Connect with us

Articles

കേഴുന്ന ഭാരത നാരികള്‍

അങ്ങനെയാണ് ആദ്യകാല നേതാക്കള്‍ വിശുദ്ധമാക്കിയ ബലാത്സംഗവും ആയുധമെടുക്കലും പ്രാവര്‍ത്തികമാക്കാന്‍ ശോഭ കോട്‌നാനിമാരും ബാബു ബജ്‌റംഗിമാരുമൊക്കെ പില്‍ക്കാലത്തും മുന്നോട്ടു വരാനിടയാകുന്നത്. ബില്‍ക്കീസ് ബാനുവിനെ ചവച്ച് തുപ്പിയവരെ ജയില്‍ മോചിതരാക്കി മാലയിട്ടു സ്വീകരിച്ച് അത് മുന്നേറുകയാണ്. അപ്പോഴും മറുവശത്ത് നാരീശക്തി എന്നുദ്‌ഘോഷിക്കാന്‍ ഇവര്‍ക്ക് ഒരു മടിയുമില്ല.

Published

|

Last Updated

വര്‍ഗീയ കലാപങ്ങളില്‍ പങ്കെടുത്ത് രക്തമുറയുന്ന ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ മിക്കവരും അതുവരെ സ്വച്ഛമായ ജീവിതം നയിച്ച ഗണത്തിലുള്ളവരാണ്. പൈശാചിക ഭാവത്തിലേക്കുള്ള ഈ കൂടുമാറ്റം ക്രിമിനോളജിസ്റ്റുകള്‍ പലപ്പോഴും വിശകലനം ചെയ്തിട്ടുണ്ട്. വിഷലിപ്തവും ഹീനവുമായ ആശയങ്ങളുടെ സ്വാധീനമാണ് ഇന്നലെ വരെ സൗഹൃദ ഭാവത്തില്‍ പെരുമാറി പോന്ന അയല്‍ക്കാരനെ ഒരു സുപ്രഭാതത്തില്‍ ശത്രുവായി കാണാന്‍ സാധാരണ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. 2002 ഫെബ്രുവരിയിലെ ഗുജറാത്ത് കലാപം പുതിയ കാലത്ത് ആശയ നിര്‍മിതിയിലൂടെ വംശഹത്യ അരങ്ങേറ്റിയതിന്റെ കൃത്യമായ ഉദാഹരണമാണ്.
1963ല്‍ വി ഡി സവര്‍ക്കര്‍ പ്രസിദ്ധീകരിച്ച തന്റെ അവസാന കൃതിയാണ് ‘സിക്‌സ് ഗ്ലോറിയസ് എപോക്‌സ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’ എന്ന പുസ്തകം. ബലാത്സംഗം നിയമാനുസൃതമായ ഒരു രാഷ്ട്രീയ ആയുധവും മതധര്‍മവുമാണെന്ന് അദ്ദേഹം സമര്‍ഥിക്കുന്നു. അതിന് ആധാരമാക്കിയ ചരിത്രം പതിനൊന്നാം നൂറ്റാണ്ട് തൊട്ടുള്ള വടക്കേ ഇന്ത്യയുടേതാണ്. പക്ഷേ അതെഴുതി വെച്ചത് ഹിന്ദു-മുസ്‌ലിം വര്‍ഗീകരണം ലക്ഷ്യം വെച്ച് ബ്രിട്ടീഷുകാരായിരുന്നുവെന്ന് സവര്‍ക്കര്‍ ബോധപൂര്‍വം മറക്കാന്‍ ശ്രമിച്ചു. ഡല്‍ഹി സുല്‍ത്താനേറ്റും മുഗളരും ചേര്‍ന്ന ഏഴര നൂറ്റാണ്ടു കാലം ഇന്ത്യയില്‍ ഒരു വര്‍ഗീയ കലാപം പോലും നടന്നിട്ടില്ല. ജനസംഖ്യയിലെ ഹിന്ദു-മുസ്‌ലിം അനുപാതത്തിന് മാറ്റം സംഭവിച്ചിട്ടുമില്ല. ഇന്ത്യയില്‍ ഹിന്ദു-മുസ്‌ലിം ഐക്യം നിലനില്‍ക്കുന്നിടത്തോളം തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണ് എന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായ എഡ്വര്‍ഡ് ലാ എലന്‍ബര്‍ഗാണ് ഇന്ത്യയില്‍ വര്‍ഗീയതക്കുള്ള വിത്തു പാകിയത്. ഇംഗ്ലണ്ടില്‍ നിന്ന് വിളിച്ചു വരുത്തിയ സ്മിത്തും ഏലിയട്ടും എല്‍ഫിന്‍സ്റ്റനും ചരിത്രം കൃത്യമായി വളച്ചൊടിച്ചു.
മുസ്‌ലിം പേരുള്ള ചക്രവര്‍ത്തിമാരുടെ ഭരണകാലത്തെ അധിനിവേശമാക്കി മൂവര്‍ സംഘം പുനരവതരിപ്പിച്ചു. സമ്പത്ത് സൂക്ഷിച്ചുപോന്ന ആരാധനാലയങ്ങള്‍ ശത്രുരാജ്യ അക്രമണങ്ങളില്‍ കൈയേറുന്നത് പതിവായിരുന്നു. അത് മുസ്‌ലിം നാമധാരികളുടെ കാര്യത്തില്‍ ക്ഷേത്ര ധ്വംസനമായി പൊലിപ്പിച്ചെടുത്തു. സ്റ്റണ്ടും സെക്‌സും ക്രൈമും ചേര്‍ന്ന അപസര്‍പ്പക ചരിത്രാഖ്യാനത്തിലൂടെ ബ്രിട്ടീഷുകാര്‍ ലക്ഷ്യം നേടി. 1850കള്‍ക്ക് ശേഷം വര്‍ഗീയ കലാപങ്ങള്‍ മുളപൊട്ടി തുടങ്ങി. 1905ലെ ബംഗാള്‍ വിഭജനം വര്‍ഗീയതയെ ഔദ്യോഗിക അജന്‍ഡയാക്കി മാറ്റി. അവസാനം രാജ്യം മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ അന്തിമമായി അതിടവരുത്തി. ബ്രിട്ടീഷുകാര്‍ പരീക്ഷിച്ചു വിജയിച്ച പ്രത്യയശാസ്ത്രം അധമമെന്ന് അറിയാമായിരുന്നിട്ടും അതിന്റെ പ്രഹരശേഷി മുതലാക്കാന്‍ തീരുമാനിച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രമായി സംഘ്പരിവാര്‍ മാറി. അങ്ങനെയാണ് ആദ്യകാല നേതാക്കള്‍ വിശുദ്ധമാക്കിയ ബലാത്സംഗവും ആയുധമെടുക്കലും പ്രാവര്‍ത്തികമാക്കാന്‍ ശോഭ കോട്‌നാനിമാരും ബാബു ബജ്‌റംഗിമാരുമൊക്കെ പില്‍ക്കാലത്തും മുന്നോട്ടു വരാനിടയാകുന്നത്. ബില്‍ക്കീസ് ബാനുവിനെ ചവച്ച് തുപ്പിയവരെ ജയില്‍ മോചിതരാക്കി മാലയിട്ടു സ്വീകരിച്ച് അത് മുന്നേറുകയാണ്. അപ്പോഴും മറുവശത്ത് നാരീശക്തി എന്നുദ്‌ഘോഷിക്കാന്‍ ഇവര്‍ക്ക് ഒരു മടിയുമില്ല.

നാരികള്‍ ലജ്ജിക്കുക
ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ഒരു കായിക താരം ഏതൊരു രാജ്യത്തിന്റെയും പൊതു സ്വത്തായി കണക്കാക്കപ്പെടും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ 2016 ഒളിമ്പിക് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിന് തനിക്കും സഹതാരങ്ങള്‍ക്കുമെതിരെ നടന്ന ലൈംഗിക പീഡനത്തില്‍ നടപടിയെടുപ്പിക്കാന്‍ ശ്രമിച്ച് വീണ്ടും അപമാനിതയാകേണ്ടി വന്ന സാഹചര്യം ഇന്ത്യയിലുണ്ടായി. പീഡകര്‍ക്കൊപ്പമാണ് പുതിയ ഇന്ത്യ എന്ന് മനസ്സിലാക്കിയ അവര്‍ പാദുകമഴിച്ച് കായിക രംഗം വിടുകയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ലോകം ഇന്ത്യയെ നോക്കി മൂക്കത്ത് വിരല്‍ വെച്ചു. പത്മശ്രീ തിരിച്ചു നല്‍കി ബജ്റംഗ് പുനിയയും അര്‍ജുന തിരിച്ചു നല്‍കി വിനേഷ് ഫോഗട്ടും ബധിര ഒളിമ്പിക്‌സ് സ്വര്‍ണമുപേക്ഷിച്ച് വിരേന്ദര്‍ സിംഗ് യാദവും സാക്ഷിയുടെ കൂടെയുണ്ട്. അങ്ങേയറ്റം പ്രിവിലേജുള്ള അന്താരാഷ്ട്ര പ്രശസ്തരായ ഒളിമ്പിക് മെഡല്‍ ജേതാക്കളായ ഇന്ത്യന്‍ വനിതകളുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണ നാരിയുടെ അവസ്ഥ പറയേണ്ടതില്ല. അപ്പോഴും മറുവശത്ത് ഇവര്‍ നാരീശക്തി എന്നുദ്‌ഘോഷിച്ചു കൊണ്ടേയിരിക്കുന്നു.

മണിപ്പൂര്‍
എല്ലാ കലാപങ്ങളിലുമെന്ന പോലെ മണിപ്പൂരിലും രൂക്ഷമായ കെടുതികള്‍ക്കിരയായത് സ്ത്രീകളും കുട്ടികളുമായിരുന്നു. അസംഖ്യം സ്ത്രീകളാണ് മാനഹാനിക്ക് ശേഷം തെരുവിലെറിയപ്പെട്ടത്. സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത പ്രധാനമന്ത്രി 78 ദിവസങ്ങളുടെ മൗനത്തിനു ശേഷം നടത്തിയ പരാമര്‍ശത്തിന്റെ ദൈര്‍ഘ്യം 36 സെക്കന്‍ഡായിരുന്നു. മൂന്ന് സ്ത്രീകളെ നഗ്‌നരാക്കി പരേഡ് നടത്തി അട്ടഹസിക്കുന്ന അക്രമികളുടെ വീഡിയോ അതിനോടകം ലോകം മുഴുവന്‍ വൈറലായ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് വേറെ വഴിയില്ലായിരുന്നു എന്നതാണ് സത്യം. നാരീശക്തി എന്നുദ്‌ഘോഷിക്കാന്‍ ഇതൊന്നും ഇവര്‍ക്ക് തടസ്സമല്ല.
ഭാരതീയ നാരിയുടെ ശോചനീയാവസ്ഥ എല്ലാ രംഗങ്ങളിലും മുഴച്ചു നില്‍ക്കുന്നു. 156 രാജ്യങ്ങളുള്ള ജെന്‍ഡര്‍ ഡെവലപ്‌മെന്റ് ഇന്‍ഡ്ക്‌സില്‍ ഇന്ത്യയുടെ സ്ഥാനം 140 ആണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക ഇടപെടലുകള്‍ക്കുള്ള അവസരം എന്നിവയെ ആധാരമാക്കിയാണ് ഇന്‍ഡക്‌സ് നിശ്ചയിക്കുന്നത്. നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം പ്രത്യുത്പാദനക്ഷമതാ പരിധിയിലുള്ള ഇന്ത്യന്‍ സ്ത്രീകളില്‍ 30 ശതമാനം പേരും പോഷകാഹാര കമ്മിയും ഭാരക്കുറവും നേരിടുന്നു. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠന പ്രകാരം ഇന്ത്യന്‍ സ്ത്രീകളില്‍ കേവലം 26 ശതമാനം മാത്രമാണ് ഡിജിറ്റല്‍ പരിധിയില്‍ വരുന്നത്. ഇന്ത്യയുടെ വനിതാ തൊഴില്‍ ശക്തി പ്രാതിനിധ്യം ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ രാജ്യങ്ങള്‍ക്ക് താഴെയാണ്.

മോദി ഗ്യാരന്റി എന്ന പേരില്‍ പ്രധാനമന്ത്രി തൃശൂരില്‍ പ്രധാനമായി അവകാശപ്പെട്ടത് രണ്ട് കാര്യങ്ങളായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനയും പി എം ഉജ്വല്‍ യോജനയുമാണത്. 1985 മുതല്‍ നിലവിലുള്ള പാര്‍പ്പിട പദ്ധതിയായ ഇന്ദിരാ ആവാസ് യോജന 2015ല്‍ മോദി സര്‍ക്കാര്‍ പേരുമാറ്റി പി എ വൈ ആക്കി മാറ്റി എന്നതില്‍ കവിഞ്ഞ് പ്രധാനമന്ത്രി ആവാസ് യോജനക്ക് മറ്റു പുതുമകളൊന്നുമില്ല. ഉജ്വല്‍ യോജന വെബ്‌സൈറ്റ് കണക്ക് പ്രകാരം 9.49 കോടി സിലിന്‍ഡറുകള്‍ വിതരണം ചെയ്തു എന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. 2021-22ല്‍ ഇത് 9.3 കോടിയായിരുന്നു. എന്നാല്‍ 93 ലക്ഷം സിലിന്‍ഡര്‍ ഉടമകള്‍ ഇന്നേവരെ ഒരിക്കല്‍ പോലും അതില്‍ ഗ്യാസ് നിറച്ച് ഉപയോഗിച്ചിട്ടില്ല. 1.08 കോടി സിലിന്‍ഡര്‍ ഉടമകള്‍ ഒരു തവണ മാത്രമാണ് ഗ്യാസ് നിറച്ചത്. 5.4 കോടി ഗുണഭോക്താക്കള്‍ ശരാശരി മൂന്ന് തവണ മാത്രമാണ് ഗ്യാസ് നിറക്കാന്‍ മുന്നോട്ടു വന്നത്. ആദ്യം മുഴുവന്‍ തുകയും അടച്ച് ഗ്യാസ് വാങ്ങിയവര്‍ക്ക് പിന്നീടാണ് സബ്‌സിഡി അക്കൗണ്ടിലൂടെ നല്‍കുന്നത്. ഭീമമായ തുക നല്‍കി ഗ്യാസ് വാങ്ങാന്‍ ഗതിയില്ലാത്തവര്‍ ഗ്യാസ് സിലിന്‍ഡര്‍ സൗകര്യം വേണ്ടെന്നു വെക്കുകയാണ്. നരേന്ദ്ര മോദി അധികാരത്തിലേറുമ്പോള്‍ 527 രൂപയുണ്ടായിരുന്ന 14.2 കിലോഗ്രാം എല്‍ പി ജി സിലിന്‍ഡര്‍ 2022ല്‍ 1,053 രൂപയെന്ന റെക്കോര്‍ഡ് കൈവരിച്ചിരുന്നു. ഇരട്ടിയായി വര്‍ധിപ്പിച്ച ഗ്യാസ് സിലിന്‍ഡര്‍ വിലയും സബ്‌സിഡി വെട്ടിക്കുറക്കലും പി എം ഉജ്വല്‍ പദ്ധതിയെ ഏട്ടിലെ പശുവാക്കി മാറ്റി. ആരോഗ്യ വകുപ്പ് സര്‍വേ പ്രകാരം ഇന്ത്യയിലെ 50 ശതമാനം വീടുകളും പരമ്പരാഗത രീതികളിലാണ് പാചക ആവശ്യത്തിന് അടുപ്പ് കൂട്ടുന്നത്.

യാഥാര്‍ഥ്യങ്ങള്‍ മുന്നില്‍ വന്നു നിന്ന് പല്ലിളിച്ച് കാട്ടുമ്പോഴും മായയും മിഥ്യയും സത്യമെന്ന് വരച്ചു കാട്ടുന്ന പി ആര്‍ അപദാനങ്ങളിലൂടെയാണ് പ്രധാനമന്ത്രി നീങ്ങുന്നത്. ഭയപ്പെടുത്തി വിമര്‍ശകരുടെ വായടപ്പിച്ച് സ്തുതിപാഠകരെ വഴിനീളെ നിരത്തിനിര്‍ത്തി ആരവമുണ്ടാക്കുകയാണ്. എല്ലാവരെയും എല്ലാകാലത്തും എങ്ങനെയും പറ്റിക്കാമെന്ന ആത്മവിശ്വാസം ഒരുനാള്‍ പൂര്‍ണ വിരാമത്തിലെത്താതെ തരമില്ല.

Latest