Articles
നന്മ വറ്റിയ കാലത്ത് കരുത്തുറ്റ ബദലുകളാകുക

“പക്ഷിക്കുഞ്ഞ് തളർന്നിട്ടും അമ്മ പറക്കുമല്ലോ, നിഴൽ വീണാലും സൂര്യൻ തളരില്ലല്ലോ. കരുണ ചിതറുമ്പോൾ മരിച്ച മനസ്സുകൾ, വെളിച്ചമേകും പൂത്തുലഞ്ഞ വസന്തങ്ങൾ ‘ പ്രകൃതിയിൽ നിന്ന് മനുഷ്യന് പാഠങ്ങളേറെയാണ്. ദുരന്ത വാർത്തകൾ കേട്ടും, വായിച്ചും വരൾച്ച ബാധിച്ച മനസ്സിന് എന്തുണ്ട് പരിഹാരം? പ്രതീക്ഷയുടെ തുരുത്തുകൾ അസ്തമിച്ചിട്ടില്ല എന്ന് ഉറക്കെ വിളിച്ചു പറയൽ തന്നെ..
ദുരന്തകഥകൾ ബ്രേക്കിംഗ് ചെയ്യാനുള്ള മീഡിയാ മത്സരകാലത്ത് ജീവിക്കുന്നത് തന്നെ കുറ്റമായി ചിന്തിക്കുന്നതിന് പകരം നന്മ സ്ഥാപിക്കാൻ എന്ത് ചെയ്യാനാകും എന്ന് നെഞ്ചൂക്കോടെ ആഗ്രഹിക്കൽ തന്നെ വലിയ സേവനമാണ്.
ചരിത്രത്തിന്റെ ഉൾവഴികളിൽ ഇതിനേക്കാൾ മാലിന്യം നിറഞ്ഞ രക്തച്ചാലുകൾ പുഴയിലേക്കൊഴുകി പുഴയുടെ നിറം മാറിയ, ഗ്രന്ഥങ്ങൾ കൂട്ടമായി കത്തിച്ച് നദിയിലേക്കൊഴുകി നദി കറുത്തൊഴുകിയ ഏടുകൾ ഉണ്ടായിരുന്നല്ലോ. അതിനെയെല്ലാം അതിജയിച്ചവരാണ് നമ്മൾ എന്ന മൂല്യബോധമാണ് നമുക്ക് പ്രതീക്ഷ നൽകേണ്ടത്. നമ്മൾ നമ്മളാകുക എന്നത് തന്നെയാണ് പരിഹാരം, നമ്മൾ മറ്റാരോ ഇട്ടു തരുന്ന എച്ചിലുകളാകുന്ന സംസ്കാരത്തിലേക്ക് ചേക്കാറാതിരിക്കാൻ ജാഗ്രതപ്പെടുക.
ഇസ്‌ലാമിനെ മറികടക്കാൻ യൂറോ – അമേരിക്ക ഉത്പാദിപ്പിച്ച പ്രത്യയശാസ്ത്രങ്ങളെല്ലാം തവിടുപൊടിയാകുന്ന കാഴ്ചക്കാണ് നമ്മൾ സാക്ഷിയാകുന്നത്. കമ്മ്യൂണിസവും, ലിബറലിസവും അവരുടെ ആശയങ്ങൾക്ക് സ്വന്തം വീട്ടിലെ അടുക്കളയിൽ പോലും സാധ്യത മങ്ങിയെന്നത് അറിയാതെ അവർ തന്നെ വിളിച്ചു പറയുന്ന കാലം ഇവിടെയാണ് വിശ്വാസികൾക്ക് ബദലുകളാകാൻ സാധിക്കുക. പ്രശ്‌നങ്ങളെ പർവതീകരിക്കുന്നതിന് പകരം യാഥാർഥ്യം അറിഞ്ഞ് തന്നെ സമഗ്രമായ ബദലുകളായി മാറാൻ വിശ്വാസിക്ക് കഴിയുക എന്നത് ഈ കാലത്തെ എറ്റവും വലിയ ദൗത്യമാണ്.
വിശുദ്ധ ഖുർആൻ രണ്ടാം അധ്യായം അൽ ബഖറയിലെ വചനം 208 ൽ പറയുന്നത് ശ്രദ്ധിക്കൂ. നിങ്ങൾ വിശ്വാസികൾ സമ്പൂർണ സമർപ്പണ ബോധമുള്ളവരാകണം.’
ഇസ്‌ലാം എന്ന മഹത്തായ ആശയത്തെ അഭിമാന ബോധത്തോടെ ഉൾക്കൊള്ളാനും, അതിൽ ആനന്ദം കണ്ടെത്താനും ശ്രമിക്കുക. ഇസ്‌ലാമിന്റെ അടിസ്ഥാന ആശയങ്ങൾ മുഴുവൻ പരിശോധിച്ചാലും ഏത് കാലത്തെ വെല്ലുവിളികളെ നേരിടാൻ മാത്രം അടിത്തറയുള്ള തത്ത്വങ്ങളിലാണ് നമ്മൾ എത്തിച്ചേരുക. ഞാൻ എന്റെ സ്രഷ്ടാവിനെ ഏന്റെ പരിപാലകനായി ഇഷ്ടപ്പെടുന്നു, ഇസ്‌ലാമിനെ ജീവിത സംസ്കാരമായി അഭിമാനം കൊള്ളുന്നു. പ്രവാചകരെ എന്റെ റോൾ മോഡലായിത്തന്നെ ഞാൻ അംഗീകരിക്കുന്നു എന്ന ആശയമുള്ള മന്ത്രം എന്നും അൽപ്പനേരം ഉച്ചരിക്കുന്നവനായ വിശ്വാസിക്ക് എങ്ങനെയാണ് ഇരുട്ടു മൂടുന്നിടത്ത് നിന്ന് ഒളിച്ചോടാനാകുക.
ഇസ്‌ലാമിക ജീവിത മുല്യങ്ങളെ പ്രദർശിപ്പിക്കുന്ന വ്യക്തി, വീട്, കുടുംബം, രൂപപ്പെടുത്തൽ തന്നെയാണ് പരിഹാരം. വിശക്കുന്നവന്റെ മുന്നിൽ ഭക്ഷണമാകണം, കരയുന്നവനെ ചിരിപ്പിക്കണം, ലഹരിയുടെ ഉന്മാദത്തിലുള്ളവനെ ജീവിതത്തെ ലഹരിയാക്കി പഠിപ്പിക്കണം. കൊള്ളക്കാരനായ കച്ചവടക്കാരന്റെ മുന്നിൽ സത്യസന്ധമായ കച്ചവട ലാഭത്തിന്റെ കഥ പറയണം. രക്തം ഊറ്റിക്കുടിക്കുന്ന ഭരണാധികാരിക്ക് മുന്നിൽ സ്‌നേഹം കൊണ്ട് ലോകം കീഴടക്കിയത് നിരന്തരം പറഞ്ഞു കൊണ്ടിരിക്കണം.