Connect with us

തെളിയോളം

തന്നെത്തന്നെ അടിക്കും മുമ്പ്

നമ്മൾ പൂർണരല്ല, നമുക്ക് സംഭവിച്ച ഒന്ന് നമ്മുടെത് മാത്രമായ ഒരു അനുഭവമല്ല. അപൂർണതയുടെ മഹാലോകത്ത് നാം ഒറ്റക്കല്ല എന്ന് വിശാല ചിന്തയോടെ നമ്മുടെ കുറവുകളെയും പരാജയങ്ങളെയും സമീപിക്കാം. ഞാനെന്താ ഇങ്ങനെ എന്ന് സ്വയം ശപിക്കുന്ന ഘട്ടങ്ങളിൽ നിങ്ങളുടെ പോരായ്മകൾ മനുഷ്യാവസ്ഥയുടെ സ്വാഭാവിക വശങ്ങൾ മാത്രമാണെന്നും നിങ്ങളുടെ ബുദ്ധിമുട്ടുകൾ എല്ലാവരും കടന്നുപോകുന്ന ജീവിതത്തിന്റെ ഭാഗമാണെന്നും അപര്യാപ്തതകളുടെ വലിയ സഞ്ചയമാണ് ജീവിതമെന്നും ആശ്വസിക്കാൻ പഠിക്കണം.

Published

|

Last Updated

ചില സന്ദർഭങ്ങളിലെങ്കിലും നിങ്ങൾക്ക് നിങ്ങളോട് തന്നെ കോപം തോന്നിയിട്ടില്ലേ? ചെയ്തുപോയ അല്ലെങ്കിൽ പറഞ്ഞുപോയ ഒരു കാര്യത്തിൽ ഖേദമോ സങ്കടമോ അനുഭവപ്പെടുകയും അത് സ്വന്തം മനസ്സിൽ നിന്ന് മായാതെ ഏറെ സമയം സ്വയം കുറ്റപ്പെടുത്തലിന്റെ വിവിധ ഭാവങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യാത്തവർ കുറവായിരിക്കും. അറിയാതെ വന്നുപോകുന്ന നമ്മുടെ ചില പെരുമാറ്റങ്ങളിൽ അങ്ങേയറ്റം തന്നെത്തന്നെ ശപിച്ചും തലയിലടിച്ചും പ്രതികരിക്കുന്ന അത്രമാത്രം ഗുണകരമായ ശീലമല്ല. സ്വയം പഴിക്കുന്ന സ്വഭാവം അമിതമോ അതിരു വിടുന്നതോ ആകുന്നത് ചില സാഹചര്യങ്ങളിൽ അത്യന്തം അപകടകരം കൂടിയാണ്. നമ്മോട് തന്നെ നാം പ്രകടിപ്പിക്കേണ്ട ദയയും അനുകമ്പയും അതിന്റെ പാരമ്യത്തിലാകേണ്ടത് ഇത്തരം സന്ദർഭങ്ങളിലാണ്.

നാം സ്വയം വിമർശിക്കുമ്പോഴും അല്ലെങ്കിൽ നമ്മുടെ പ്രവർത്തികളെക്കുറിച്ചും മനോഭാവത്തെക്കുറിച്ചും അതിലെ ശരിയും തെറ്റും കണ്ടെത്തി സ്വയം വിധികർത്താവ്‌ ആകാൻ ശ്രമിക്കുമ്പോഴും യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നത്‌? ഈ സ്വയം വിമർശനം എല്ലായ്പോഴും നമ്മുടെ പോരായ്മകളെ അകറ്റി കുറെക്കൂടി മെച്ചപ്പെട്ട മാറ്റത്തിനുള്ള പരിഹാരമാകുന്നുണ്ടോ?

സ്വന്തം ചെയ്തികളെ വിശകലനം ചെയ്യുന്നതിലും അതിൽ പാളിച്ചകൾ സംഭവിക്കുമ്പോൾ അത് മനസ്സിലാക്കി തിരുത്താൻ ശ്രമിക്കുന്നതുമല്ല പ്രശ്നം. പറ്റിപ്പോയ അബദ്ധത്തിൽ മനം നൊന്ത് സ്വയം ക്രൂശിക്കുന്ന തരത്തിലേക്ക് തുടർന്നുള്ള ഓരോ പെരുമാറ്റവും ഭീമാബദ്ധങ്ങളായി തീരുന്നതാണ് ശ്രദ്ധിക്കേണ്ടത്. അതിരു വിട്ട സ്വയം പഴിക്കൽ മറ്റുള്ള എല്ലാ ചിന്തകളെയും പെരുമാറ്റങ്ങളേയും ബാധിക്കുകയോ, അതിൽ തന്നെ വളരെക്കാലം നീണ്ടുനിൽക്കുകയോ ചെയ്യുന്നത് ഗുരതരമായ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് വരെ കൊണ്ടുചെന്ന് എത്തിക്കാം.

മറ്റൊരാളുടെ കഷ്ടപ്പാടിലും സങ്കടങ്ങളിലും അവരോട് ചേർന്നു നിന്ന് അനുകമ്പയോടെ ഇടപെടാനും അവരെ ആശ്വസിപ്പിക്കാനും നമുക്ക് വളരെ എളുപ്പമാണ്. ഇതേ ദയയും അനുകമ്പയും സ്നേഹവും നമുക്ക് നമ്മോടും ആവശ്യമാണ്. നമ്മുടെ പരാജയങ്ങൾ, വിചാരിച്ചതു പോലെ കാര്യങ്ങൾ നടക്കായ്ക, വീഴ്ചകൾ, മനോവ്യഥകൾ ഇവയിലൊക്കെ നമ്മോട് തന്നെ ദയയും സ്വയം മനസ്സിലാക്കലും കാണിക്കുന്നതാണ് ആരോഗ്യകരമായ സമീപനം. നമ്മെത്തന്നെ വേദനിപ്പിക്കുന്ന ഖേദകരമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ വിമർശനാത്മകമായി അല്ലെങ്കിൽ നമ്മെത്തന്നെ കഠിനമായി വിലയിരുത്തുന്നതിനുപകരം, സ്വയം വിധിയുടെ നെഗറ്റീവ് സ്വാധീനം തിരിച്ചറിയാനും പകരം ഊഷ്മളതയോടും ക്ഷമയോടും കൂടെ പെരുമാറാനും നമുക്ക് കഴിയണം.

നമ്മൾ ഒരു “ഇമ്മിണി ബല്യ ഒന്നിന്റെ’ ഭാഗമാണ് എന്ന ചിന്തയോടെ സ്വയം അംഗീകരിക്കുകയും ക്ഷമിക്കുകയും സഹിഷ്ണുത പുലർത്തുകയും ചെയ്യുന്നത് ശീലിച്ചു നോക്കു. നമ്മൾ പൂർണരല്ല, നമുക്ക് സംഭവിച്ച ഒന്ന് നമ്മുടെത് മാത്രമായ ഒരു അനുഭവമല്ല. അപൂർണതയുടെ മഹാലോകത്ത് നാം ഒറ്റക്കല്ല എന്ന് വിശാല ചിന്തയോടെ നമ്മുടെ കുറവുകളെയും പരാജയങ്ങളെയും സമീപിക്കാം. ഞാനെന്താ ഇങ്ങനെ എന്ന് സ്വയം ശപിക്കുന്ന ഘട്ടങ്ങളിൽ നിങ്ങളുടെ പോരായ്മകൾ മനുഷ്യാവസ്ഥയുടെ സ്വാഭാവിക വശങ്ങൾ മാത്രമാണെന്നും നിങ്ങളുടെ ബുദ്ധിമുട്ടുകൾ എല്ലാവരും കടന്നുപോകുന്ന ജീവിതത്തിന്റെ ഭാഗമാണെന്നും അപര്യാപ്തതകളുടെ വലിയ സഞ്ചയമാണ് ജീവിതമെന്നും ആശ്വസിക്കാൻ പഠിക്കണം.

മറ്റുള്ളവരെക്കുറിച്ച് അനുകമ്പയോടെ ചിന്തിച്ച് ശീലിക്കുന്നത് ആത്മദയ പരിശീലിക്കാൻ പറ്റിയ വഴിയാണ്. നിങ്ങളുടെ ഫോൺ കോൾ അറ്റന്റ് ചെയ്യാത്ത സുഹൃത്തിന് തക്കതായ കാരണങ്ങൾ ഉണ്ടാകാം. അവൻ തിരിച്ചു വിളിച്ചു കൊള്ളും. അവൻ മറന്നതാകാം. ഇങ്ങനെ സാധാരണ തന്നെ ഉണ്ടാകുന്ന നെഗറ്റീവ് ചിന്ത വരാവുന്ന സാഹചര്യങ്ങളെ വളരെ സഹിഷ്ണുതയോടെ കൈകാര്യം ചെയ്ത് ശീലിക്കാം. നമുക്ക് തന്നെ ഇത്തരം ഒരു അനുഭവം വന്നുപെടുമ്പോൾ സുഹൃത്തിനോട് കാണിക്കുന്ന ഇതേ സഹാനുഭൂതിയും ക്ഷമയും നമ്മോടും പുലർത്താൻ ഇത് നമ്മെ പാകപ്പെടുത്തും. നമ്മൾ നമ്മെത്തന്നെ അടിക്കുന്ന സാഹചര്യം വരുമ്പോഴേക്കും നമ്മെ അടിച്ചിരുത്തുക എന്ന സ്വയം ബോധത്തിന്റെ അവസ്ഥയിലേക്ക് പതിയെ നമുക്ക് വളരാനാകും. ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി എന്നത് ഒരു മേന്മയായി പറയരുത്. ഞാനതിൽ നിന്ന് മുക്തനായി എന്ന് പറയാൻ ശീലിക്കുക.

Latest