Articles
ഹൃദയം തൊടുന്ന അധ്യാപകനാകാം
വിദ്യാര്‍ഥികള്‍ ബഹുമാനം നല്‍കിയില്ലെങ്കിലും, അപവാദം പറഞ്ഞാലുമൊക്കെ മക്കളെപ്പോലെ അവരെ തിരികെ സ്നേഹിക്കാന്‍ മാത്രമറിയാവുന്ന അധ്യാപകരാണ് എന്നും കുട്ടികളുടെ മനസ്സില്‍ കുടിയേറാറുള്ളത്.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വൈസ് പ്രസിഡന്റും രണ്ടാമത്തെ പ്രസിഡന്റും അധ്യാപകനും ആയിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ച് ആണ് ഇന്ത്യയില്‍ അധ്യാപക ദിനമായി ആചരിക്കുന്നത്. ഈ അധ്യാപക ദിനത്തില്‍ മലയാളിയുടെ മനസ്സിലേക്ക് ഓടിവരുന്നത്, ഉരുള്‍പൊട്ടലിനു ശേഷം തകര്‍ന്നടിഞ്ഞ വെള്ളാര്‍മലയിലെ തന്റെ സ്‌കൂളിലേക്ക് വരികയും തലകറങ്ങി വീഴുകയും ചെയ്ത ഉണ്ണികൃഷ്ണന്‍ മാഷിന്റെ ദയനീയമായ മുഖമാണ്. ‘ഞാന്‍ മക്കളോട് പറയും, നിങ്ങള്‍ ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത കുട്ടികളാണെന്ന്. ഇങ്ങനെ ഈ സുന്ദരമായ സ്ഥലത്ത് അതിനേക്കാള്‍ സുന്ദരമായ ഒരു പുഴയുടെ തീരത്തിരുന്ന് പഠിക്കാന്‍ അവസരം കിട്ടുന്ന നിങ്ങള്‍ ഏറ്റവും ഭാഗ്യം ചെയ്തവരാണെന്ന്’. ജീവന്‍ നഷ്ടപ്പെട്ട ഓരോ കുട്ടിയുടെയും ഓര്‍മകള്‍ വിളിച്ചുപറഞ്ഞുകൊണ്ട് അദ്ദേഹം തളര്‍ന്നുവീണു. ആ അധ്യാപകന്‍ വേദനയില്‍ നീറി ഇക്കഴിഞ്ഞ ദിവസം വീണ്ടും താത്കാലിക സ്‌കൂളിന്റെ പടികള്‍ കയറി.
ഏറ്റവും പ്രസക്തമായ ഒരു ചോദ്യം എത്ര അധ്യാപകര്‍ക്കാണ് കുട്ടികളോട് ഇത്തരമൊരു സ്വന്തമെന്ന വികാരം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത് എന്നതാണ്. അധ്യാപകവൃത്തിയെ വേറിട്ട് നിര്‍ത്തുന്നത് ഇത്തരം ഉണ്ണികൃഷ്ണന്‍ മാഷുമാരാണ്.
അധ്യാപക-വിദ്യാര്‍ഥി ബന്ധം എല്ലാകാലത്തും ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറുള്ള വിഷയമാണ്. കാലക്രമേണ ആ ബന്ധത്തില്‍ ഉണ്ടായിട്ടുള്ള വിള്ളലുകളും മൂല്യച്യുതികളും ഒക്കെ നാം വിലയിരുത്തിയിട്ടുമുണ്ട്. ഇനി വരുന്ന കാലത്തിന് ഈ ബന്ധം ഏത് തരത്തിലാണ് നാം കരുതി വെക്കേണ്ടത് എന്നതുകൂടി ഇവിടെ പ്രസക്തമാകുന്നുമുണ്ട്.
അധ്യാപകരുടെ ജോലിഭാരം വല്ലാതെ കൂടിയിരിക്കുന്നു. ക്ലാസ്സ് മുറിയിലെ പഠനത്തിനപ്പുറം കുട്ടികളുടെ സമൂലമായ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ ഉതകുന്ന വിവിധതരം പരിപാടികളാണ് സ്‌കൂളുകളില്‍ അധ്യാപകരുടെ ഉത്തരവാദിത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ തന്നെ ഏതാണ്ട് മുപ്പത്തിനടുത്ത് ക്ലബുകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരര്‍ഥത്തില്‍ പുസ്തകത്തിലെ പാഠങ്ങള്‍ പഠിപ്പിക്കാനുള്ള സമയം പോലും അധ്യാപകര്‍ക്ക് ലഭിക്കാറില്ല. അത് പഠിപ്പിച്ചു തീര്‍ക്കാതെയിരുന്നാല്‍ രക്ഷാകര്‍ത്താക്കളുടെ പരാതി പിറകേവരും. കുട്ടികള്‍ക്ക് മാര്‍ക്ക് കുറഞ്ഞാലും മറ്റു പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കം പോയാലും പഴി മറ്റാര്‍ക്കുമല്ല; അധ്യാപകര്‍ക്കുതന്നെ.
ഇത്തരത്തില്‍ കുട്ടികളുടെ ഭാവിയുടെ താക്കോല്‍ അധ്യാപകരുടെ കൈകളിലാണെന്ന് ഒരുവശത്ത് വാദഗതികള്‍ ഉള്ളപ്പോഴും കുട്ടികളെ ഒന്ന് ശാസിക്കാന്‍ പോലും അവകാശമോ അനുവാദമോ അധ്യാപകര്‍ക്കില്ല എന്നതാണ് വിരോധാഭാസം. കുട്ടികളുടെ തെറ്റ് കാണുമ്പോള്‍ അത് ശാസിച്ചു തിരുത്താനോ മറ്റോ ശ്രമിച്ചാല്‍ അതോടെ ഒരുപക്ഷേ ആ അധ്യാപകന്റെ കരിയര്‍ പോലും അവതാളത്തിലാകുന്ന സ്ഥിതിയാണുള്ളത്. സ്‌കൂളുകളില്‍ മറ്റു കുട്ടികളുമായി ഇടപഴകുമ്പോഴാണ് അവര്‍ സാമൂഹികമായ ജീവിതരീതികളും സാമൂഹിക നിയമങ്ങളുമൊക്കെ പഠിക്കുന്നത്. അവിടെവെച്ചു തന്നെയാണ് ജീവിതത്തിലെ ശരിയും തെറ്റും വേര്‍തിരിച്ചു കാണാനും തിരുത്താനും ജീവിതത്തെക്കുറിച്ചുള്ള വീക്ഷണം ഉണ്ടാക്കാനും പഠിക്കുന്നത്. എന്നാല്‍ സ്‌കൂളുകളില്‍ അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കേണ്ട അധ്യാപകര്‍ക്ക് ആ സ്വാതന്ത്ര്യം ഏതാണ്ട് പൂര്‍ണമായും നിഷേധിക്കപ്പെടുകയാണ്. കുട്ടികളെ തല്ലി പഠിപ്പിച്ചാലേ അവര്‍ നന്നാവൂ എന്നല്ല പറഞ്ഞുവെക്കുന്നത്. അധ്യാപകര്‍ക്ക് അവരുടെ അറിവും അനുഭവങ്ങളും ഒക്കെ കുട്ടികളുടെ ജീവിതത്തില്‍ വെളിച്ചമായി മാറ്റണമെങ്കില്‍ കൂച്ചുവിലങ്ങിട്ടതുപോലെ അധ്യാപകരെ നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. ഒരു നിയന്ത്രണവുമില്ലാതെ നമ്മുടെ കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരുടെ തെറ്റുകളെങ്കിലും ചൂണ്ടികാണിക്കാന്‍ ഒരു അധ്യാപകന്‍ ഉണ്ടാകേണ്ടതുണ്ട്. അധ്യാപകരുടെ അര്‍പ്പണമനോഭാവത്തെ തകര്‍ത്തുകളയുന്ന കുട്ടികളുടെയും രക്ഷാകര്‍ത്താക്കളുടെയും മനോഭാവം മൂലം നഷ്ടം ആ കുട്ടിക്കു തന്നെ ആണെന്ന് എന്നാണ് കുട്ടിയും രക്ഷാകര്‍ത്താവും മനസ്സിലാക്കുക?
കാലത്തിന്റെ മാറ്റത്തിനനുസരിച്ച് അധ്യാപകരുടെ മനോഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുട്ടികളുടെ തോളത്തു കൈയിടുന്ന, അവര്‍ക്കൊപ്പം എന്തിനും ഏതിനും കൂടെനില്‍ക്കുന്ന, ഒരു സുഹൃത്തിനെപ്പോലെ എന്തിനും ഒപ്പമുണ്ടാകുന്ന അധ്യാപകരാണ് ഇന്നത്തെ കുട്ടികളുടെ താരങ്ങള്‍. അത്തരം അധ്യാപകര്‍ക്ക് സ്‌കൂളുകളില്‍ ആരാധകര്‍ ഏറെയാണ്. അധ്യാപകര്‍ ആയാല്‍ പാടണം, ആടണം, കുട്ടികള്‍ക്കൊപ്പം റീലുകള്‍ ചെയ്യണം അങ്ങനെയല്ലാത്ത അധ്യാപകരാകട്ടെ ഔട്ട്ഡേറ്റഡ് ആണ്. അറിവുകള്‍ക്ക് ഇന്ന് പ്രസക്തിയില്ല. കാരണം സര്‍വ അറിവുകളും പേറിയ വിക്കിപീഡിയയും ഇന്റര്‍നെറ്റും അവരുടെ കൈവിരലുകള്‍ക്കു മുന്നില്‍ ഉള്ളപ്പോള്‍ അധ്യാപകരുടെ അറിവുകളെ അവര്‍ ആശ്രയിക്കുന്നതെന്തിന്? അധ്യാപനം നടത്താനോ അറിവുകള്‍ പകര്‍ന്നുതരാനോ അല്ല ഇന്ന് സ്‌കൂളുകളില്‍ അവര്‍ തൊഴിലെടുക്കുന്നതെന്ന് പോലും തോന്നിപ്പോകുന്ന അവസരങ്ങള്‍ ഏറെയാണ്. സ്‌കൂളുകളുടെ നിലനില്‍പ്പിനായി നിലകൊള്ളുന്ന കുറച്ചാളുകള്‍ എന്ന നിലയില്‍ അധ്യാപകരെ ഇകഴ്ത്തുന്ന സംസ്‌കാരമാണ് ഇന്ന് കുട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതും.
എന്നാല്‍ ഇതൊക്കെയാണോ അധ്യാപകര്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്? ഒരിക്കലുമല്ല. അറിവുകള്‍ എങ്ങനെയും നേടുക എന്നതിനുപകരം അതിന്റെ അന്തസ്സത്തയോടെ അത് നേടുക എന്നതാണ് കാര്യം. ഓരോ അധ്യാപകനും ക്ലാസ്സ് റൂമില്‍ പഠിപ്പിക്കുന്നത് പുസ്തകങ്ങളിലെ പാഠങ്ങള്‍ക്കൊപ്പം അവരുടെ ജീവിതം കൂടെ ചേര്‍ത്തുവെച്ചാണ്. അവരുടെ വിലയേറിയ അനുഭവങ്ങള്‍ കൂട്ടിക്കുഴച്ചാണ് അവര്‍ കുട്ടികളുമായി സംവദിക്കുന്നത്. ഒരു ഇന്റര്‍നെറ്റുമായി ചേര്‍ത്തുകൊണ്ടും അത് അളക്കാന്‍ സാധിക്കുകയില്ല. അധ്യാപകര്‍ക്ക് പകരം വെക്കാന്‍ അധ്യാപകര്‍ തന്നെ വേണം.
ഈ അധ്യാപക ദിനത്തിലും ചെറിയൊരു ഓര്‍മപ്പെടുത്തലായി കുട്ടികള്‍ക്ക് നല്‍കാനുള്ളത് അധ്യാപകരെ ബഹുമാനിക്കാന്‍ പഠിക്കുകയെന്ന തന്ത്രപ്രധാനമായ കാര്യമാണ്. അധ്യാപകരില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഒരിക്കലും സൗഹൃദമല്ല പ്രതീക്ഷിക്കേണ്ടത്. മുമ്പ് സൂചിപ്പിച്ചതു പോലെ അവരുടെ വിലയേറിയ അനുഭവങ്ങളും അറിവുകളും അഭ്യര്‍ഥിക്കുകയാണ് ചെയ്യേണ്ടത്. ഒരിറ്റ് ബഹുമാനം മാത്രം തിരികെ നല്‍കിയാല്‍ മതിയാകും. അധ്യാപകരുടെ മനഃശാസ്ത്രമനുസരിച്ച് അവര്‍ക്ക് ബഹുമാനം നല്‍കുന്നവര്‍ക്ക് അവര്‍ അറിവ് വാരിക്കോരി കൊടുക്കുകയും ചെയ്യും.
തിരിച്ച് അധ്യാപകര്‍ ആയാലും കുട്ടികളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത് സ്നേഹവും ബഹുമാനവും തന്നെയാണ്. എന്നാല്‍ ഈ കാലത്ത് നിര്‍ഭാഗ്യവശാല്‍ നമുക്കത് ഉറപ്പാക്കാനാകില്ല. എന്നുകരുതി നമ്മുടെ കുട്ടികളെ പൂര്‍ണമായും അവഗണിക്കാനാകില്ല. അവരെ പറഞ്ഞുതിരുത്തി നേര്‍വഴിക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്വം അധ്യാപകനുണ്ട്. എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായാലും ഓരോ അധ്യാപകനും ആ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുതന്നെ തിരികെ കുട്ടികളെ സ്നേഹിക്കാനും മനസ്സിലാക്കാനും ശ്രമിക്കണം. ഇന്ന് പഠനത്തേക്കാള്‍ ഉപരി അധ്യാപകരുടെ ഭാഗത്ത് നിന്ന് കുട്ടികള്‍ പ്രതീക്ഷിക്കുന്നത് അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുള്ള ഒരു വിശ്വസ്തനെ കൂടെയാണ്. അതും ഒരു നല്ല അധ്യാപകന് കഴിയണം. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനൊപ്പം കാലത്തിനനുസരിച്ചു മാറിയ വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്‍നുകാള്ള ചെപ്പടി വിദ്യയാണ് അധ്യാപകര്‍ കൈവശം വെക്കേണ്ടത്.
കാലമെത്രയായാലും, ഒരല്‍പ്പം പ്രഭ മങ്ങിയാലും അധ്യാപകര്‍ എന്നും അധ്യാപകര്‍ തന്നെയാണ്. വിദ്യാര്‍ഥികള്‍ ബഹുമാനം നല്‍കിയില്ലെങ്കിലും, അപവാദം പറഞ്ഞാലുമൊക്കെ മക്കളെപ്പോലെ അവരെ തിരികെ സ്നേഹിക്കാന്‍ മാത്രമറിയാവുന്ന അധ്യാപകരാണ് എന്നും കുട്ടികളുടെ മനസ്സില്‍ കുടിയേറാറുള്ളത്. അവര്‍ നാളെ വലിയ ഒരു നിലയിലെത്തുമ്പോള്‍ ആ വഴികളിലേക്ക് നയിച്ച അധ്യാപകനെയെങ്കിലും ഓര്‍ത്തിരിക്കുന്നില്ലെങ്കില്‍ അവനെ പഠിപ്പിച്ച ഒരു അധ്യാപകനും ആ തൊഴിലിനു യോജിച്ചവര്‍ അല്ലെന്നര്‍ഥം. അതിന് എല്ലാ അധ്യാപകര്‍ക്കും കഴിയട്ടെ എന്ന് മാത്രമാണ് ഈ അധ്യാപക ദിനത്തില്‍ ആശംസിക്കാനുള്ളത്.
(ലേഖകന്‍ കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസ്സിസ്റ്റന്റ് പ്രൊഫസര്‍ ആണ്)