Connect with us

social media control

വിയോജിപ്പുകളെ വെറുക്കുന്നു എന്നതിനാല്‍

തെറ്റായ വിവരങ്ങളുടെ പ്രചാരണം, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വൈരം ജനിപ്പിക്കാന്‍ പാകത്തിലുള്ള ഉള്ളടക്കം തയ്യാറാക്കി വിതരണം ചെയ്യല്‍, ഭരണഘടന നിര്‍വചിക്കുന്ന ഇന്ത്യന്‍ യൂനിയനെന്ന സങ്കല്‍പ്പത്തെ അട്ടിമറിക്കാന്‍ പാകത്തിലുള്ള ആശയങ്ങളുടെ പ്രസരണം എന്നിവയൊക്കെ ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തപ്പെടുന്ന കാലത്ത് സമൂഹ മാധ്യമ നിയന്ത്രണ സംവിധാനങ്ങളുടെ ചുമതല എന്തായിരിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല.

Published

|

Last Updated

തൊരു വ്യക്തിക്കും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്നുവെന്നതിനാലും വിവരങ്ങളുടെ വിനിമയവേഗം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നുവെന്നതിനാലും സമൂഹ മാധ്യമങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഒഴിവാക്കാനാകാത്ത ഘടകമായി മാറിയിട്ടുണ്ട്. വിനിമയത്തിനുള്ള പുതിയ സാധ്യതകള്‍ തുറക്കുകയും നിരന്തരം സ്വയം നവീകരിക്കുകയും ചെയ്യുന്നവ അതിന് തയ്യാറാകാത്തവയെ മറികടന്ന് മുന്നേറുകയും ചെയ്യുന്നു. അങ്ങനെയാണ് ഓര്‍ക്കൂട്ട് എന്ന ആദ്യത്തെ സമൂഹ മാധ്യമം കാലംചെയ്യുകയും ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങിയവ ആധിപത്യം നേടുകയും ചെയ്തത്. അവയില്‍ തന്നെ ചിലത് ഇപ്പോള്‍ കിതയ്ക്കുന്നുണ്ട്. ലാഭക്കണക്കില്‍ ഫേസ്ബുക്ക് പിന്നാക്കം പോകുമ്പോള്‍ അതേ കമ്പനിയുടെ തന്നെ ഉത്പന്നങ്ങളായ ഇന്‍സ്റ്റാഗ്രാം, വാട്‌സ് ആപ്പ് എന്നിവ മുന്നേറുകയാണ്.

നഗരവാസികള്‍ക്കിടയില്‍ സ്വാധീനമുറപ്പിച്ച ട്വിറ്ററിനെ പുതിയ മുതലാളി ഏറ്റെടുത്തതോടെ അതിലുണ്ടാകാന്‍ ഇടയുള്ള മാറ്റങ്ങളെക്കുറിച്ച് സന്ദേഹിക്കുന്നവരും കുറവല്ല. എന്തായാലും ഇവയൊക്കെ സമൂഹത്തില്‍ ചെറുതല്ലാത്ത സ്വാധീനം ചെലുത്തുന്നുവെന്നതില്‍ തര്‍ക്കമില്ല. അഭിപ്രായങ്ങള്‍ നിര്‍മിക്കുന്നതിലും അത് പൊതുസ്വീകാര്യമായ അഭിപ്രായമാണെന്ന പ്രതീതി, വിതരണരീതിയില്‍ നേരിട്ടിടപെട്ട് സൃഷ്ടിക്കുന്നതിലും ഇവയൊക്കെ മത്സരിക്കുന്നുണ്ട്. യു എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട മത്സരത്തില്‍ ഫേസ്ബുക്ക് എങ്ങനെയാണ് ഇടപെട്ടത് എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഉദാഹരണം. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തേക്കുവരാനിടയായ ഹിതപരിശോധനയിലെ സമൂഹ മാധ്യമങ്ങളുടെ ഇടപെടലും വിമര്‍ശിക്കപ്പെടുന്നു. ഇന്ത്യന്‍ യൂനിയനിലെ തിരഞ്ഞെടുപ്പുകളിലും ഈ സമൂഹ മാധ്യമങ്ങള്‍ ജനഹിതത്തെ അട്ടിമറിക്കാന്‍ പാകത്തില്‍ ഇടപെട്ടതായി വെളിപ്പെട്ടിട്ടുണ്ട്. തീവ്ര ഹിന്ദുത്വയുടെ വക്താക്കള്‍ക്ക് വിതരണ ശൃംഖല സൃഷ്ടിച്ചുകൊടുക്കുകയും ബി ജെ പിയുടെ പരസ്യങ്ങള്‍ക്ക് ഫീസിനത്തില്‍ ഇളവ് നല്‍കുകയുമൊക്കെ ചെയ്തിരുന്നു ഈ മാധ്യമങ്ങള്‍. ഇന്ത്യന്‍ യൂനിയനിലെ മുഖ്യധാരാ ദേശീയ മാധ്യമങ്ങള്‍ ഭരണകൂടത്തിന്റെയോ അതിന് നേതൃത്വം കൊടുക്കുന്ന വ്യക്തിയുടെയോ പ്രൊപ്പഗാന്‍ഡ ഏറ്റെടുക്കുകയും അതിന്റെ ഗുണഫലം നേടുകയും ചെയ്തത് ഏതാണ്ട് പരസ്യമായിട്ടാണെങ്കില്‍, സമൂഹ മാധ്യമക്കമ്പനികള്‍ അത് രഹസ്യമായി ചെയ്യുകയും കുറേക്കാലം അത് രഹസ്യമാക്കി വെക്കുകയും ചെയ്തു.

മുഖ്യധാരാ മാധ്യമങ്ങളോട് സംസാരിക്കാതിരിക്കുകയും ഔദ്യോഗിക വിവര വിനിമയം പോലും സമൂഹ മാധ്യമങ്ങളിലൂടെയാക്കുകയും ചെയ്ത ഭരണകൂടം സമൂഹ മാധ്യമങ്ങള്‍ക്ക് വലിയ വിശ്വാസ്യത നിര്‍മിച്ചെടുക്കുകയും അവരുടെ വിപത്കരമായ രാഷ്ട്രീയത്തിന്റെ പ്രചാരണത്തിന് വേണ്ടി അവയെ ഉപയോഗിക്കുകയും ചെയ്തു. അതിന് അരുനിന്ന് കൊടുക്കുമ്പോള്‍ സ്വന്തം കമ്പോളം വികസിപ്പിക്കുകയും അതില്‍ നിന്ന് ലാഭമെടുക്കുകയും കൂടിയാണ് ഈ കമ്പനികളൊക്കെ ചെയ്തത്. വ്യവസായത്തിന്റെ നിലനില്‍പ്പ് ലാഭനഷ്ടക്കണക്കുകളെ ആശ്രയിച്ചാകയാല്‍ പ്രസ്തുത കമ്പനികള്‍ക്ക് അതിലൊരു മനസ്താപം തോന്നേണ്ടതുമില്ല. ഈ രാഷ്ട്രീയത്തിന്റെ പ്രചാരകരായിരിക്കെത്തന്നെ ഭിന്നാഭിപ്രായം രേഖപ്പെടുത്താന്‍ മറ്റു വഴികളില്ലാത്തവരുടെ ആശ്രയ കേന്ദ്രമായി ഈ മാധ്യമങ്ങള്‍ തുടരുകയും ചെയ്തിരുന്നു. ആ നിലക്ക് അധികാരവും അതിനെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന വര്‍ഗീയ രാഷ്ട്രീയവും പ്രസരിപ്പിക്കുന്ന ആശയങ്ങളെ പ്രതിരോധിക്കാനുള്ള ഉപകരണമായി സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നവര്‍ കുറവല്ല, സാധാരണക്കാര്‍ മുതല്‍ രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ ഉന്നതര്‍ വരെ. ദേശീയതലത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തീവ്ര ഹിന്ദുത്വയുടെ പ്രചാരണ ജിഹ്വകളായി മാറിയതോടെ പ്രതിരോധത്തിന്റെ വൈക്കോല്‍ത്തുരുമ്പായി സമൂഹ മാധ്യമങ്ങള്‍ മാറുകയും ചെയ്തു.

ഈ സാഹചര്യത്തില്‍ വേണം സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പുതിയ സംവിധാനങ്ങളേര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനത്തെ കാണാന്‍. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ എന്ന് തുടങ്ങി മത – ജാതി വിഭാഗങ്ങള്‍ക്കിടയില്‍ വൈരം ജനിപ്പിക്കാന്‍ പാകത്തിലുള്ള ഉള്ളടക്കം പ്രചരിപ്പിക്കല്‍ വരെയുള്ളവ തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണ സംവിധാനങ്ങള്‍. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വെല്ലുവിളിയാകുന്നവയും തടയേണ്ടതിന്റെ പട്ടികയിലുണ്ട്. ഇവയെല്ലാം തടയപ്പെടേണ്ടതാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. തെറ്റായ വിവരങ്ങളുടെ പ്രചാരണം, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വൈരം ജനിപ്പിക്കാന്‍ പാകത്തിലുള്ള ഉള്ളടക്കം തയ്യാറാക്കി വിതരണം ചെയ്യല്‍, ഭരണഘടന നിര്‍വചിക്കുന്ന ഇന്ത്യന്‍ യൂനിയനെന്ന സങ്കല്‍പ്പത്തെ അട്ടിമറിക്കാന്‍ പാകത്തിലുള്ള ആശയങ്ങളുടെ പ്രസരണം എന്നിവയൊക്കെ ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തപ്പെടുന്ന കാലത്ത് നിയന്ത്രണ സംവിധാനങ്ങളുടെ ചുമതല എന്തായിരിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല.

മതനിരപേക്ഷ ജനാധിപത്യമെന്ന ഭരണഘടനാ സങ്കല്‍പ്പത്തിന് വിരുദ്ധമായി കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെ രാജ്യത്തെമ്പാടും സമരം നടക്കുമ്പോള്‍ സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി പ്രസംഗിച്ചാല്‍ അത് വിദ്വേഷം പ്രചരിപ്പിക്കലാണോ അല്ലയോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. അങ്ങനെയൊരു പരിശോധനക്ക് തയ്യാറാകാത്ത സമൂഹവും ഭരണഘടനാ സ്ഥാപനങ്ങളും വിദ്വേഷത്തിന്റെ പ്രചാരണമെന്നത് നാട്ടുനടപ്പായി മാറിയിട്ടുണ്ടെന്ന് പരോക്ഷമായി അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതിനെ മാതൃകയാക്കി സമൂഹ മാധ്യമങ്ങളിലുയരുന്ന ആഹ്വാനങ്ങള്‍ വിദ്വേഷം വളര്‍ത്താനുള്ള ശ്രമമായി കണക്കാക്കപ്പെടുകയുമില്ല. ഭരണകൂടം തന്നെ വിദ്വേഷ പ്രചാരകരായി മാറുന്ന കാലത്ത്, നിയന്ത്രണത്തിന് നിയോഗിക്കപ്പെടുന്ന സംവിധാനങ്ങള്‍ വിയോജിപ്പിന്റെ ശബ്ദങ്ങളുടെ ഉന്മൂലനത്തിനുള്ള ഉപാധിയായി മാറുകയാണ് ചെയ്യുക. അതിന് പാകത്തിലാണ് നിര്‍ദേശിക്കപ്പെട്ട സംവിധാന ഘടന തന്നെ.

സമൂഹ മാധ്യമ ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ ഓരോ കമ്പനിയും മൂന്നംഗ സമിതിയെ നിയോഗിക്കണം. അതിലെ രണ്ടംഗങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതിനിധികളാണ്. ഇവരുടെ തീരുമാനത്തിലുള്ള അപ്പീല്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു കമ്മിറ്റിയെ നിയമിക്കും. കേന്ദ്ര സര്‍ക്കാറിന്റെ (നരേന്ദ്ര മോദി സര്‍ക്കാറിന്റെ എന്നോ സംഘ്പരിവാരത്തിന്റെ എന്നോ തിരുത്തി വായിക്കാം) ഇംഗിതം നടപ്പാക്കുക എന്നതല്ലാതെ മറ്റൊന്നും ഈ കമ്മിറ്റികളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. മുഖ്യധാരാ മാധ്യമങ്ങളിലെ, അത് പത്രമായാലും ദൃശ്യ – ഡിജിറ്റല്‍ പ്രതലങ്ങളായാലും, ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികള്‍ പരിശോധിക്കാന്‍ സ്വതന്ത്രമായ സംവിധാനം നിലവിലുണ്ട്. അതുകൊണ്ടാണ് അടുത്തിടെ ന്യൂസ് 18 എന്ന ദൃശ്യമാധ്യമ ശൃംഖലയിലെ ഒരവതാരകനുമേല്‍ പിഴ ചുമത്താനും ആ പരിപാടി പിന്‍വലിക്കണമെന്ന് നിര്‍ദേശിക്കാനും തീരുമാനമെടുത്തത്. മുഖ്യധാരാ മാധ്യമങ്ങളുടെ കാര്യത്തില്‍ അപൂര്‍വമായെങ്കിലും അത്തരം നടപടികളുണ്ടാകുന്നുണ്ട്. സമൂഹ മാധ്യമങ്ങളുടെ കാര്യത്തിലും ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികളുണ്ടാകുന്നുണ്ട്, അങ്ങിങ്ങ് നടപടികളും. പക്ഷേ, യഥാര്‍ഥത്തില്‍ വെറുപ്പിന്റെ വിത്ത് വിതയ്ക്കുകയും അതിന്റെ വിളവ് കൊയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ എന്തെങ്കിലും നടപടികളുണ്ടാകുന്നുണ്ടോ എന്ന് സംശയം. പുതിയ സംവിധാനമുണ്ടായാലും ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന വെറുപ്പിന്റെ വ്യാപാരത്തിന്‍മേല്‍ എന്തെങ്കിലും നിയന്ത്രണമുണ്ടാകുമെന്ന് പ്രതീക്ഷിക്ക വയ്യ.

ഭരണകൂടത്തെയോ അതിന് നേതൃത്വം നല്‍കുന്ന “പ്രധാന സേവക’നെയോ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതാണ് ഇന്ത്യന്‍ യൂനിയനിലെ നടപ്പുരീതി. 2016 മുതല്‍ 2018 വരെയുള്ള കാലത്ത് ഇവ്വിധം കുറ്റം ചാര്‍ത്തപ്പെട്ടത് 332 പേര്‍ക്കുമേലാണ്. കുറ്റം ചെയ്‌തോ ഇല്ലയോ എന്ന് വിചാരണയില്‍ തെളിഞ്ഞവരുടെ എണ്ണം തുലോം കുറവാണെങ്കിലും കുറ്റം ചാര്‍ത്തപ്പെടുമെന്ന ചിന്ത ഉണര്‍ത്തുക എന്ന ലക്ഷ്യം ഭരണകൂടം നേടിയിട്ടുണ്ട്. അതുവഴി വിമര്‍ശകരുടെ എണ്ണം കുറയ്ക്കുക എന്നതിലും. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അനുവാദം നല്‍കുന്ന നിയമവ്യവസ്ഥ വ്യവഹാര വിധേയമാകുകയും അതിന്‍മേലുള്ള നടപടികള്‍ പരമോന്നത കോടതി സ്റ്റേ ചെയ്യുകയും ആ വ്യവസ്ഥ ചുമത്തി കേസെടുക്കുന്നതില്‍ നിന്ന് ഭരണകൂടം വിട്ടുനില്‍ക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തതിനാലാകണം ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാത്തത്. കൊവിഡ് വാക്‌സീന് വേണ്ടി രാജ്യത്ത് ആളുകള്‍ കാത്തിരിക്കെ എന്തിനിത് കയറ്റിയയക്കാന്‍ തിടുക്കപ്പെടുന്നുവെന്ന സാമാന്യബുദ്ധിയുടെ ചോദ്യമുന്നയിച്ചതിന് പോലും ചാര്‍ത്തപ്പെട്ടത് രാജ്യദ്രോഹക്കുറ്റമാണെന്ന് ഓര്‍ക്കുക.

സമൂഹ മാധ്യമ ഇടപെടലിനും നിരീക്ഷണത്തിനും ഏറ്റവും ബൃഹത്തായ സംവിധാനം രാജ്യത്തിന്നുള്ളത് സംഘ്പരിവാരത്തിനാണ്. അവര്‍ ഉന്നയിക്കാന്‍ പോകുന്ന പരാതി എന്തിനെക്കുറിച്ചായിരിക്കും? അതിന്‍മേല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന പരിശോധനാ സമിതി എന്ത് തീരുമാനമായിരിക്കും എടുക്കുക? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പാഴൂരു വരെയോ ആറ്റുകാല്‍ വരെയോ പോകേണ്ടതില്ല. വിയോജിപ്പിന്റെ ഇല അനങ്ങാത്ത, സംഘ്പരിവാരം ആസൂത്രണം ചെയ്യുന്ന വിദ്വേഷ പ്രചാരണത്തിന് മണല്‍ത്തരിയുടെ വിഘാതം പോലും നേരിടേണ്ടതില്ലാത്ത സമൂഹ മാധ്യമ കാലമാണ് പുതിയ നിയന്ത്രണ സംവിധാനത്തിലൂടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉന്നമിടുന്നത്.

ഗവര്‍ണര്‍, ഗവര്‍ണര്‍ക്കു വേണ്ടി ഗവര്‍ണറാല്‍ ഭരിക്കപ്പെടുന്ന സംസ്ഥാനങ്ങളും സംഘ്പരിവാരം സംഘ്പരിവാരത്തിനു വേണ്ടി സംഘ്പരിവാരത്തിനാല്‍ ഭരിക്കപ്പെടുന്ന രാജ്യവും! അവിടെ വിയോജിപ്പുകളുണ്ടാകുന്നത് പൊറുക്കാവതല്ല. ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവരെ ഭീകരവാദത്തിന്റെ കുറി തൊടീക്കാന്‍ കൂടിയാണ് എല്ലാ സംസ്ഥാനങ്ങളിലും എന്‍ ഐ എ യൂനിറ്റുകള്‍ വരുന്നത്.

Latest