Connect with us

ആത്മായനം

സത്യം പറയുമ്പോഴും ശ്രദ്ധിക്കേണ്ടത്

"നിങ്ങൾ സത്യത്തെ അനിവാര്യമാക്കുക. സത്യം നന്മയിലേക്കും നന്മ സ്വർഗത്തിലേക്കും വഴി തെളിക്കും. ഏതു നേരവും സത്യത്തെ കൂടെ കരുതിയവരെ കുറിച്ച് ദൈവസമക്ഷം സത്യവാൻ എന്ന് രേഖപ്പെടുത്തും. നിങ്ങൾ കളവിനെ വിപാടനം ചെയ്യണം, കളവ് കലുഷതയിലേക്കും കലുഷത നരകത്തിലേക്കും വഴിയൊരുക്കും. ഏതു നേരവും കളവിനെ കൂടെ കരുതിയവരെ ദൈവ സമക്ഷം നുണയൻ എന്ന് രേഖപ്പെടുത്തും' (ബുഖാരി) എന്ന തിരുവചനം സത്യത്തിന്റെ അനിവാര്യതയെയും അത് നിർവഹിക്കുന്ന ദൗത്യത്തെയും വ്യക്തമാക്കുന്നുണ്ട്.

Published

|

Last Updated

“ഗുരോ അങ്ങയുടെ ആത്മീയ ഗോപുരത്തിന്റെ അടിക്കല്ലെന്താണ്?’
ശൈഖ് മുഹമ്മദുബിനുൽ ഖാഇദുൽ അവാനി തന്റെ ആത്മീയ ഗുരുവായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)യോട് ആരാഞ്ഞു. “സത്യമാണതിന്റെ അടിക്കല്ല്. ഞാനൊരിക്കലും കളവ് പറഞ്ഞിട്ടില്ല. വിദ്യാർഥി കാലത്ത് പോലും അസത്യം പറഞ്ഞ അനുഭവമില്ല ‘ എന്നായിരുന്നു അവിടുത്തെ മറുപടി.(ഖലാഇദുൽ ജവാഹിർ 8)

പൂർവസ്വൂരികളൊക്കെ അവരുടെ ആത്മ നിർഭരമായ ജീവിതം പടുത്തത് സത്യത്തിനുമേലായിരുന്നു. സത്യത്തെ യാതൊരു സങ്കോചവുമില്ലാതെ പറഞ്ഞ് കവർച്ചാ സംഘത്തിന് വെളിച്ചക്കോല് നീട്ടിയ ചരിത്രം ശൈഖ് ജീലാനിയുടേതായി നമ്മുടെയേവരുടേയും അകത്തുണ്ട്. “കളവ് പറയല്ല എന്നുമ്മ ചൊന്നാരെകള്ളന്റെ കയ്യില് പൊന്ന് കൊടുത്തോവർ’ എന്ന മുഹ്്യിദ്ധീൻ മാലയിലെ വരികൾ ആ സംഭവത്തെയാണ് അടയാളപ്പെടുത്തുന്നത്. അവിടുത്തെ ജൈത്രയാത്രയുടെ ഊർജം സത്യസന്ധതയായിരുന്നു.

വിശ്വാസിയെ തിരിച്ചറിയാനുള്ള അടയാളം അവൻ സത്യമേ പറയൂ എന്നതാണ്.അബൂഹുറൈറ(റ) രേഖപ്പെടുത്തുന്നുണ്ട്: നബി(സ) പറഞ്ഞു “ഒരു മനുഷ്യന്റെ ഹൃദയത്തിൽ വിശ്വാസവും വിശ്വാസരാഹിത്യവും ഒന്നിക്കുകയില്ല, സത്യസന്ധതയും കളവും ഒന്നിക്കുകയില്ല, വിശ്വസ്തതയും വഞ്ചനയും ഒന്നിക്കുകയില്ല. (അഹ്മദ്) എന്ന്. സത്യവാന്മാരോടൊപ്പമാവാനാണ് വിശ്വാസി സമൂഹത്തോടുള്ള ദൈവികാഹ്വാനവും (സൂറ: ബഖറ 116)

“നിങ്ങൾ സത്യത്തെ അനിവാര്യമാക്കുക. സത്യം നന്മയിലേക്കും നന്മ സ്വർഗത്തിലേക്കും വഴി തെളിക്കും. ഏതു നേരവും സത്യത്തെ കൂടെ കരുതിയവരെ കുറിച്ച് ദൈവസമക്ഷം സത്യവാൻ എന്ന് രേഖപ്പെടുത്തും. നിങ്ങൾ കളവിനെ വിപാടനം ചെയ്യണം, കളവ് കലുഷതയിലേക്കും കലുഷത നരകത്തിലേക്കും വഴിയൊരുക്കും. ഏതു നേരവും കളവിനെ കൂടെ കരുതിയവരെ ദൈവ സമക്ഷം നുണയൻ എന്ന് രേഖപ്പെടുത്തും’ (ബുഖാരി) എന്ന തിരുവചനം സത്യത്തിന്റെ അനിവാര്യതയെയും അത് നിർവഹിക്കുന്ന ദൗത്യത്തെയും വ്യക്തമാക്കുന്നുണ്ട്.

ആലോചനകളിലും വാക്കിലും പ്രവൃത്തിയിലും നാമാരും സത്യത്തെ കൈയൊഴിയരുത്. ബിസിനസ്സ് കൊഴുപ്പിക്കാനും അതിന് പ്രചാരം ലഭിക്കാനും ആളുകൾക്കു മുമ്പിൽ സ്ഥാനം ലഭിക്കാനും സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാനും സമൂഹത്തിനിടയിൽ ഛിദ്രത രൂപപ്പെടുത്താനും ആളുകളെ ചിരിപ്പിക്കാനും കളവു പറഞ്ഞുണ്ടാക്കുന്നവരുണ്ട്. ഒരുവേള കാര്യം നേടിയെന്നിരിക്കാം. പക്ഷേ, അയാളെ കാത്തിരിക്കുന്നത് പടുകുഴിയാണ്.

ചിലർ കളവ് പറയേണ്ടി വരുന്നത് ഗതികേടുകൊണ്ടാണ്. പ്രതിസന്ധികളിലകപ്പെടുമോ എന്ന ഭയമാണ് അവരെ കളവ് പറയാൻ പ്രേരിപ്പിക്കുന്നത്. കയ്പ്പാണെങ്കിലും സത്യമേ പറയാവൂ എന്നതാണ് തിരുനബി(സ)യുടെ നിർദേശം. ഏതു വേളയിലും സത്യത്തെ ഒഴിവാക്കാവതല്ല. സത്യം പറഞ്ഞുനേടുന്ന കാര്യങ്ങൾ കരുത്തുള്ളതും കളവ് പറഞ്ഞ് നേടുന്നത് ബലഹീനവുമായിരിക്കും. ഇഹലോകത്തെ ചില്ലറ കാര്യത്തിനു വേണ്ടി പരലോകത്തെ ബൃഹത്തായ നന്മകൾ വേണ്ടെന്നു വെക്കുന്നതും ആ പേരിൽ ദുരിതമേൽക്കേണ്ടി വരുന്നതും എത്ര വലിയ ഗതികേടാണ്?!

ഇവിടെ നമ്മൾ അറിയേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. വസ്തുതയാണെന്നു കരുതി എല്ലാം പറയേണ്ടതാണെന്നു കരുതരുത്. കേട്ടതെല്ലാം തെളിവില്ലാതെ പറയുന്ന ശീലത്തെ കളവിന്റെ കൂട്ടത്തിലാണ് തിരുനബി(സ) എണ്ണിയത്. കാരണം, കേട്ടതെന്തും സത്യമാകണമെന്നില്ലല്ലോ. ഇമാം ഗസാലി(റ) അവിടുത്തെ ഇഹ്യാ ഉലൂമുദ്ദീനിൽ നാലു തരം സംസാരങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്. ദോഷകരമായ പ്രതിഫലനമുണ്ടാക്കുന്നത്, ദോഷത്തേയും ഗുണത്തേയും ഉത്പാദിപ്പിക്കുന്നത്, ദോഷമായോ ഗുണമായോ ഫലം ചെയ്യാത്തത്, പ്രയോജനമുള്ളത് എന്നിങ്ങനെയാണവ. ഈ കൂട്ടത്തിൽ ആദ്യത്തെ മൂന്നും വിശ്വാസിക്ക് ചേർന്നതല്ല; പാടില്ലാത്തതാണ്. കാരണം, ദോഷങ്ങളിലേക്ക് വഴിയൊരുക്കുന്നതും സമയം വിഫലമാക്കുന്നതുമായ പ്രവൃത്തിയാണ് അവയൊക്കെയും.

സത്യമാണെങ്കിലും പ്രയോജനമുള്ളതു മാത്രമെ പറയാൻ പറ്റൂ എന്ന് ചുരുക്കം. “ഒരാൾ അല്ലാഹുവിനെയും അന്ത്യനാളിനേയും വിശ്വസിക്കുന്നുവെങ്കിൽ അവൻ അവന്റെ അതിഥികളെ ആദരിക്കട്ടെ, ഒരുവൻ അല്ലാഹുവിനെയും അന്ത്യനാളിനേയും വിശ്വസിക്കുന്നുവെങ്കിൽ അവൻ നന്മ മാത്രം പറയട്ടെ അല്ലെങ്കിൽ മൗനമവലംബിക്കട്ടെ ‘ എന്ന ഹദീസിനെ വിശദീകരിച്ച് ഇബ്‌നു ഹജറുൽ ഹൈതമി (റ) എഴുതുന്നു “ശാഫിഈ ഇമാം പറഞ്ഞു: ഏതൊരു സംസാരത്തിനും മുന്നേ ഒരു പുനരാലോചന ഉണ്ടാവണം, ഇത് നന്മയെ വരുത്തൂ എന്നുറപ്പുണ്ടെങ്കിൽ പറയാവുന്നതാണ്. ദോഷം വരുത്താൻ ഇടയുണ്ടെങ്കിൽ ആ സംസാരമരുത്’ (ഫത്ഹുൽ മുബീൻ )
അർബഊന ന്നവവിയുടെ വിശദീകരണത്തിൽ ഇമാം ഇബ്‌നു ദഖീഖുൽ ഈദിയും സമാന വിശദീകരണം നൽകിയിട്ടുണ്ട്.

പ്രയോജനമുണ്ടെന്ന് കരുതി ഇല്ലാത്ത ചരിത്രങ്ങളും ഹദീസുകളും പടച്ചുണ്ടാക്കുന്നതും അപകടം തന്നെ. എന്റെ പേരിൽ കാര്യങ്ങൾ പടച്ചുണ്ടാക്കുന്നവർ നരകത്തിലൊരിടം ഉറപ്പിക്കട്ടെ എന്ന തിരുനബി(സ)യുടെ സന്ദേശം അതാണ് ഓർമപ്പെടുത്തിയത്. കഥാപ്രസംഗങ്ങളിലും ചരിത്രാഖ്യായികകളിലും ഇത്തരം അപകടങ്ങൾ സർവവ്യാപകമായി സംഭവിക്കുന്നുമുണ്ട്. ഇത്തരം അവതരണങ്ങളിൽ വളരെ ജാഗ്രതയുണ്ടാവണം. കളവു പറഞ്ഞ് ആരെയും സന്മാർഗത്തിലേക്ക് കൊണ്ടുവരാൻ നമ്മൾ കൽപ്പിക്കപ്പെട്ടിട്ടില്ലല്ലോ. ആധികാരിക ഗ്രന്ഥങ്ങളിൽ നിന്നോ ഗുരുക്കന്മാരിൽ നിന്നോ മനസ്സിലാക്കി വാക്കുകളെല്ലാം സൂക്ഷിച്ചു വേണം അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. അല്ലാഹുവിന്റെ അസ്തിത്വവും അമ്പിയാക്കന്മാരുടെ പാപസുരക്ഷിതത്വവും ന്യൂനതയില്ലാത്ത ജീവിതവും മഹാന്മാരുടെ വിശുദ്ധിയും മതനിയമങ്ങളിലുള്ള കണിശതയും തുടങ്ങി എല്ലാ കാര്യത്തെയും ഗൗരവത്തിൽ പരിഗണിച്ചേ പറ്റൂ.

തിരുനബി(സ)യുടെ പൊന്നുമോൻ ഇബ്‌റാഹിം വഫാത്തായ ദിനം സൂര്യന് ഗ്രഹണം ബാധിച്ചിരുന്നു. ഇബ്‌റാഹിമിന്റെ മരണമാണ് ഗ്രഹണത്തിനു കാരണം എന്നു പറഞ്ഞവരെ തിരുത്തി സൂര്യനും ചന്ദ്രനും ആരുടെയെങ്കിലും മരണം കാരണമോ ജനന കാരണമോ ഗ്രഹണം ബാധിക്കില്ലെന്നും അങ്ങനെ ഗ്രഹണം കണ്ടാൽ നിസ്‌കരിച്ച് പ്രാർഥിക്കണമെന്നും ഓർമപ്പെടുത്തുകയായിരുന്നു തിരുനബി(സ).

സത്യമാണെന്ന് കരുതി ശ്രോതാവിന് ഉൾക്കൊള്ളാൻ പ്രയാസമുള്ളതും പ്രാമാണികമല്ലാത്തതും വ്യക്തമായ ധാരണയില്ലാത്തതും പറയാൻ പാടില്ല. ശ്രോതാവിന്റെ ബൗദ്ധികശേഷിയെ പരിഗണിച്ചാണ് ആശയ വിനിമയം നടത്തേണ്ടത്. അല്ലാത്ത സംസാരങ്ങൾ വിപരീതഫലമാണുണ്ടാക്കുക. “നിങ്ങളുടെ സമ്പത്തുകൾ വിഡ്ഢികളെ ഏൽപ്പിക്കരുത്’ എന്ന വേദവാക്യത്തിന്റെ ഉൾസാരവുമതാണ്. മനുഷ്യർ അവർക്ക് അജ്ഞമായതിന്റെ ശത്രുവാണെന്നത് ഏറെ കുറേ ശരിയായിരിക്കേ അത്തരമൊരു ശ്രദ്ധ ആവശ്യവുമാണ്.

വസ്തുതയെന്നാലും പൊതുജനങ്ങളുടെ ഹൃദയത്തിലൊതുങ്ങാത്തതു പറയൽ വലിയ ദുരന്തമാണെന്ന ഇമാം ഇബ്‌നുൽ ജൗസിയുടെ സന്ദേശവും വിപരീത ഫലങ്ങളുണ്ടാക്കുന്ന ചരിത്രങ്ങളെ ഉദ്ധരിക്കുന്നതിൽ ശ്രദ്ധ വേണമെന്ന ഇമാം സുയൂഥിയുടെ നിർദേശവും നാം പാലിക്കേണ്ടതു തന്നെയാണ്. ഈ അപകടങ്ങളെ വിശദമായി പഠനവിധേയമാക്കിയ ഗ്രന്ഥങ്ങളാണ് സുയൂഥി ഇമാമിന്റെ (റ) തഹ്‌സീറുൽഹവാസ് മിൻ അകാദീബിൽ ഖിസ്വാസ്, ഇബ്‌നുൽ ജൗസിയുടെ സൈവദുൽ ഹാഥിർ, ഇമാം ശഅറാനി (റ) യുടെ തൻബീഹുൽ മുഅ്തരീൻ, അൽ അജ്്വിബതുൽ മർളിയ്യ അൻ അഇമ്മതിൽ ഫുഖഹാഇ വ സ്വൂഫിയ്യതി എന്നിവ.

സത്യം പറയുന്നതിൽ തന്നെ അതിജാഗ്രത ആവശ്യമെങ്കിൽ കളവിന്റെ സ്ഥിതിയെന്താണ്?! വിശ്വാസികൾക്ക് ഒട്ടും ഭൂഷണമല്ലാത്ത ശീലമാണത്. ഇമാം ഗസാലി(റ)യുടെ നിർദേശം ഇവിടെ വായിക്കേണ്ടതു തന്നെയാണ് : കളവ് പറയൽ വൻദോഷങ്ങളുടെ മാതാവാണ്, പറഞ്ഞത് വാസ്തവവിരുദ്ധമാണെന്ന് മറ്റുള്ളവരറിഞ്ഞാൽ നിന്റെ നൈതികതയും നിന്നിലുള്ള വിശ്വാസവും നഷ്ടപ്പെടും, സംശയത്തോടെ മാത്രമേ മറ്റുള്ളവർ നിന്നെ നിരീക്ഷിക്കൂ, അവരാൽ നീ അവഹേളിക്കപ്പെടും. കളവിന്റെ ദൂഷ്യം നിനക്ക് ബോധ്യപ്പെടണമെങ്കിൽ മറ്റൊരാൾ പറയുന്ന കളവും അതുമൂലം അയാളോട് നിനക്കുണ്ടാകുന്ന വെറുപ്പിനേയും നിരീക്ഷിച്ചാൽ മതി. അയാൾ പറയുന്ന എന്തിനോടും നിനക്ക് അവജ്ഞയും ദേഷ്യവുമായിരിക്കും ഉണ്ടാവുക ( ബിദായതുൽ ഹിദായ ).

പറയുന്ന ഒരു വാക്കിലും കളവിന്റെ അംശം വരാതിരിക്കാൻ മുൻഗാമികളായ മഹാന്മാർ അതീവ സൂക്ഷ്മത പുലർത്തിയിരുന്നു. റബീഉബ്‌നു ഖൈസം(റ)ന്റെ വീട്ടിൽ ഒരിക്കൽ അദ്ദേഹത്തിന്റെ സഹോദരി വന്നു. റബീഇന്റെ കുട്ടിയെ വാത്സല്യപൂർവം “എന്റെ പൊന്നു മോനേ’ എന്ന് വിളിച്ചു. ഉടനെ മഹാൻ പ്രതികരിച്ചു: “നിനക്ക് സഹോദര പുത്രാ എന്ന് വിളിച്ച് സത്യം പറഞ്ഞു കൂടായിരുന്നോ പെങ്ങളേ…?’

ഔനുബ്‌നു അബ്ദില്ല(റ) പറയുന്നു: കുട്ടിയായിരുന്നപ്പോൾ പിതാവ് എനിക്ക് നല്ല ഭംഗിയുള്ള വസ്ത്രം വാങ്ങി നൽകി. അത് ധരിച്ചുകണ്ട കൂട്ടുകാർ ചോദിച്ചു: ഇതു നമ്മുടെ അമീർ തന്നതാണോ? അങ്ങനെ തോന്നിക്കാൻ വേണ്ടി ഞാൻ രാജാവിനു വേണ്ടി ദുആ ചെയ്തു. ഇതറിഞ്ഞ പിതാവ് എന്നെ ഉപദേശിച്ചു: “നീ കളവ് പറയരുത്. കളവ് പോലുള്ളതും പറയരുത്.’
കൂട്ടരേ, രണ്ട് പ്രതിജ്ഞയെടുത്ത് ഇന്നത്തെ ആത്മായന വായന അവസാനിപ്പിക്കാം. നെഞ്ചത്ത് കൈ വെക്കൂ…പറഞ്ഞോളൂ…

  1. കൈപ്പെങ്കിലും ഞാൻ സത്യം മാത്രമേ പറയൂ.
  2.  ഞാൻ എന്തു പറയുമ്പോഴും അതിന്റെ പരിണിത ഫലത്തേ കൂടി മൂന്ന് തവണ ആലോചിക്കും.

Latest