Connect with us

Business

ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും തോൽപ്പിച്ചു; ആരാണ് എൻവിഡിയ?

ഓഹരി വിപണിയിലെ മുന്നേറ്റമാണ് എൻവിഡിയയെ ആപ്പിളിനെക്കാളും മൈക്രോസോഫ്റ്റിനേക്കാളും വിപണിമൂല്യമുള്ള കമ്പനിയാക്കി മാറ്റിയത്. 3.3 ലക്ഷം ഓടി ഡോളറാണ് കമ്പനിയുടെ വിപണി മൂല്യം.

Published

|

Last Updated

ഏതാനും വർഷങ്ങളായി ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികൾ മൈക്രോസോഫ്റ്റും ആപ്പിളുമാണ്. എന്നാൽ ഈ വർഷം ഇവ രണ്ടിനെയും പിന്തള്ളി എൻവിഡിയ എന്ന കമ്പനി ഒന്നാമത് എത്തി. മറ്റു രണ്ടുപേരെയും നമുക്കറിയാമെങ്കിലും എൻവിഡിയ നമുക്ക് അത്ര പരിചിതമല്ല. ആരാണ് എൻവിഡിയ?

എഐ ചിപ്പ് നിർമാതാക്കളാണ് ഈ അമേരിക്കൻ കമ്പനി. 1993ൽ കാലിഫോർണിയയിലെ സാന്താ ക്ലാര ആസ്ഥാനമാക്കിയാണ് കമ്പനി ആരംഭിച്ചത്. ജെൻസൺ ഹോങ്, ക്രിസ് മലചോസ്കി, കർട്ടീസ് പ്രീം എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ. ഗ്രാഫിക്സ് പ്രോസസറുകളും കമ്പ്യൂട്ടർ ചിപ്പ് സെറ്റുകളും നിർമ്മിച്ചാണ് എൻവിഡിയ കോർപ്പറേഷന്റെ വളർച്ച. ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ്, ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ്, മൊബൈൽ കമ്പ്യൂട്ടിംഗ് എന്നിവയിൽ എൻവിഡിയ വിപ്ലവം ഉണ്ടാക്കി.

ഇന്ന് ഓഹരി വിപണിയിലെ മുന്നേറ്റമാണ് എൻവിഡിയയെ ആപ്പിളിനെക്കാളും മൈക്രോസോഫ്റ്റിനേക്കാളും വിപണിമൂല്യമുള്ള കമ്പനിയാക്കി മാറ്റിയത്. 3.3 ലക്ഷം ഓടി ഡോളറാണ് കമ്പനിയുടെ വിപണി മൂല്യം. എ ഐ അധിഷ്ഠിത ചിപ്പുകൾക്ക് ആവശ്യക്കാർ ഏറിയതാണ് കമ്പനിയുടെ മുന്നേറ്റത്തിന് കാരണം. ഈ വർഷം ഇതുവരെ ഓഹരി വിലയിൽ 170 ശതമാനം വളർച്ച കമ്പനി നേടി. ഒരു വർഷത്തിനിടെ ഉണ്ടായ വളർച്ച 300% ആണ്.

2 ലക്ഷം കോടി ഡോളറിൽ നിന്ന് കമ്പനിയുടെ വിപണിമൂല്യം മൂന്നുലക്ഷം കോടി ഡോളർ ആകാൻ വെറും മൂന്നുമാസം മാത്രമാണ് എടുത്തത്. മൈക്രോസോഫ്റ്റ് ആകട്ടെ മൂന്നുവർഷം കൊണ്ടാണ് ഈ നേട്ടത്തിൽ എത്തിയത്. 1999 ൽ എൻവിഡിയയുടെ ഓഹരിയിൽ പതിനായിരം രൂപ നിക്ഷേപിച്ച ആൾക്ക് ഇന്നത്തെ മൂല്യമനുസരിച്ച് പത്തു കോടിയിലേറെ ലഭിക്കും. നിലവിൽ മൈക്രോസോഫ്റ്റും ആമസോണും എല്ലാം എൻവിഡിയയുടെ ഉപഭോക്താക്കളാണ്.

ഇന്ത്യയിലെ ടാറ്റ, ഇൻഫോസിസ്, ജിയോ തുടങ്ങിയ പ്രമുഖ കമ്പനികൾ എല്ലാം എൻവിഡിയയുമായി കരാറിൽ ഏർപ്പെട്ട് കഴിഞ്ഞു.