Education
അറിവാര്‍ജിത സമൂഹമാവുക; ഹൈ ബ്രൈറ്റ് ഫ്യൂചര്‍ സമ്മിറ്റിന് സമാപനം
'ഇനോവേറ്റ് ടുഡേ, ഇവോള്‍വ് ടുമോറോ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി രണ്ട് ദിവസങ്ങളിലായി വിവിധ സെഷനുകളില്‍ സംഘടിപ്പിച്ച സമ്മിറ്റില്‍ അക്കാദമിക് വിദഗ്ധര്‍, ടെക്‌നോളജി വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, സംരംഭകര്‍ എന്നിവര്‍ സംവദിച്ചു

കുറ്റ്യാടി | സിറാജുല്‍ ഹുദ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാര്‍ഥി സംഘടനയായ ഹിദ സംഘടിപ്പിച്ച ‘ഹൈ ബ്രൈറ്റ് ഫ്യൂചര്‍ സമ്മിറ്റിന്’ സമാപനം. ‘ഇനോവേറ്റ് ടുഡേ, ഇവോള്‍വ് ടുമോറോ’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി രണ്ട് ദിവസങ്ങളിലായി വിവിധ സെഷനുകളില്‍ സംഘടിപ്പിച്ച സമ്മിറ്റില്‍ അക്കാദമിക് വിദഗ്ധര്‍, ടെക്‌നോളജി വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, സംരംഭകര്‍ എന്നിവര്‍ സംവദിച്ചു.
എന്‍ എസ് അബ്ദുല്‍ ഹമീദ് നേതൃത്വം നല്‍കിയ ‘രാഷ്ട്രനിര്‍മാണത്തിലെ ന്യൂനപക്ഷങ്ങളുടെ പങ്ക്’ എന്ന സെഷനോടെ പരിപാടിക്ക് തുടക്കമായി. ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ സാധ്യതകളെക്കുറിച്ച് വെഫി കൗണ്‍സിലര്‍ ജാഫര്‍ സാദിഖ് സംവദിച്ചു. ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളും ലഭ്യമായ കോഴ്‌സുകളും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. അറിവുള്ള സമൂഹമാവുക എന്ന സന്ദേശത്തില്‍ ഊന്നിയായിരുന്നു അവതരണം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന ഹൈ ബ്രൈറ്റ് സമ്മിറ്റില്‍ നിര്‍മിത ബുദ്ധിയുടെ അനന്ത സാധ്യതകളെക്കുറിച്ച് നോട്ട് എ ഐ യുടെ സ്ഥാപകനും സി ഇ ഒയുമായ അന്‍സാര്‍ എം പി സംവദിച്ചു. വിദ്യാര്‍ഥികളുടെ സജീവ ഇടപെടലും സ്ഥാപനത്തിന്റെ സഹകരണവും പരിപാടിയെ കൂടുതല്‍ ശ്രദ്ധേയമാക്കി. ഉവൈസ് ബുഖാരിയുടെ സാന്നിധ്യത്തില്‍ സമ്മിറ്റ് സമാപിച്ചു.