Connect with us

National

വാട്‌സാപ്പിനെ കരുതിയിരുന്നോളൂ; മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഓണ്‍ലൈന്‍ തട്ടിപ്പിന് കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന സാമൂഹ്യമാധ്യമം വാട്‌സാപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി | ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്നവര്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന സമൂഹമാധ്യമം വാട്‌സാപ്പ് ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2024ലെ ആദ്യ മൂന്ന് മാസം വാട്‌സാപ്പ് വഴി തട്ടിപ്പ് നേരിട്ടതുമായി ബന്ധപ്പെട്ട് 43,797 പരാതികളാണ് ലഭിച്ചത്.

സൈബര്‍ ക്രിമിനലുകള്‍ ഗൂഗ്ള്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ടാര്‍ഗറ്റ് ചെയ്ത പരസ്യങ്ങള്‍ സൃഷ്ടിച്ച് ഇരകളുടെ വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഗൂഗ്ള്‍ പരസ്യം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തട്ടിപ്പില്‍ കൂടുതലായും തൊഴില്‍ രഹിതരായ യുവാക്കളും വീട്ടമ്മമാരും വിദ്യാര്‍ഥികളുമാണ് കുടുങ്ങുന്നത്.

ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയും വ്യാപകമായി തട്ടിപ്പ് നടക്കുന്നുണ്ട്. ഇതേകാലയളവില്‍ ടെലഗ്രാമിനെതിരെ 22,680 പരാതികളും ഇന്‍സ്റ്റഗ്രാമിനെതിരെ 19,800 പരാതികളും ലഭിച്ചെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ‘പുഗ് ബുച്ചറിങ് സ്‌കാം’ അല്ലെങ്കില്‍ ‘ഇന്‍വെസ്റ്റ്‌മെന്റ് സ്‌കാം’ എന്നറിയപ്പെടുന്ന ലോക വ്യാപകമായി ഓണ്‍ലൈന്‍ ജോലിയുടെ പേരില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപോര്‍ട്ടില്‍ പറയുന്നു.

സംഘടിത സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി സ്‌പോണ്‍സേഡ് ഫേസ്ബുക്ക് ആഡും കുറ്റവാളികള്‍ ഉപയോഗിച്ചുവരുന്നുണ്ട്. നിയമവിരുദ്ധ ആപ്പുകള്‍ ആളുകളിലേക്ക് എത്തിക്കാന്‍ ലിങ്ക് ഷെയര്‍ ചെയ്യുന്നതാണ് പ്രധാന രീതി. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിലെ ഡാറ്റ മുഴുവനായും ചോരും. സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാനായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി) ഗൂഗ്‌ളും ഫേസ്ബുക്കുമായി ചേര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.