Connect with us

Kerala

ദാഹമകറ്റൂ; ഇതാ മണ്ണിന്‍ തണുപ്പില്‍ ശുദ്ധജലം

കലോത്സവത്തെ പ്ലാസ്റ്റിക് മുക്തമാക്കുക, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ബോധവത്കരണം എന്നീ ലക്ഷ്യങ്ങളുമായാണ് 'തണ്ണീര്‍ കൂജ'യെന്ന പേരില്‍ മണ്‍കൂജയിലുള്ള കുടിവെള്ള വിതരണം.

Published

|

Last Updated

കോഴിക്കോട് | ദാഹിച്ചെത്തുന്നവരെ, ഇതാ നിങ്ങള്‍ക്കായി മണ്ണിന്‍ തണുപ്പില്‍ ശുദ്ധജലം. കലോത്സവ വേദികളില്‍ ദാഹമകറ്റാന്‍ മണ്ണിന്റെ തണുപ്പില്‍ ശുദ്ധവെള്ളം ലഭ്യമാക്കുകയാണ് സംഘാടകര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ പ്ലാസ്റ്റിക് മുക്തമാക്കുക, പരിസ്ഥിതി സംരക്ഷണം, ആരോഗ്യ ബോധവത്കരണം എന്നീ ലക്ഷ്യങ്ങളുമായാണ് ‘തണ്ണീര്‍ കൂജ’യെന്ന പേരില്‍ മണ്‍കൂജയിലുള്ള കുടിവെള്ള വിതരണം.

കലോത്സവ വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാതൃകാ പദ്ധതി നടപ്പാക്കുന്നത്. വെള്ളം സംഭരിക്കുന്നതിന് വലിയ ഭരണിക്ക് സമാനമായ മണ്‍പാത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. വെള്ളം കുടിക്കുന്നതിന് മണ്‍ ഗ്ലാസുകളും വേദികളില്‍ ലഭ്യമാണ്. ആകെ 500 മണ്‍കൂജകളും 6,000 മണ്‍ഗ്ലാസുകളുമാണ് കലോത്സവത്തിനായി എത്തിച്ചിട്ടുള്ളത്. പ്രധാന വേദിയില്‍ തന്നെ നൂറോളം മണ്‍കൂജകള്‍ ഒരുക്കിയിട്ടുണ്ട്. 20 ലിറ്റര്‍, 15 ലിറ്റര്‍ വെള്ളം കൊള്ളുന്ന കൂജകളാണുള്ളത്. വെള്ളം നല്‍കാന്‍ മണ്ണില്‍ നിര്‍മിച്ച ജഗ്ഗുകളുമുണ്ട്.

വളണ്ടിയര്‍മാര്‍, എന്‍ എസ് എസ്, എസ് പി സി, ജെ ആര്‍ സി റെഡ്‌ക്രോസ് എന്നിവര്‍ക്കാണ് കൂജയില്‍ വെള്ളം നിറക്കുന്നതിനുള്ള ചുമതല. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ 40 മണ്‍പാത്ര നിര്‍മാണ യൂണിറ്റുകളില്‍ നിന്നാണ് കൂജയും ഭരണിയും എത്തിച്ചിട്ടുള്ളത്. സൂറത്തില്‍ നിന്നുള്ളതാണ് മണ്‍ഗ്ലാസുകള്‍. കലോത്സവ ശേഷം മണ്‍പാത്രങ്ങളെല്ലാം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവക്ക് കൈമാറും. കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷനാണ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചുമതല. കെ കെ രമ എം എല്‍ എയാണ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍. കെ പി സുരേഷ്, എന്‍ കെ റഫീഖ് എന്നിവരാണ് കണ്‍വീനര്‍മാര്‍.

 

Latest