി ബി സി റിപോര്‍ട്ട് ചെയ്ത വാര്‍ത്ത ഇന്ദിരാ ഗാന്ധിയെ പോലും അതിശയിപ്പിച്ചിരുന്നു. വാര്‍ത്ത കണ്ട് ഇന്ദിരാ ഗാന്ധി അമ്പരന്ന് പോയെന്ന് സതിഷ് ജേക്കബ് പിന്നീട് അനുസ്മരിച്ചിരുന്നു. ഇന്ത്യയിലെ ഒരു മാധ്യമങ്ങളും സുവര്‍ണ ക്ഷേത്രത്തിലെ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യാതിരുന്ന ഘട്ടത്തിലായിരുന്നു ബി ബി സി ഇടപെടല്‍.
പിന്നീട് സ്വന്തം അംഗരക്ഷകരുടെ തോക്കിന് ഇരയായി കൊല്ലപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ മരണം ആദ്യമായി ലോകത്തെ അറിയിച്ചതും ബി ബി സിയായിരുന്നു. വെടിയേറ്റ് ഡല്‍ഹിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിക്കപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ മരണ വിവരം പുറത്തുവിടാന്‍ സര്‍ക്കാര്‍ ഒരുഘട്ടത്തില്‍ തയ്യാറായിരുന്നില്ല. ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് മാര്‍ക്ക് ടൂളിയാണ് ഇന്ദിരാ ഗാന്ധിയുടെ മരണവിവരം സര്‍ക്കാര്‍ മാധ്യമങ്ങള്‍ പുറത്ത് വിടുന്നതിന് മുമ്പായി ലോകത്തെ അറിയിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഘട്ടത്തിലും നിയന്ത്രണങ്ങളെ മറികടക്കാന്‍ ബി ബി സി അവരുടെ പ്രധാനപ്പെട്ട ഹിന്ദി റേഡിയോ പരിപാടിയായ ദിന്‍ഭറിന്റെ പ്രക്ഷേപണം നീട്ടിക്കൊണ്ടുപോയിരുന്നു. വാര്‍ത്തകള്‍ അറിയാന്‍ കഴിയാതിരുന്ന കശ്മീരിലെ ജനതക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ മറികടന്ന് കശ്മീര്‍ ജനതക്ക് ‘വിവരങ്ങള്‍ അറിയാന്‍’ ബി ബി സി ആശ്രയമായിരുന്നു.
ബി ബി സിയുടെ ഈ ഗതികേട് രാജ്യത്ത് മറ്റേതൊരു മാധ്യമ സ്ഥാപനവും നേരിടാവുന്ന ഒന്നാണെന്ന് പുതിയ ഇന്ത്യയിലെ മാധ്യമങ്ങളെ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാം. ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി സധീരം സംപ്രേക്ഷണം ചെയ്തതിന്റെ വില കൂടിയാണ് ബി ബി സിയുടെ പുതിയ മാറ്റം. ഒരു രാജ്യാന്തര മാധ്യമ സ്ഥാപനമെന്ന നിലയില്‍ ബി ബി സിക്ക് ഉണ്ടായിരുന്ന സാധ്യതകളും വാര്‍ത്തകളെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും കാഴ്ചപ്പാടുമെല്ലാം അതേ നിലയില്‍ പിന്തുടരാന്‍ ‘കളക്ടീവ് ന്യൂസ് റൂമി’ന് സാധിക്കുമോയെന്ന ആശങ്ക ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. മോദി സര്‍ക്കാറിന് കീഴില്‍ മാധ്യമ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ച് നടക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് ബി ബി സി നേരിട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗപ്പെടുത്തി റെയ്ഡും നിയമപ്രശ്നങ്ങളും മറ്റു സാങ്കേതികത്വവും ഉയര്‍ത്തിക്കാട്ടി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ നിരന്തരം ഭീഷണിപ്പെടുത്തുകയും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഈ രീതി അന്തര്‍ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഓരോ വര്‍ഷവും ഇന്ത്യ താഴേക്ക് പോകുമ്പോഴും തങ്ങളുടെ സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങളെ സംരക്ഷിക്കാനുള്ള ഓട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. അന്തര്‍ദേശീയ മാധ്യമരംഗത്ത് രാജ്യം എത്രമേല്‍ നാണം കെട്ടാലും കേന്ദ്രത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്ക് വരാനിരിക്കുന്നത് ഇതായിരിക്കുമെന്ന ഭീഷണി കൂടിയാണ് ബി ബി സി വിഷയത്തിലും തെളിഞ്ഞുകാണുന്നത്.