Health
പേടിക്കണം ലൂപസിനെ!
ഇന്ന് ലോക ലൂപസ് ദിനം
വേലി തന്നെ വിളവ് തിന്നുക എന്ന അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ നമ്മുടെ ആരോഗ്യ കാര്യത്തിലും അങ്ങനെ ഒരു അവസ്ഥയുണ്ട്. നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് വരുന്ന തകരാറുമൂലം നമുക്ക് വരുന്ന അസുഖത്തിന്റെ പേരാണ് ലൂപസ്. സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂണ്‍ അസുഖത്തിന്റെ ചുരുക്കപSLE അഥവാ ‘ലൂപസ്.
ലോക ലൂപസ് ദിനമായ ഇന്ന് ലൂപസിനെതിരെ പൊരുതുന്ന ആളുകൾക്ക് ആയാണ് ഈ ദിനം സമർപ്പിക്കുന്നത്. ലൂപസിനെ കുറിച്ചും ലൂപസിന്റെ ലക്ഷങ്ങളെ കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം ആളുകളെ ബോധവൽക്കരിക്കാൻ കൂടിയാണ് ഈ ദിനം ആചരിക്കുന്നത്. ലോക ലൂപസ് ദിനത്തിൽ ലൂപസ് എന്താണെന്നും അത് നമുക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്താണെന്നും അറിഞ്ഞിരിക്കാം.
ശരീരത്തിൽ പ്രവേശിക്കുന്ന ബാക്ടീരിയ വൈറസ് തുടങ്ങിയ അണുക്കളെ ചെറുക്കാൻ സുസജ്ജമായ രോഗപ്രതിരോധ സംവിധാനം നമുക്കെതിരെ തിരിഞ്ഞ് നമ്മുടെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുകയാണ് ലൂപസിൽ നടക്കുന്നത്. കുഞ്ഞു കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ ആരെയും ബാധിക്കാവുന്ന രോഗമാണ് എങ്കിലും 15 മുതൽ 45 വരെ വയസ്സുള്ള സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. സ്ത്രീ പുരുഷ അനുപാതം 9:1 എന്ന അളവിലാണ്.
ചർമ്മം, വൃക്കകൾ, രക്തകോശങ്ങൾ, തലച്ചോറ്, ഹൃദയം, ശ്വാസകോശം എന്നിവയെ ഈ അസുഖം ബാധിക്കും. സന്ധി വേദന, തലവേദന, തിണർപ്പ്, പനി, ക്ഷീണം , വായ്‌പ്പുണ്ണ്, ആശയക്കുഴപ്പം, വീർത്ത ഗ്രന്ഥികൾ, രക്തം കട്ടപിടിക്കൽ തുടങ്ങിയ നിരവധി ലക്ഷണങ്ങൾ ഈ രോഗത്തിനുണ്ട്. ഈ അവസ്ഥ എല്ലുകളെ ദുർബലപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസിന് കാരണമാവുകയും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
ജനിതക ഘടകങ്ങൾ, ഹോർമോണുകൾ, പാരിസ്ഥിതിക ഘടകങ്ങൾ, പുകവലി അല്ലെങ്കിൽ സമ്മർദ്ദം എന്നിവയും ഈ രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. ലൂപസ് ഒരു അപൂര്‍വ്വ രോഗമായി പണ്ട് കണക്കാക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം ഏകദേശം 40,000 ആളുകളെ വരെ നമ്മുടെ കൊച്ചു കേരളത്തില്‍ ബാധിച്ചിട്ടുണ്ട്.