Poem
റോഡ് മുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..!!
നിന്റെ ചോര വീണാൽ പിന്നെയാ,വഴിയോരങ്ങളിൽ നിന്നൊരു പുതിയ ഭ്രാന്തൻ ജനിച്ചുണരും,
പ്രിയനേ,
റോഡ് മുറിച്ചു കടക്കുമ്പോൾ,
തീർച്ചയായും,
നിയമങ്ങൾ പാലിക്കപ്പെടണ്ടതുണ്ട്..!
സീബ്രാ ലൈനിലൂടെയാവണം
ഇരുപുറവും ശ്രദ്ധിക്കണം
തലയ്ക്കു ചുറ്റും കണ്ണുണ്ടായാൽ നന്ന്
അമിത വേഗത്തിലോ,
തീരെ പതുക്കെയോ ആവരുത്
നന്നായി ശ്രദ്ധിച്ചവർ പോലും
പാതി വഴിയിൽ,
സ്വയം ബലി കൊടുത്ത പാതകളാണിത്
അളന്നു മുറിച്ചു,
റോഡ് കുറുകെ കടന്നവരുടെ,
ചോര കൊണ്ടു മെഴുകിയ
കെട്ട കാലത്തിന്റെ തെരുവാണിത്
എത്രയോ,
രക്തസാക്ഷികൾ ജീവൻ കൊടുത്തിട്ടും
മരണശകടങ്ങൾ
ഒട്ടും കുറയാത്ത വേഗത്തിലോടുന്ന
മത്സരവീഥിയാണിത്.
*” ഒരു പുരുഷായുസ്സിന്റെ
ശരാശരിയിൽ,
ഒന്നര കൊല്ലം,
നമ്മൾ ചിന്തിക്കുന്നത്,
റോഡ് എങ്ങനെ മുറിച്ചു കടക്കാമെന്നതത്രെ!’
എന്നിട്ടും..!
പ്രിയനേ,
നീ റോഡ്ന്ന് കുറുകെ നടക്കുമ്പോൾ
കൂടുതൽ, ശ്രദ്ധിക്കണം.
നിന്റെ ചോര വീണാൽ പിന്നെയാ,
വഴിയോരങ്ങളിൽ നിന്നൊരു
പുതിയ ഭ്രാന്തൻ ജനിച്ചുണരും,
നിന്റെ
മൃതദേഹം ചുമക്കുന്നവരോട് പോലും
അവനാ
നിയമാവലികൾ
ഉച്ചത്തിൽ ചൊല്ലിയോർമിപ്പിക്കും
വാഹനങ്ങൾ
ചീറിപ്പായുന്ന തെരുവിൽ
അവന്റെ
ജല്പനങ്ങൾ വനരോദനമാവും
ഇക്കാലത്തെ ജനങ്ങൾ
അവനെയോർത്തു സഹതപിക്കും
വരും തലമുറയ്ക്ക്
അവനൊരു നേരമ്പോക്കാവും.
പ്രാണപ്രിയനേ,
റോഡ് മുറിച്ചു കടക്കാൻ
നീ ഭയപ്പെടുന്ന
ഒരിടത്തും,
ഒരു നേരത്തും
നീ അതിന് മുതിരരുത്,
കാത്തിരിക്കുക,
രണ്ടു പേർ
തീരെയില്ലാതാവുന്നതിലും നല്ലത്,
ഒരു നല്ല നേരത്തിനായുള്ള കാത്തിരിപ്പല്ലേ..!
(കൽപ്പറ്റ നാരായണൻ മാഷിന്റെ നിരീക്ഷണം)