Techno
ഇന്റര്‍നാഷണല്‍ കോളുകളെ കരുതിയിരിക്കുക; ട്രായ്
+91ന് പകരം, +8, +85, +65 തുടങ്ങിയ നമ്പറുകളില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് വിളിച്ച് സര്‍ക്കാര്‍ അധികാരികളായി ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പുകാര്‍ ഇപ്പോള്‍ പണമുണ്ടാക്കുന്നത്.
പരിചിതമല്ലാത്ത അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ക്കെതിരെജാഗ്രത പാലിക്കണമെന്ന് ട്രായ് മുന്നറിയിപ്പ്.കൂടാതെ അപകടങ്ങളില്‍ ചെന്നു ചാടാതിരിക്കാനായി സ്വന്തം ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനും ഇത്തരം കോളുകള്‍ തിരിച്ചറിയുന്നതിനുമായി അത്തരം കോളുകള്‍ ടാഗ് ചെയ്യാന്‍ മൊബൈല്‍ സേവന ദാതാക്കളോട് ആവശ്യപ്പെട്ടതായി ചൊവ്വാഴ്ച ട്രായ് നടത്തിയ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരം കോളുകള്‍ തിരിച്ചറിഞ്ഞ് നടപടിയെടുക്കാനായി ഒക്ടോബര്‍ 22-ന് ‘ഇന്റര്‍നാഷണല്‍ ഇന്‍കമിംഗ് സ്പൂഫ്ഡ് കാള്‍സ് പ്രിവന്‍ഷന്‍ സിസ്റ്റം’ ആരംഭിച്ചിരുന്നു. ഇത് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ വന്ന ഇന്ത്യന്‍ ഫോണ്‍ നമ്പറുകളുള്ള ഇന്റര്‍നാഷണല്‍ കോളുകളില്‍ ഏകദേശം 1.35 കോടി കോളുകള്‍ കബളിപ്പിക്കല്‍ കോളുകളാണെന്ന് ടെലികോം ഡിപ്പാര്‍ട്‌മെന്റ് കണ്ടെത്തി ആ നമ്പറുകള്‍ ബ്ലോക്ക് ചെയ്തു. കണക്കനുസരിച്ച് ഇന്‍കമിംഗ് കോളുകളുടെ 90 ശതമാനവും ഇത്തരം വഞ്ചന കോളുകളാണെന്നാണ് ട്രായുടെ കണ്ടെത്തല്‍. അതിനുശേഷം ഇത്തരം തട്ടിപ്പുകാര്‍ പുതിയ രീതികള്‍ അവലംബിക്കുന്നുവെന്ന് ട്രായ് മുന്നറിയിപ്പ് നല്‍കുന്നു.
+91-ല്‍ ആരംഭിക്കുന്നതല്ലാത്ത നമ്പറുകളില്‍ നിന്ന് ഇന്ത്യയിലെ സര്‍ക്കാര്‍ അധികാരികളില്‍ നിന്നാണെന്ന് അവകാശപ്പെട്ടുകൊണ്ട് വരുന്ന കോളുകളില്‍ വീണുപോകരുതെന്നും പരിചിതമല്ലാത്ത അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ക്ക് മറുപടി നല്‍കുന്നതില്‍ ജാഗ്രത കാണിക്കണമെന്നും സര്‍ക്കാര്‍ പൗരന്മാരെ ഉപദേശിക്കുന്നു. ഇത്തരം തട്ടിപ്പ് ആശയവിനിമയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശമുണ്ട് . +91ന് പകരം, +8, +85, +65 തുടങ്ങിയ നമ്പറുകളില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര നമ്പറുകളില്‍ നിന്ന് വിളിച്ച് സര്‍ക്കാര്‍ അധികാരികളായി ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പുകാര്‍ ഇപ്പോള്‍ പണമുണ്ടാക്കുന്നത്.
ഇത്തരം വ്യാജ കോളുകളുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ടെലികോം വകുപ്പ് ഒരു സമര്‍പ്പിത ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കിയിട്ടുണ്ട്, കൂടാതെ രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന ഏത് കോളുകള്‍ക്കും വരിക്കാരുടെ സുരക്ഷക്കായി ടെലികോം ഓപ്പറേറ്റര്‍മാര്‍ ‘ഇന്റര്‍നാഷണല്‍ കോള്‍’ എന്ന ടാഗ് പ്രദര്‍ശിപ്പിക്കണമെന്നതാണ് ടാസ്‌ക് ഫോഴ്സിന്റെ ശുപാര്‍ശകളിലൊന്ന്. അത്തരം കോളുകള്‍ ഇന്ത്യന്‍ അധികാരികളില്‍ നിന്നോ ട്രായ്, പോലീസ്, ആദായനികുതി തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നോ വരാനുള്ള സാദ്ധ്യതയില്ലെന്ന് ഉപയോക്താക്കളെ മനസ്സിലാക്കാന്‍ ഈ നിര്‍ദ്ദേശം സഹായിക്കുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടികള്‍. എയര്‍ടെല്‍ പോലുള്ള ഓപ്പറേറ്റര്‍മാര്‍ ഇത് നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.