Connect with us

Vazhivilakk

നല്ല ശ്രോതാവാകാം

സന്ദർഭം നോക്കി സംസാരിക്കുകയെന്നതാണ് സംഭാഷണത്തിന്റെ അടിസ്ഥാന തത്വം. ആശയ വിനിമയ രംഗത്തെ അപര്യാപ്തതകൾ പരിഹരിക്കുന്നതിന് ആശയ വിനിമയ അപഗ്രഥനം (Transactional Analysis) എന്ന ആധുനിക മനഃശാസ്ത്ര തത്വം കോർപറേറ്റ് സ്ഥാപനങ്ങളും പ്രൊഫഷനൽ കോളജുകളും ചില സർക്കാർ സംരംഭങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിലൂടെ പഠനത്തിലും ജോലിയിലും ബിസിനസ് സംരംഭങ്ങളിലും ജീവിതത്തിൽ തന്നെയും ഉന്നതവിജയം കൈവരിക്കാൻ സാധിക്കുമെന്ന് ഈ മനഃശാസ്ത്ര ശാഖ സിദ്ധാന്തിക്കുന്നു.

Published

|

Last Updated

വ്യക്തി ജീവിതത്തിലുണ്ടാകേണ്ട ഗുണങ്ങളിലൊന്നാണ് മറ്റുള്ളവരുടെ സംസാരം നിശബ്ദമായി ശ്രദ്ധിച്ചു കേള്‍ക്കുക എന്നത്. അത് ബന്ധങ്ങളെ ഊഷ്മളമാക്കുകയും സുദൃഢമാക്കുകയും ചെയ്യുന്നു. വാചാലമായി സംസാരിക്കുന്നതിനേക്കാളും സമർഥമായി വിഷയങ്ങളവതരിപ്പിക്കുന്നതിനേക്കാളും ഫലപ്രദം ക്ഷമയോടെയുള്ള കേൾവിയാണ്. അപരന്റെ സംസാരത്തിനിടയില്‍ കയറി സംസാരിക്കുക, അവരിലേക്ക് ശ്രദ്ധ കൊടുക്കാതെ സംസാര സമയത്ത് മൊബൈലിലും മറ്റു ഉപകരണങ്ങളിലും വ്യാപൃതനാകുക, ഇടക്കിടെ സമയം നോക്കുക, അലക്ഷ്യമായി ചുറ്റുഭാഗങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക തുടങ്ങിയ കാര്യങ്ങളിലേർപ്പെടുന്നത് നല്ല ശീലമല്ല. അത്തരക്കാർക്ക് അധികകാലം ജനകീയനാകാനോ ബന്ധങ്ങളെ കാത്തുസൂക്ഷിക്കാനോ സാധിക്കില്ല.

വ്യക്തികൾ തമ്മിലുണ്ടാകുന്ന പ്രശ്നങ്ങളുടെയും ഇണകൾക്കിടയിലുണ്ടാകുന്ന കലഹങ്ങളുടെയും മുഖ്യ കാരണങ്ങളിലൊന്ന് ആശയവിനിമയത്തിലെ അപര്യാപ്തതയാണ്. മറ്റുള്ളവർ പറയുന്നത് ശരിയാം വിധം കേൾക്കാൻ സാധിച്ചാൽ മിക്ക പ്രശ്നങ്ങൾക്കും പരിഹാരമാകും. അത് അവരെ അംഗീകരിക്കുന്നതിന്റെ ഭാഗമാണ്.
വാക്കുകൾക്കിടയിൽ വിടവുകൾ നൽകിയായിരുന്നു തിരുനബി(സ)യുടെ സംസാരം (തിർമിദി). അത് അനുവാചകർക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചിരുന്നു. സന്ദേശങ്ങൾ കൈമാറുമ്പോഴും പ്രഭാഷണങ്ങൾ നടത്തുമ്പോഴും സദസ്യർക്ക് മടുപ്പ് വരുന്നതിനെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അവിടുത്തെ അടുക്കൽ വരുന്നവരുടെ വിഷയങ്ങൾ സാകൂതം കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യാറുണ്ടായിരുന്നു. ജനങ്ങളിൽ ഏറ്റവും ദുഷ്ടരായ ആളുകളോടു പോലും സംസാരിക്കുമ്പോൾ അവരെ ഇണക്കിയെടുക്കാൻ വേണ്ടി അവർക്കഭിമുഖമായി ഇരിക്കുമായിരുന്നു. അനസ് ബ്നു മാലിക്(റ) പറയുന്നു: നബി(സ) ഒരാളെ കണ്ടുമുട്ടിയാൽ അയാളോട് സംസാരിക്കും. അയാൾ പിരിഞ്ഞ് പോയതിന് ശേഷമേ നബി (സ) മുഖം തിരിച്ചിരുന്നുള്ളൂ. സലാം പറഞ്ഞ് ഹസ്തദാനം നടത്തുമ്പോൾ മറ്റെയാൾ കൈവിടുന്നത് വരെ നബി (സ) കൈവിടാറില്ലായിരുന്നു. ഒരു സദസ്സിലിരിക്കുമ്പോൾ മുന്നിലേക്ക് കയറിയിരിക്കാതെ ഒരേ നിരയിൽ ഒരുമിച്ചായിരുന്നു ഇരുന്നിരുന്നത്. (ഇബ്നു മാജ). അവിടുത്തോട് സഹവസിക്കുന്നവർക്കെല്ലാം അനുഭവപ്പെട്ടത് താനാണ് തിരുനബി(സ)ക്ക് ഏറ്റവും പ്രിയപ്പെട്ടവനെന്നാണ്.
സംസാരിക്കുന്നയാൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകണം. മറ്റൊരാൾക്ക് നൽകുന്ന ഏറ്റവും വലിയ അനുമോദനമാണ് അയാൾ പറയുന്നത് താൽപര്യപൂർവ്വം കേൾക്കുക എന്നത്. പ്രതിഭാശാലിയായ ചാൾസ് ഡബ്ല്യു എലിയറ്റ് വിജയകരമായ ഒരു ബിസ്നസ് കൂടിക്കാഴ്ചയെ വിവരിച്ചത് ഇങ്ങനെ: “വിജയകരമായ ബസിനസ് കൂടിക്കാഴ്ചയിൽ ഒരു നിഗൂഢതയുമില്ല. നിങ്ങളോട് സംസാരിക്കുന്ന വ്യക്തിയെ സാകൂതം ശ്രദ്ധിക്കുക എന്നതാണ് ഏറെ പ്രധാനം. ഇത്രയേറെ പുകഴ്ത്തുന്ന മറ്റൊന്നില്ല.’

സന്ദർഭം നോക്കി സംസാരിക്കുകയെന്നതാണ് സംഭാഷണത്തിന്റെ അടിസ്ഥാന തത്വം. ആശയ വിനിമയ രംഗത്തെ അപര്യാപ്തതകൾ പരിഹരിക്കുന്നതിന് ആശയ വിനിമയ അപഗ്രഥനം (Transactional Analysis) എന്ന ആധുനിക മനഃശാസ്ത്ര തത്വം കോർപറേറ്റ് സ്ഥാപനങ്ങളും പ്രൊഫഷനൽ കോളജുകളും ചില സർക്കാർ സംരംഭങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിലൂടെ പഠനത്തിലും ജോലിയിലും ബിസിനസ് സംരംഭങ്ങളിലും ജീവിതത്തിൽ തന്നെയും ഉന്നതവിജയം കൈവരിക്കാൻ സാധിക്കുമെന്ന് ഈ മനഃശാസ്ത്ര ശാഖ സിദ്ധാന്തിക്കുന്നു.

---- facebook comment plugin here -----

Latest