Ongoing News
ക്രിക്കറ്റിൽ ലിംഗ സമത്വവുമായി ബി സി സി ഐ; ഇനി വനിതാ താരങ്ങൾക്കും പുരുഷ താരത്തിന്റെ അതേ മാച്ച് ഫീ
ക്രിക്കറ്റിൽ വിവേചനം ഇല്ലാതാക്കാനാുള്ള ആദ്യപടിയാണ് നടപടിയെന്ന് ബിസിസിഐ സെക്രട്ടറി ജയയ് ഷാ
മുംബൈ | ക്രിക്കറ്റിൽ വനിതകൾക്കും പുരുഷന്മാരുടെതിന് തുല്യമായ മാച്ച് ഫീ നൽകുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി സി സി ഐ). ബിസിസിഐ സെക്രട്ടറി ജയയ് ഷായാണ് ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. ക്രിക്കറ്റിൽ വിവേചനം ഇല്ലാതാക്കാനാുള്ള ആദ്യപടിയാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
ബിസിസിഐയുടെ കേന്ദ്ര കരാർ പട്ടികയിൽ ഉൾപ്പെട്ട വനിതാ ക്രിക്കറ്റ് താരങ്ങൾക്കും പുരുഷ ടീമിലെ കളിക്കാർക്ക് ലഭിക്കുന്ന അതേ ഫീസ് ലഭിക്കും. പുരുഷ താരങ്ങൾക്ക് നൽകുന്ന അതേ മാച്ച് ഫീ കരാറിലേർപ്പെട്ട സീനിയർ വനിതാ താരങ്ങൾക്കും നൽകുമെന്ന് ജയ് ഷാ വ്യക്തമാക്കി. ക്രിക്കറ്റിൽ ലിംഗസമത്വത്തിന്റെ പുതിയ യുഗത്തിലേക്കാണ് നാം നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കേന്ദ്ര കരാറിൽ ഉൾപ്പെട്ടിട്ടുള്ള വനിതാ താരങ്ങൾക്ക് ഒരു ടെസ്റ്റ് മത്സരത്തിന് 4 ലക്ഷം രൂപയും ഏകദിനത്തിനും ട്വന്റി20യ്‌ക്കും ഒരു ലക്ഷം രൂപ വീതവുമാണ് മാച്ച് ഫീ നൽകുന്നത്. എന്നാൽ പുരുഷ താരങ്ങൾക്ക് ടെസ്റ്റ് മത്സരങ്ങൾക്ക് 15 ലക്ഷം, ഏകദിനത്തിന് ആറ് ലക്ഷം, ട്വന്റി ട്വന്റിക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് മാച്ച് ഫീ. ഇനി പുരുഷ താരങ്ങൾക്ക് നൽകുന്ന അതേ ഫീ തന്നെ വനിതാ താരങ്ങൾക്കും ലഭിക്കും.
വനിതാ ഐപിഎൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാച്ച് ഫീ കൂടി ഉയർത്തിയുള്ള പ്രഖ്യാപനം ബി സി സി ഐ നടത്തിയത്.