prathivaram poem
ആത്മഹത്യക്ക് മുമ്പ് ഒരാൾ...
ആത്മഹത്യക്ക് മുമ്പ് ഒരാൾ ആത്മഹത്യയെ കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിച്ചിട്ടേ ഉണ്ടാവില്ല...
ആത്മഹത്യക്ക് മുമ്പ്
അയാൾ
ദീർഘമായി നടന്നിരിക്കുമോ
ചിലപ്പോൾ
അയാൾ
എവിടെയെങ്കിലുമൊന്ന്
ഇരുന്നിരിക്കുമോ
പിന്നെയുമയാൾ
കുതിര വേഗത്തിൽ
മനസ്സിനൊപ്പം
ഓടിയിരിക്കുമോ
എവിടെയും
പിടിച്ചു നിൽക്കാൻ പറ്റാത്ത വിധം
തളർന്നിരിക്കുമോ
അപ്പോഴൊന്നും
അയാൾ
ആത്മഹത്യയിലേക്കെത്തിയിരുന്നില്ലെന്ന്
പറയാമോ
ആത്മഹത്യക്ക് മുമ്പ്
അയാൾ
എന്തെങ്കിലും വായിച്ചിരിക്കുമോ
ഒരു റേഡിയോ
കേട്ടിരിക്കുമോ
ഒരു ടെലിവിഷൻ
കണ്ടിരിക്കുമോ
വാട്സ്ആപ്പും
ഫെയ്സ് ബുക്കും
യൂട്യൂബും
എക്സും തുറന്നു നോക്കിയിരിക്കുമോ
ഒന്നിനും
ആവാത്ത വിധം
അയാൾ
അഗാധമായ ഏതാഴത്തിലാവും
വീണിട്ടുണ്ടാവുക
ആത്മഹത്യക്ക് മുമ്പ്
ഒരാൾ
ആത്മഹത്യയെ കുറിച്ചല്ലാതെ
മറ്റൊന്നും ചിന്തിച്ചിട്ടേ ഉണ്ടാവില്ല…
അച്ഛൻ, അമ്മ
സഹോദരങ്ങൾ
ഭാര്യ
മക്കൾ
കൂട്ടുകാർ
ഇവയിലൊന്നിലുമുടക്കാതെ
എന്തെളുപ്പത്തിലാണ്
ഒരാൾ
ആത്മഹത്യയിലെത്തുന്നത്.