prathivaram poem
നോട്ടിഫിക്കേഷന്‍ വരും മുമ്പ്...
തിരിച്ചു വന്ന വെയിൽ ഭൂമിയെ കടിച്ചു പറിക്കുന്നുണ്ടായിരുന്നു...
1
വെയിൽ വെള്ളം കുടിക്കാൻ പോയ
ഒരുച്ച സമയത്താണ്
ചുരിദാറിനു മുകളിൽ
ഒരു പച്ച കോട്ടിട്ട്
ഹരിതകർമ സേനയിലെ
അനിതേച്ചി വന്നത്.
തിരിച്ചു വന്ന വെയിൽ
ഭൂമിയെ കടിച്ചു പറിക്കുന്നുണ്ടായിരുന്നു…
ഉള്ളതൊക്കെ ചാക്കിൽ കെട്ടി
ഒറ്റയ്ക്ക് തലയിലേറ്റി
അനിതേച്ചി നടന്നകന്നു…
വെയിൽ കൊത്തേറ്റ്
2
മഴ വെയിൽ കായാൻ പോയ
ഒരുച്ചയ്ക്കാണ്
പാതി നനഞ്ഞ്
അനിതേച്ചി വന്നത്
തിരിച്ചു വന്ന മഴ
ഭൂമിയെ അപ്പാടെ നനച്ചെടുത്തിരുന്നു.
തൊടിയിലപ്പോൾ
റീൽസു കളിക്കാരി
മഴ നനഞ്ഞ് മെഴുകി
റീൽസു പിടിക്കുന്നു.
പാവം
അനിതേച്ചി
പമ്പേഴ്സും പാഡും
പഴന്തുണിയും
ചാക്കിൽ കെട്ടി
തലയിലേറ്റുന്നുണ്ടാവുമപ്പഴും
മഴ നനഞ്ഞ്
3
പിന്നെ,
വെയിലും മഴയും
ഒപ്പരം വന്ന ഒരു രാവിലെയാണ്
അനിതേച്ചി വന്നത്
” കുറുക്കന്റെ കല്യാണം’
ഇല്ല
വീട്ടിലിനിയൊരു ചപ്പും, ചവറുമില്ല
എല്ലാം
ഹരിതകർമ സേനയിലെ
അനിതേച്ചി
തൂത്തുവാരിയിരുന്നു..
ശ്ലീലമല്ലാത്തൊരു
റീൽസിന്റെ
നോട്ടിഫിക്കേഷൻ വരും മുമ്പ്.
വെയിലും മഴയും ഒരുമിച്ചു വന്നാൽ
കുറുക്കന്റെ കല്യാണമാണെന്ന്
നാട്ടിലെ കുട്ടികൾക്കിടയിലെ ഒരു ചൊല്ല്