Qatar
ബി സി സി പ്രഥമ കൊൺവെക്കേഷൻ 'വിസ്പോസിയം' ശ്രദ്ധേയമായി
കാലിക്കറ്റ് യൂനിവേഴ്സിറ്റി ചെയർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസിന്റെ മേൽനോട്ടത്തിലാണ് ബേസിക് കൗൺസിലിംഗ് കോഴ്സ് നടത്തിയത്

ദോഹ | കാലിക്കറ്റ് യൂനിവേഴ്സിറ്റി ചെയർ ഫോർ ഇസ്‌ലാമിക് സ്റ്റഡീസിന്റെ മേൽനോട്ടത്തിൽ ഖത്വർ രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി) വിസ്ഡം സമിതി പ്രവാസി യുവാക്കൾക്കായി നടത്തിയ ബേസിക് കൗൺസിലിംഗ് കോഴ്സിന്റെ (ബി സി സി) പ്രഥമ കൊൺവെക്കേഷൻ ‘വിസ്പോസിയം’ ശ്രദ്ധേയമായി.
എം ആർ എ ഹാളിൽ നടന്ന പരിപാടി കേരള സ്റ്റേറ്റ് എസ് എസ് എഫ് സെക്രട്ടറി സ്വാബിർ സഖാഫി ഉദ്ഘാടനം ചെയ്തു. വ്യക്തിഗതമായും കുടുംബ- സാമൂഹിക ജീവിതത്തിലും അഭിമുഖീകരിക്കാനിടയുള്ള സങ്കീർണ സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ച് പഠിതാക്കൾക്ക് കൂടുതൽ അവബോധം സൃഷ്ടിക്കുന്ന കോഴ്സ് പ്രവാസി യുവാക്കളുടെ മാനസിക ആരോഗ്യത്തിന് മാറ്റു കൂട്ടുമെന്നും പ്രവാസി യുവാക്കളെ തുടർ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നൽകുന്ന ആർ എസ് സിയുടെ ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴ്സ് വിജയകരമായി പൂർത്തീകരിച്ചവരെ അഭിസംബോധന ചെയ്ത് ഐ സി എഫ് ജനറൽ സെക്രട്ടറി ഡോ. ബഷീർ പുത്തൂപ്പാടം ബിരുദദാന പ്രഭാഷണം നടത്തി. പ്രാക്ടിക്കൽ സൈക്കോളജി ട്രെയിനിംഗിന് ഡോ. സലീൽ ഹസൻ നേതൃത്വം നൽകി. പ്രശസ്ത കരിയർ ഗൈഡ് ശമീർ ഉമർ ആശംസാ പ്രസംഗവും നടത്തി.
തുടർന്ന് പഠിതാക്കൾക്കുള്ള യൂനിവേഴ്സിറ്റി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വിതരണം ചെയ്തു. ചടങ്ങിന് ആർ എസ് സി നാഷനൽ ചെയർമാൻ ശകീർ ബുഖാരി ആധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ സഖാഫി തെയ്യാല, ശഫീഖ് കണ്ണപുരം, ഉബൈദ് വയനാട്, നംശാദ് പനമ്പാട് തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുർറഹ്മാൻ എരോൽ സ്വാഗതവും ഹാരിസ് പുലശ്ശേരി നന്ദിയും പറഞ്ഞു.