ആത്മായനം
ക്ഷമകൊണ്ട് കരുത്താർജിക്കൂ
വൈയക്തിക ജീവിതത്തിലും സമൂഹവുമായി നിരന്തരം വ്യാപരിക്കുന്നതിനിടയിലും വിവിധങ്ങളായ കാത്തു നിൽപ്പുകളും അസ്വസ്ഥതകളും വേദനകളും പ്രതിസന്ധികളും നമ്മൾ കണ്ടുമുട്ടേണ്ടിവരും. ക്ഷമ കൂടെയില്ലെങ്കിൽ പതറിപ്പോകും. ജീവിതം അസ്വസ്ഥമാകും. സന്തോഷങ്ങൾ കൂടൊഴിഞ്ഞു പോകും. വിശ്വാസത്തിന് മൂർച്ച കൂട്ടി ആരാധനകളിലും ദൈവ സ്മൃതിയിലും അലിഞ്ഞുചേർന്ന് ക്ഷമയെ ദൃഢമാക്കാനുള്ള ശ്രമമായിരിക്കട്ടെ ഇനി.

“സ്വർഗാവകാശിയായ ഒരു സ്ത്രീയെ കാണിച്ചു തരട്ടെ?’
അത്വാഅ് ബ്നു റബാഹ് (റ) നോട് ഇബ്നു അബ്ബാസ് (റ) ന്റെ ആശ്ചര്യപ്പെടുത്തുന്ന ചോദ്യം. മഹാന് അങ്ങനെ ബഹുമതിയുള്ള ആളെ കാണണമെന്നായി. കറുത്ത് കുറിയവളായ സ്ത്രീയെ ചൂണ്ടി ഇബ്നു അബ്ബാസ് (റ) തുടർന്നു: അവർ തിരുദൂതർക്കരികെ വന്ന് തനിക്ക് അപസ്മാരമുണ്ടെന്നും തത്്സമയങ്ങളിൽ ഔറത്ത് (മറയ്ക്കൽ നിർബന്ധമായ ഭാഗം) വെളിവാകാറുണ്ടെന്നും, ഈ സ്ഥിതി മാറാൻ പ്രാർഥിക്കണമെന്നും അഭ്യർഥിച്ചു. അവരെ സമാധാനിപ്പിച്ചു കൊണ്ട് തിരുനബി(സ) പറഞ്ഞു: “ക്ഷമിക്കുമെങ്കിൽ നിങ്ങൾക്ക് സ്വർഗം ലഭിക്കും. അല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യത്തിനായ് ഞാൻ പ്രാർഥിക്കാം.’
“എന്റെ രഹസ്യ ഭാഗം വെളിവാകാതിരിക്കാൻ മാത്രം അങ്ങ് പ്രാർഥിച്ചാൽ മതി’ നബി (സ) അവരാവശ്യപ്പെട്ട പ്രകാരം പ്രാർഥിച്ചു (രിയാളുസ്വാലിഹീൻ )നോക്കൂ…തിരുനബി(സ)യുടെ മറുപടിയിൽ പറഞ്ഞപോലെ ക്ഷമക്കുള്ള പ്രതിഫലം മഹത്തായ സ്വർഗമാണ്. വിശ്വാസത്തിന്റെ നടു ഛേദമാണ് ക്ഷമ. ഇത്രയേറെ മഹത്വം ക്ഷമക്കുണ്ടായത് എന്തുകൊണ്ടായിരിക്കും? അതേ കുറിച്ചാവാം ഇന്നത്തെ ആത്മായനം. അബൂമൂസൽ അശ്അരി (റ) യിലേക്ക് ഉമർ (റ)അയച്ച കത്ത് കൂടി വായിച്ച് തുടരാം.” നിങ്ങൾ ക്ഷമയെ നിർബന്ധമാക്കുക. ക്ഷമ രണ്ട് വിധമുണ്ട്. ഒന്നിന് മറ്റേതിനേക്കാൾ മേന്മയേറെയുണ്ട്.
ആപത്തുകളിൽ ക്ഷമിക്കുന്നതാണ് ശ്രേഷ്ഠം. അതിലും ശ്രേഷ്ഠതയുള്ളത് നിരോധിച്ചവയിൽ നിന്ന് അകന്നു നിൽക്കാനുള്ള ക്ഷമയാണ്. ക്ഷമയിലാണ് വിശ്വാസം കുടികൊള്ളുന്നത്. കാരണം, അതിജാഗ്രത (തഖ്്വ ) യാണ് ഏറ്റവും നല്ല നന്മ. തഖ്്വയുണ്ടാകുന്നതാകട്ടെ ക്ഷമയിൽ നിന്നുമാണ്.’ (ഇഹ്്യാ ഉലൂമിദ്ദീൻ) പ്രകൃതി ദുരന്തങ്ങളായും രോഗങ്ങളായും വൈയക്തിക – സാമൂഹിക – സാമ്പത്തിക – മാനസിക പ്രശ്നങ്ങളായും നീറുന്ന ഘട്ടങ്ങൾ നമുക്ക് മുന്നിലെത്തും. കൂടാതെ ശരികേടുകളിലേക്ക് നമ്മെ പ്രചോദിപ്പിക്കുന്ന പ്രതിസന്ധി ഘട്ടങ്ങളും നമ്മുടെ വഴിമുടക്കും. ഈ അവസ്ഥകളെ മുഴുക്കയും വിശ്വാസി സമീപിക്കുന്നത് ദൈവിക പരീക്ഷണങ്ങളായിട്ടാണ്. നീറ്റലുകൾ സഹിച്ചും പ്രതിസന്ധികളെ പ്രതിരോധിച്ചും ക്ഷമ കൈക്കൊള്ളാനുള്ള കരുത്ത് മനുഷ്യർക്ക് നൽകുന്നത് ശരിയായ വിശ്വാസമാണ്.
കാരണം, ക്ഷമയെന്നുള്ളത് ശരിയായ വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വാസമില്ലാത്തവർ ജീവിതത്തിന്റെ ഏറെ കാലവും അക്ഷമരായിരിക്കും. പരിമിതമായ ഭൗതിക പരിഹാരങ്ങൾ പരാജയപ്പെടുന്ന അവസ്ഥകളിൽ ജീവിതത്തിൽ നിന്നും ഒളിച്ചോടാനുള്ള വഴികളവർ തേടുകയും ചെയ്യും. സത്യവിശ്വാസവും ക്ഷമയും പരസ്പരം നിലനിൽപ്പു നൽകുന്ന പൂരകങ്ങളാണ്. ശരീരത്തിൽ ശിരസ്സിന്റെ സ്ഥാനമാണ് വിശ്വാസത്തിൽ ക്ഷമക്ക്. ശിരസ്സില്ലാത്തവന് ശരീരം ഇല്ലാത്ത പോലെ ക്ഷമയില്ലാത്തവന് വിശ്വാസവുമില്ല എന്ന അലി(റ)യുടെ വാക്കുകൾ അതിലേക്കാണ് ചൂണ്ടുന്നത്. ശിരസ്സില്ലാത്ത ശരീരവും, ശരീരമില്ലാത്ത ശിരസ്സും ജീവനറ്റതാണല്ലോ. സത്യവിശ്വാസത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ “ഈമാൻ എന്നാൽ ക്ഷമയാകുന്നു’ എന്നാണ് തിരുനബി(സ) മറുപടി നൽകിയതും.ക്ഷമയെ നമുക്ക് മൂന്നായി ഗണിക്കാം
- അല്ലാഹുവെ അനുസരിക്കുന്നതിലും ആരാധിക്കുന്നതിലുമുള്ള ക്ഷമ. നിലവാരമുള്ള ജീവിത സൗകര്യങ്ങളും ഭൗതിക സമൃദ്ധിയും യഥേഷ്ടം രൂപപ്പെടുമ്പോൾ മനുഷ്യ പ്രകൃതി ധിക്കാര സമീപനങ്ങളിലേക്ക് പോകുന്ന അവസ്ഥകൾ സംജാതമാകാറുണ്ട്. പിശാച് ആ മനോഭാവത്തെ വെള്ളമൊഴിച്ച് വളർത്താറുമുണ്ട്. ഞാൻ സ്വയം പര്യാപ്തനാണെന്ന് മനുഷ്യർക്കപ്പോൾ തോന്നി ത്തുടങ്ങും. എല്ലാം തന്റെ വിയർപ്പിന്റെ ഫലമാണെന്നുള്ള അഹന്ത അറിയാതെ പുറത്ത് ചാടും. അത്തരക്കാരെ അപലപിച്ചു കൊണ്ട് സൂറ: അലഖ് 6, 7 സംസാരിക്കുന്നുമുണ്ട് “നിശ്ചയം മനുഷ്യൻ അക്രമിയായിരിക്കുന്നു. കാരണം അവൻ, സ്വയം പര്യാപ്തനായി കാണുന്നു’. ഒരിക്കൽ ഇമാം അഹ്മദുബ്നു ഹമ്പലിന്(റ) അബ്ബാസീ ഖലീഫയായിരുന്ന മുതവക്കിൽ ബില്ലാഹി പാരിതോഷികങ്ങൾ നൽകിയപ്പോൾ ഇത് ചാട്ടവാറടിയേക്കാൾ കഠിനമായ ശിക്ഷയായിപ്പോയെന്നായിരുന്നു അവിടുത്തെ പ്രതികരണം. ഭൗതിക പ്രമത്തത ദൈവികാലോചനകളിൽ നിന്ന് പിറകോട്ട് വലിക്കുമോ എന്ന ഭയമാണ് അവരെ ഇങ്ങനെയുള്ള പ്രതികരണങ്ങളിലെത്തിക്കുന്നത്. സമ്പാദ്യങ്ങളും സൗകര്യങ്ങളും ആരോഗ്യവും ആരാധനകൾക്ക് വിഘാതമാകരുത്. സൗഖ്യകാലത്ത് ക്ഷമിക്കുന്നവനാണ് പൂർണ മനുഷ്യനെന്ന് ഇമാം ഗസ്സാലി (റ) പറഞ്ഞതിന്റെ ആശയവും അതു തന്നെയാണ്. ധനവും ആരോഗ്യവും സാങ്കേതികാവബോധവും മറ്റു അനുഗ്രഹങ്ങളും ആരാധനകൾക്കുവേണ്ടി വിനിയോഗിക്കാൻ നല്ല ശ്രദ്ധവേണം. അത്തരക്കാരുടെ സഹനം ദരിദ്രരുടെയും ദുർബലരുടെയും രോഗികളുടെയും ക്ഷമയെക്കാൾ ശ്രേഷ്ഠമാണ്. കുറ്റകൃത്യങ്ങൾക്കും മറ്റും അവർക്ക് ശക്തിയും സാഹചര്യവും സാങ്കേതികജ്ഞാനവും കൂടുതലുണ്ട് എന്നതാണ് കാരണം. ദൗർബല്യങ്ങളെയും അനാരോഗ്യത്തെയും ആരാധനയിൽ നിന്ന് തടയുന്ന സാധ്യതയായി കാണാനൊക്കില്ല. സഹനബോധത്തോടെ സാധ്യമാകുന്നത് ചെയ്യുന്നവനാണ് ബുദ്ധിമാൻ. സ്വദഖയിൽ ധനികന്റെ വലിയ തുകയെക്കാൾ കേമമായ പ്രതിഫലം ദരിദ്രന്റെ തുണ്ട് നാണയത്തിനു ലഭിച്ചേക്കും!. കാഴ്ച ശക്തി ഇല്ലാത്തതിനാൽ ജമാഅത്തിനെത്തണോ എന്ന ആശങ്ക പങ്കുവെച്ച അബ്ദുല്ലാഹിബ്നു ഉമ്മുമക്തൂമിനോട് ജമാഅത്തിനു വരാൻ നിർദേശം നൽകിയ തിരുദൂതരുടെ പ്രതികരണത്തിൽ നിന്നും പരിമിതികളെ മറികടന്ന് ആരാധനയിൽ മുഴുകാനുള്ള വലിയ പ്രചോദനം കണ്ടെടുക്കാൻ കഴിയും.
“ക്ഷമിച്ച് പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം അവരുടെ ശ്രേഷ്ഠകർമങ്ങൾക്കനുയോജ്യമായി നൽകുന്നതാണ്’ ( സൂറ: അന്നഹ്ൽ 96) - ആപത്തുകളിലും വേദനകളിലുമുള്ള ക്ഷമ. ജലാലുദ്ദീൻ റൂമി പറഞ്ഞപോലെ ആതുരതകളെ ആശ്വാസമാക്കാനുള്ള ശേഷി ക്ഷമക്കുണ്ട്. രോഗമായിട്ടും നിങ്ങളെന്താണ് പ്രതിവിധി തേടാത്തത് എന്ന് റാബിഅതുൽ അദവിയ്യയോട് ചോദിക്കപ്പെട്ടപ്പോൾ “അല്ലാഹു എനിക്കു തന്ന അനുഗ്രഹത്തിന് ഞാനെന്തിനു പരിതാപപ്പെടണം’ എന്നായിരുന്നു മറുപടി. ആപത്തുകളെ ആത്യന്തികവിജയത്തിലേക്കുള്ള ചവിട്ടുപടികളായാണ് മഹാന്മാർ കണ്ടത്. ഏറ്റ ദുരിതങ്ങളെ അക്ഷമരായി പഴി പറയുന്ന ശീലം അവരുടെ ജീവിതത്തിലുണ്ടായിരുന്നില്ല. സ്രഷ്ടാവ് ഇതിൽ വല്ല നന്മയും ഒളിച്ചു വെച്ചിട്ടുണ്ടാവുമെന്ന ആലോചന അവരെ ഏറെ മുന്നോട്ട് നയിച്ചു. ദൗർബല്യങ്ങളിലൊക്കെ അവർക്ക് കരുത്തായത് ഈ ആലോചനയാണ്. “ദുഃഖിക്കേണ്ടതില്ല, അല്ലാഹു നമ്മോടൊപ്പമുണ്ട്’.
- നിരോധിത കാര്യങ്ങളിൽ നിന്നും അകലം പാലിക്കാനുള്ള ക്ഷമ.
നമ്മുടെ രക്തമൊഴുകുന്നിടത്തെല്ലാം സഞ്ചരിക്കുന്ന പൈശാചിക പ്രേരണകൾ തെറ്റുകളിലേക്ക് നമ്മെ തള്ളിയിട്ടുകൊണ്ടേയിരിക്കും. ജഡികേഛയും പിശാചും നമ്മുടെ പ്രതിയോഗികളായിരിക്കെ ബലമുള്ള ക്ഷമ അത്യാവശ്യമാണ്.
ഇമാം ഗസ്സാലി(റ) ഇഹ്‌യാ ഉലൂമിദ്ദീനിൽ എഴുതുന്നു: ഏത് കാര്യത്തിലാണ് എന്നതിനനുസരിച്ച് ക്ഷമക്ക് വിവിധ പേരുകളുണ്ട്. വയറിനെയും ഗുഹ്യസ്ഥാനത്തെയും നിഷിദ്ധങ്ങളിൽനിന്നും അനഭിലഷണീയ കൃത്യങ്ങളിൽനിന്നും മാറ്റിനിർത്തുമ്പോൾ ക്ഷമ “ചാരിത്ര്യ ശുദ്ധി’യാണ്. ആരോഗ്യവും ശക്തിയും ഉണ്ടായിരിക്കെ കുറ്റങ്ങളിൽനിന്ന് അകലം പാലിക്കുന്നത് “ആത്മനിയന്ത്രണ’മാണ്. യുദ്ധവേളയിലും സംഘട്ടന രംഗത്തുമുള്ള ക്ഷമ “ധീരത’യാണ്; അതിന്റെ വിപരീതം ഭീരുത്വവും. കോപിക്കുമ്പോഴുള്ള ക്ഷമ “വിവേക’മാണ്. എടുത്തുചാട്ടം അവിവേകവും. പ്രകൃതി വിപത്തുകളിലും നഷ്ടങ്ങളിലുമുള്ള ക്ഷമ “മനക്കരുത്താ’ണ്. അന്യരുടെ ന്യൂനത ഗോപ്യമാക്കുമ്പോൾ ക്ഷമ രഹസ്യം സൂക്ഷിക്കലാണ്. അനുവദനീയ കാര്യങ്ങൾ ഉപേക്ഷിച്ചുകൊണ്ടുള്ള ക്ഷമ “വിരക്തി’യാണ്. അതിന്റെ വിപരീതം “ആർത്തി’യും. കുറഞ്ഞ ജീവിത വിഭവങ്ങൾ കൊണ്ടുള്ള ക്ഷമയാണ് “സംതൃപ്തി'(ഖനാഅത്ത്)
സഹൃദയരേ… വൈയക്തിക ജീവിതത്തിലും സമൂഹവുമായി നിരന്തരം വ്യാപരിക്കുന്നതിനിടയിലും വിവിധങ്ങളായ കാത്തു നിൽപ്പുകളും അസ്വസ്ഥതകളും വേദനകളും പ്രതിസന്ധികളും നമ്മൾ കണ്ടുമുട്ടേണ്ടിവരും. ക്ഷമ കൂടെയില്ലെങ്കിൽ പതറിപ്പോകും. ജീവിതം അസ്വസ്ഥമാകും. സന്തോഷങ്ങൾ കൂടൊഴിഞ്ഞു പോകും. വിശ്വാസത്തിന് മൂർച്ച കൂട്ടി ആരാധനകളിലും ദൈവ സ്മൃതിയിലും അലിഞ്ഞുചേർന്ന് ക്ഷമയെ ദൃഢമാക്കാനുള്ള ശ്രമമായിരിക്കട്ടെ ഇനി.