Connect with us

Kerala

ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുള്ള വഴക്കിനിടെ മര്‍ദനം; പ്രതികളെ റിമാന്‍ഡ് ചെയ്തു

നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി പെരുക്കം മോഹനന്‍ എന്ന മോഹനന്‍ നായര്‍, നെടുമങ്ങാട് ചെല്ലാംകോട് വേണു മന്ദിരത്തില്‍ ചൊട്ട വേണു എന്ന വേണു എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

Published

|

Last Updated

തിരുവനന്തപുരം | മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ വൃദ്ധന്‍ മരിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍.  ഒന്നാം പ്രതി നെടുമങ്ങാട് ചെല്ലാംങ്കോട് നടുവന്തല സ്വദേശി പെരുക്കം മോഹനന്‍ എന്ന മോഹനന്‍ നായര്‍ (67), രണ്ടാം പ്രതി നെടുമങ്ങാട് ചെല്ലാംകോട് വേണു മന്ദിരത്തില്‍ ചൊട്ട വേണു എന്ന വേണു (63) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

നെടുമങ്ങാട് പൂവത്തൂര്‍ ചുടുകാട്ടിന്‍ മുകള്‍ വിഷ്ണു ഭവനില്‍ മോഹനന്‍ ആശാരി (62) ആണ് മരിച്ചത്. ഇരട്ടപ്പേര് വിളിച്ചതിനെ ചൊല്ലിയുണ്ടായ വഴക്കിനിടെയായിരുന്നു മര്‍ദനം. കഴിഞ്ഞ 17 ന് രാതി എട്ടരയോടെ മുക്കോല ജംഗ്ഷനില്‍ വച്ചാണ് സംഭവമുണ്ടായത്. ഇരട്ടപ്പേര് വിളിച്ചതിനെ തുടര്‍ന്ന് മൂന്നുപേരും തമ്മിലുള്ള തര്‍ക്കം കൈയാങ്കളിയിലെത്തുകയും മോഹനന്‍ നായര്‍, മോഹനന്‍ ആശാരിയെ പിടിച്ച് തള്ളുകയായിരുന്നു. വെയിറ്റിംഗ് ഷെഡിന്റെ ചുമരില്‍ തലയുടെയും കഴുത്തിന്റെയും പിറകുവശം ഇടിച്ചുവീണാണ് മോഹനന്‍ ആശാരി വീണത്. ഇതിനു പിന്നാലെ പ്രതികള്‍ സംഭവ സ്ഥലത്ത് നിന്നും പോവുകയായിരുന്നു.

അബോധാവസ്ഥയില്‍ മൂന്ന് മണിക്കൂറോളം മഴ നനഞ്ഞു കിടന്ന മോഹനനെ വിവരമറിഞ്ഞെത്തിയ മകന്‍ വിഷ്ണുവും മാതാവും ചേര്‍ന്ന് രാത്രി വീട്ടിലെത്തിച്ചു. മദ്യപിച്ച് ബോധം പോയതാണെന്നാണ് ആദ്യം ഇവര്‍ കരുതിയത്. കാല് ചലിക്കാതായതിനെ തുടര്‍ന്ന് 18 ന് രാവിലെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുര്‍ന്ന് മെഡിക്കല്‍ കോളേജ് ഐ സി യുവിലും പ്രവേശിപ്പിച്ചു. അപ്പോഴാണ് സ്‌പൈനല്‍ കോഡ് തകര്‍ന്നിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

19-ന് രാവിലെ ബോധം തെളിഞ്ഞപ്പോള്‍ മര്‍ദനമേറ്റ വിവരം വീട്ടുകാരോട് പറഞ്ഞ മോഹനന്‍ ആശാരി അന്ന് ഉച്ചയോടെ മരണപ്പെട്ടു. തുടര്‍ന്ന് കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി നെടുമങ്ങാട് പോലീസ് പറഞ്ഞു.

Latest