Kerala
തിരുവനന്തപുരം കലക്ടറേറ്റില്‍ തേനീച്ച ആക്രമണം; ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കുത്തേറ്റു
കലക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയായിരുന്നു.

തിരുവനന്തപുരം | തിരുവനന്തപുരം കലക്ടറേറ്റില്‍ തേനീച്ച ആക്രമണം. കലക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനക്കെത്തിയ ബോംബ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. കലക്ടറേറ്റ് ജീവനക്കാരും പോലീസുകാരും ആക്രമണത്തിന് ഇരയായി.
ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നതിനിടെ കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയായിരുന്നു. പരിശോധന നടക്കുന്ന സമയത്ത് ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇവര്‍ക്കിടയിലേക്കാണ് തേനീച്ചക്കൂട് ഇളകി വീണത്. കുത്തേറ്റ് അവശനിലയിലായവരെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. കലക്ടറേറ്റിലെ ഔദ്യോഗിക മെയിലിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം എത്തിയത്. ഇതേ തുടര്‍ന്നാണ് ബോംബ് സ്‌ക്വാഡ് പരിശോധനക്കെത്തിയത്.
ഇന്ന് പത്തനംതിട്ട കലക്ടറേറ്റിലും ബോംബ് ഭീഷണിയെ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. അഫ്‌സല്‍ ഗുരുവിനെ നീതി നിഷേധിച്ച് തൂക്കിലേറ്റിയതിനെ ഓര്‍മപ്പെടുത്താനാണ് ബോംബ് വെച്ചിരിക്കുന്നതെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ കുറിച്ചിരുന്നത്. ഇതിന് സമാനമായ വാചകങ്ങള്‍ തന്നെയാണ് തിരുവനന്തപുരത്തു ലഭിച്ച മെയിലിലും ഉണ്ടായിരുന്നത്.