Connect with us

Editors Pick

മസിഷ്കാഘാതത്തെ അതിജീവിക്കാനായി കരുതിയിരിക്കുക...

എല്ലാ വർഷവും ഒക്ടോബർ 29 ന് ലോക മസിതിഷ്കാഘാതദിനം ആചരിക്കുന്നത് സ്ട്രോക്കിൻ്റെ ഗുരുതരമായ സ്വഭാവവും ഉയർന്നു കൊണ്ടിരിക്കുന്ന നിരക്കും ലോകത്തെ ബോദ്ധ്യപ്പെടുത്താനാണ്.

Published

|

Last Updated

ലോകമെമ്പാടും ഏറ്റവും കൂടുതല്‍ മനുഷ്യരുടെ മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ ഘടകമാണ് മസ്തിഷ്കാഘാതം. കൂടുതല്‍ ആളുകളില്‍ വൈകല്യമുണ്ടാവുന്നതിന്‍റെ പ്രധാന കാരണങ്ങളില്‍ മൂന്നാമത്തേതും ഇതുതന്നെ. ഓരോ വർഷവും ഏകദേശം 18 ലക്ഷം പേർക്ക് മസ്തിഷ്കാഘാതം അനുഭവിക്കേണ്ടിവരുന്നു. അടുത്ത കാലത്തായി ഇന്ത്യയടക്കമുള്ള താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ സ്‌ട്രോക്ക് കേസുകള്‍ 100 ശതമാനത്തിലധികം വർധിച്ചപ്പോൾ വികസിത രാജ്യങ്ങളുടെ കണക്കില്‍ 42 ശതമാനത്തിൻ്റെ കുറവുണ്ടായതായി കാണാം.

ഇന്ത്യയില്‍ മസ്തിഷ്കാഘാതത്തിന് വിധേയരാകുന്നവരുടെ ശരാശരികണക്ക് ഒരു ലക്ഷം ആളുകള്‍ക്ക് 145 പേര്‍ എന്നതാണ്.ആരോഗ്യരംഗത്തെ ഗവേഷകരുടെ കണക്കനുസരിച്ച് ഓരോ മിനിറ്റിലും മൂന്ന് ഇന്ത്യക്കാർക്ക് പക്ഷാഘാതം വരുന്നുണ്ട്. പ്രായമായവരെയാണ് മസ്തിഷ്‌കാഘാതം കൂടുതലായി ബാധിക്കുന്നതെങ്കിലും ഏത് പ്രായത്തിലും ആർക്കും ഇത് സംഭവിക്കാം എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.അപകടസാധ്യത ഘടകങ്ങൾ മനസ്സിലാക്കുന്നതും രോഗലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയുന്നതും ബ്രെയിൻ സ്ട്രോക്ക് തടയാൻ സഹായിച്ചേക്കാം. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും ഒരുമിച്ച് സ്വീകരിക്കുന്നത് പൂർണ്ണമായ വീണ്ടെടുക്കലിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

എല്ലാ വർഷവും ഒക്ടോബർ 29 ന് ലോക മസിതിഷ്കാഘാതദിനം ആചരിക്കുന്നത് സ്ട്രോക്കിൻ്റെ ഗുരുതരമായ സ്വഭാവവും ഉയർന്നു കൊണ്ടിരിക്കുന്ന നിരക്കും ലോകത്തെ ബോദ്ധ്യപ്പെടുത്താനാണ്. പക്ഷാഘാതം തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അവബോധം വളർത്തുന്നതിനും ഈ ദിനം പ്രാധാന്യം നല്‍കുന്നു.

2004 ഒക്ടോബർ 29-ന് കാനഡയിലെ വാൻകൂവറിൽ നടന്ന വേൾഡ് സ്ട്രോക്ക് കോൺഗ്രസിലാണ് ലോക മസ്തിഷ്കാഘാത ദിനം ആചരിക്കാനുള്ള തീരുമാനമായത്. പിന്നീട് 2006-ൽ പൊതുജന ബോധവത്കരണത്തിനായി ഈ ദിനം പ്രഖ്യാപിക്കുകയും ചെയ്തു. 2006-ൽ, വേൾഡ് സ്ട്രോക്ക് ഫെഡറേഷൻ്റെയും ഇൻ്റർനാഷണൽ സ്ട്രോക്ക് സൊസൈറ്റിയും തമ്മില്‍ ലയിച്ച് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ എന്ന സംഘടന രൂപപ്പെട്ടു. അതിനുശേഷം, വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷൻ (ഡബ്ല്യുഎസ്ഒ) വിവിധ പ്ലാറ്റ്‌ഫോമുകളിൽ ലോക സ്‌ട്രോക്ക് ദിനത്തിൻ്റെ നടത്തിപ്പും പ്രചരണങ്ങളും സന്ദേശങ്ങളും‌ ഏകോപിപ്പിക്കുന്നുണ്ട്. 2010-ൽ, വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷൻ മസിതിഷ്കാഘാതത്തെ ഒരു പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു.

അവബോധത്തിൻ്റെ അഭാവവും രോഗനിർണയത്തിനും ചികിത്സയ്ക്കും എല്ലാവർക്കും ശരിയായ ചികിത്സ കിട്ടാത്തതും‌ കാരണം അധികരിച്ചുവരുന്ന മരണനിരക്കും വൈകല്യവും തടയാൻ ലക്ഷ്യമിട്ടായിരുന്നു ഈ പ്രഖ്യാപനം. 2016-ൽ, 11 കോടി 60 ലക്ഷം മനുഷ്യര്‍ സ്ട്രോക്ക് മൂലമുള്ള അകാല മരണത്തിനും വൈകല്യത്തിനും ഇരയായതായി കണക്കാക്കപ്പെടുന്നു.

2024 ലെ ലോക സ്ട്രോക്ക് ദിന തീം ഗ്രേറ്റര്‍ ദെന്‍ സ്ട്രോക്ക് എന്നാണ്. മസ്തിഷ്കാഘാതത്തേക്കാള്‍ പ്രധാനമായി അത് വരാതിരിക്കാനുള്ള മുന്‍കരുതലുകളെ ഇതോര്‍മ്മിപ്പിക്കുന്നു‌ . സ്‌ട്രോക്ക് തടയുന്നതിനും , ആളുകളില്‍ അവബോധം വളര്‍ത്തുന്നതിനും പുനരധിവാസത്തിനുമുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്‌പോർട്‌സിൻ്റെ കായിക വിനോദങ്ങളെ പ്രയോജനപ്പെടുത്തുകയാണ് ഈ വര്‍ഷത്തെ പക്ഷാഘാത ദിനത്തിന്‍റെ ലക്ഷ്യം.

ഈ വർഷത്തെ കാമ്പെയ്‌നിൽ ഇഷ്‌ടാനുസൃതം കായികവിനോദങ്ങളില്‍ ഏറ്റപ്പെടാനുള്ള സന്ദേശമാണ് നല്‍കുന്നത്. ഒക്‌ടോബറിലുടനീളം ദൈനംദിന വ്യായാമത്തിൽ ഏർപ്പെടാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. എയ്‌റോബിക്‌സ് മുതൽ സുംബ വരെ നിങ്ങൾക്ക് അനുയോജ്യമായ ഏത് പ്രവർത്തനവും തിരഞ്ഞെടുക്കാനും നിങ്ങളുടെ പുരോഗതി നിരീക്ഷിക്കാനും ആഹ്വാനം ചെയ്യുന്നു.

ഒപ്പം‌ പുകവലിയും മദ്യപാനവും‌ ഒഴിവാക്കുക പതിവ് ശാരീരിക പ്രവർത്തനങ്ങൾ നിരീക്ഷിക്കുക. സോഡിയം, മാംസം, മധുരപലഹാരങ്ങൾ എന്നിവ പരിമിതപ്പെടുത്തി ഭക്ഷണക്രമത്തില്‍ മാറ്റങ്ങൾ വരുത്തുക.

പതിവ് ആരോഗ്യ പരിശോധനകൾ മുടക്കാതിരിക്കുക. രക്തസമ്മര്‍ദ്ദം കൂടുമ്പോഴും മറ്റു ആഘാത ലക്ഷണങ്ങള്‍ കാണുമ്പോഴും‌ പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കുക. തുടങ്ങിയ‌ മുന്‍കരുതലുകള്‍ പ്രധാനമാണ്.

Latest