തെളിയോളം
കണ്ണിൽ കുരുക്കുന്നതാണ് സൗന്ദര്യം
സാമൂഹിക മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരാൾ തന്നെത്തന്നെ എങ്ങനെ കാണുന്നു എന്നത് മാനസികവും വൈകാരികവുമായ ആരോഗ്യത്തെ ബാധിക്കുന്ന ഒരു സുപ്രധാന കാര്യമാണിന്ന്.
“സൗന്ദര്യം കാഴ്‌ചക്കാരന്റെ കണ്ണിലാണെന്ന് ആളുകൾ പലപ്പോഴും പറയാറുണ്ട്. പലതരം അടിമത്തങ്ങളിൽ നിന്നും നമ്മെ മോചിപ്പിക്കുന്ന സൗന്ദര്യത്തിന്റെ അത്യാകർഷക ഘടകം നമ്മൾ തന്നെയാണ്, കാണുന്നയാളെന്ന് തിരിച്ചറിയുക എന്നതാണ്.’ സൽമ ഹയക് നൽകുന്ന ഈ പ്രചോദക സന്ദേശം സാമൂഹിക മാധ്യമ അതിപ്രസര കാലത്തെ മാനസികാരോഗ്യ സംരക്ഷണത്തിനായി പ്രചരിപ്പിക്കപ്പെടേണ്ട ഒന്നാണ്. നമ്മുടെ രൂപത്തിലും ആകൃതിയിലും ശാരീരിക ശേഷിയിലും സംശയം തോന്നിപ്പിക്കും വിധം ഓരോ സെക്കൻഡിലും വ്യത്യസ്തങ്ങളായ വിഷ്വൽ ഇമേജുകൾ സ്ക്രീനിൽ മിന്നിമറയുമ്പോൾ സ്വാഭിമാന നഷ്ടം സംഭവിക്കുക എന്നത് സ്വാഭാവികമാണ്. ഐഫോണിൽ എടുത്ത സ്വന്തം ഫോട്ടോ നോക്കി മുഖത്തിന് നിറം പോര, ഉയരമില്ല, ഒത്തിരി തടിച്ചിട്ടുണ്ട് തുടങ്ങി സ്വയം താഴ്ന്നിരിക്കാൻ തോന്നിപ്പിക്കുന്ന താരതമ്യ സൗന്ദര്യ വിചാരങ്ങൾ ആളുകളെ വരിഞ്ഞു മുറുക്കുന്ന കാലമാണിത്. മറ്റുള്ളവരെ അപേക്ഷിച്ച് ഏതെങ്കിലും തരത്തിലുള്ള ശാരീരിക പരിമിതികൾ ഉള്ളവരിൽ ഇത് താരതമ്യേന കൂടിയ അളവിൽ ഉണ്ടായേക്കാം.
ഫോൺ ഇമേജും കണ്ണാടിയും നോക്കി സ്വയം സംസാരം നടത്തുന്നതു പോലെ നമ്മുടെ ശരീര പ്രകൃതിയെക്കുറിച്ച് മറ്റൊരാൾ നടത്തുന്ന നിരീക്ഷണങ്ങൾ കേട്ടും സ്വയം ആന്തരിക നിരീക്ഷണം നടത്താൻ നാം പ്രേരിപ്പിക്കപ്പെടാറുണ്ട്. നിരന്തരമായി ഇത്തരം നെഗറ്റീവ് സ്വയം സംസാരവും ആന്തരിക നിരീക്ഷണവും ആളുകളെ ആഴത്തിലുള്ള അസംതൃപ്തിയിലേക്ക് തള്ളിയിടുന്നുവെന്നതാണ് കാര്യം. ചെറുപ്രായക്കാർക്ക് പലരിൽ നിന്നും ലഭിക്കുന്ന ശരീര സംബന്ധമായ ബാഡ് കമന്റുകൾ അവർക്ക് ഗുരുതരമായ സ്വാഭിമാന നഷ്ടം വരുത്തിവെക്കുന്ന ഒന്നാണ്. സൗന്ദര്യബോധം എന്നത് ഏതൊരാളിലും അന്തർലീനമാണ്. തന്റെ ശരീരത്തിന് ഏതെങ്കിലും തരം വികലതകൾ ഉണ്ട് എന്ന “കണ്ടെത്തൽ’ ഒരാളിൽ തീക്ഷ്ണമായ മാനസിക സംഘർഷമാണ് സൃഷ്ടിക്കുക. സാമൂഹിക മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരാൾ തന്നെത്തന്നെ എങ്ങനെ കാണുന്നു എന്നത് മാനസികവും വൈകാരികവുമായ ആരോഗ്യത്തെ ബാധിക്കുന്ന ഒരു സുപ്രധാന കാര്യമാണിന്ന്.
അതൃപ്തിയിലേക്കും ആന്തരിക സംഘർഷത്തിലേക്കും ബോഡി ഷേമിങ്ങിലേക്കും നയിക്കുകയും അതുവഴി ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് ഒരാളെ എടുത്തെറിയുകയും ചെയ്യുന്ന ഒന്നാണ് നെഗറ്റീവ് ബോഡി ഇമേജിംഗ്. നെഗറ്റീവ് ബോഡി ഇമേജുള്ള ആളുകൾ മറ്റ് തരത്തിലുള്ള പെരുമാറ്റ ദൂഷ്യങ്ങൾക്കടിമയും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും കാണാൻ കഴിയും. അവർ പ്രശ്നകരമാണെന്ന് സ്വയം മനസ്സിലാക്കുന്നത് പരിഹരിക്കാനുള്ള ശ്രമങ്ങളിൽ നിരന്തരം തുടരുന്നതിനാൽ പുകവലി അല്ലെങ്കിൽ ശരീരഭാരം നിയന്ത്രിക്കാൻ ലഹരിവസ്തുക്കളുടെ ഉപയോഗം, അമിതമായ വ്യായാമം തുടങ്ങി സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ദുഷ്പ്രവണകളും പ്രകടിപ്പിച്ചേക്കാം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉത്പാദിപ്പിക്കുന്ന അയഥാർഥ സൗന്ദര്യ നിലവാരങ്ങൾ താരതമ്യം പ്രോത്സാഹിപ്പിക്കുകയും ഇത് പുതുതലമുറയിൽ ആത്മാഭിമാനം കുറയ്ക്കുകയും ശരീര അസംതൃപ്തിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ആൺകുട്ടികളിലും പെൺകുട്ടികളിലും ശരീര പ്രതിച്ഛായയെക്കുറിച്ചുള്ള ആശങ്ക ഇന്ന് മാനസിക ക്ലേശത്തിന്റെ ഉറവിടമായി മാറിയിട്ടുണ്ട്. വ്യാജമായ സൗന്ദര്യ സങ്കൽപ്പങ്ങൾ ആത്മാഭിമാനം കുറയ്ക്കുകയും സ്വന്തം ശരീരത്തെക്കുറിച്ചുള്ള അതൃപ്തി വർധിപ്പിക്കുകയും ചെയ്യുന്നു. ഫോട്ടോ, വീഡിയോ ഷെയറിംഗ് ഉൾപ്പെടുന്ന വിഷ്വൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രചാരം വ്യക്തിഗത ആവിഷ്‌കാരങ്ങൾ സൃഷ്ടിക്കാനും പങ്കിടാനും സർഗാത്മകത പരിപോഷിപ്പിക്കാനുമൊക്കെ ഏറെ സഹായിക്കുന്നുവെങ്കിലും അത്യന്തം ഹാനികരമായ ദീർഘകാല നെഗറ്റീവ് ഫലങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുമുണ്ട്. നിരന്തരമായ താരതമ്യങ്ങളും പോരായ്മകളെക്കുറിച്ചുള്ള ആധികളും കാരണം വിഷാദം, ഉത്കണ്ഠ, ഏകാന്തത, ആത്മഹത്യാചിന്ത എന്നിവ അധികരിച്ചുവരുന്നു.
ശരിയായ സാമൂഹികമാധ്യമ സാക്ഷരത നേടുകയെന്നതാണ് ഇതിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധി. പോസിറ്റീവ് ശരീര പ്രതിച്ഛായ സൃഷ്ടിക്കുകയും ആത്മാഭിമാനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ബോധപൂർവമായ ശ്രമങ്ങളും അനിവാര്യമാണ്. മറ്റുള്ളവർ നമ്മുടെ പിറകിൽ നിന്ന് നിരീക്ഷിക്കുകയും വിമർശിക്കുകയും ചെയ്യുന്നുവെന്ന് കരുതുന്നതിനുപകരം, നമ്മുടെ ശാരീരിക രൂപം മറ്റുള്ളവർ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് യാഥാർഥ്യബോധമുള്ളവരായിരിക്കണം. നിർമിത ബുദ്ധി സൃഷ്ടിച്ചു തരുന്ന നമ്മുടെ തന്നെ സുന്ദര രൂപങ്ങളെ ഭാവനയിൽ പുനർനിർമിച്ച് നിർവൃതിയടയുന്നതിലെന്തുണ്ട് കാര്യം!
പോസിറ്റീവ് ബോഡി ഇമേജ് മനസ്സിൽ ഉണ്ടാക്കുകയെന്നത് സ്വാഭാവികമായി ഉണ്ടാകണമെന്നില്ല. നമ്മുടെ ശരീരത്തിന്റെ ശക്തിയും കഴിവുകളും ശ്രദ്ധിച്ചുകൊണ്ടും ശരീര പ്രതിച്ഛായയെക്കുറിച്ച് മോശമായി തോന്നാൻ ഇടയാക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരാതിരിക്കുന്നതിലൂടെയും സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ നമ്മോടു തന്നെയുള്ള നമ്മുടെ വീക്ഷണം മെച്ചപ്പെടുത്താനും വിപുലപ്പെടുത്താനും കഴിയും. നാം നമ്മെ കാണുന്ന കണ്ണാണ് നമ്മുടെ സൗന്ദര്യമായി പുറമേക്ക് പ്രസരിക്കുന്നത് എന്ന തത്ത്വം ഉൾക്കൊള്ളുന്നതാണ് പോസിറ്റീവ് ഇമേജ് രൂപപ്പെടുത്തുന്നതിന്റെ ആകെത്തുക.