Connect with us

സയൻസ് സ്ലാം

ആ രഹസ്യത്തിനു പിന്നിൽ...

ദിനോസറുകളുടെ പിൻഗാമികളെക്കുറിച്ച് വ്യക്തമായ ധാരണ നമുക്കുണ്ടോ? ദിനോസർ കാലഘട്ടം കഴിഞ്ഞ ഉടനെ നമ്മൾ കാണുന്ന ഇപ്പോഴുള്ള ജീവികളുടെ പിൻഗാമികൾ ഉണ്ടായതാണോ? എന്നാലിതാ. ദിനോസറുകളുടെ പിൻഗാമികളെ അറിഞ്ഞോളൂ.. അവക്കും ദിനോസറുകളോട് സമാനമായ ശരീരഘടനയായിരുന്നു. അതിലൊരു പിൻഗാമിയാണ് താറാവ്മൂക്കൻ ദിനോസർ. അതിന്റെ ഫോസിൽ ചൈനയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നു. 70 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലാണിത്. അങ്ങനെ അധികം അറിയാത്തതും കാഴ്ചക്കും കേൾവിക്കും രസകരവുമായ ദിനോസർ തെളിവാണ് ശാസ്്ത്രലോകം പുറത്തുവിട്ടത്.

Published

|

Last Updated

ദിനോസറുകൾ ഇനി ഉണ്ടാകില്ലെങ്കിലും ഇടക്കിടെ കണ്ടെത്തുന്ന ഫോസിൽ അവശിഷ്ടങ്ങളിലൂടെ അവ പുനർജനിക്കുന്ന പോലെയാണ് ആവേശം അലയടിക്കുന്നത്. ഇതാ, ഒരു പുതിയ ദിനോസർ അവശിഷ്ടം കണ്ടെത്തിയിരിക്കുന്നു. താരതമ്യേന നമുക്കടുത്തുള്ള തെക്കൻ ചൈനയിൽ നിന്നാണ്. 70 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിലാണിത്. അങ്ങനെ അധികം അറിയാത്തതും കാഴ്ചക്കും കേൾവിക്കും രസകരവുമായ ദിനോസർ തെളിവാണ് ശാസ്ത്രലോകം പുറത്തുവിട്ടത്. ഇത് താറാവ് കൊക്കൻ ദിനോസറാണ് (Duck billed dinosaur). കണ്ടെത്തലുകളെല്ലാം തന്നെ ഹിസ്റ്റോറിക്കൽ ബയോളജി ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചൈനയിൽ നിന്നും കാനഡയിൽ നിന്നുമുള്ള പാലിയന്റോളജിസ്റ്റുകളുടെ പഠനമാണ് ഈ ജനുവരിയിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുള്ളത്.

തികച്ചും സസ്യബുക്കായ ഹാഡ്രോസൗറോയിഡിയ (Hadrosauridae) ദിനോസറുകളുടെ ഉപകുടുംബമായ ലാംബിയോ സൗറിനി ഗോത്രത്തിൽപ്പെട്ടതാണ് ഈ കണ്ടെത്തിയ ഫോസിലുകൾ എന്നാണ് ഗവേഷണസംഘം അവകാശപ്പെടുന്നത്. ഹാഡ്രോ സൗറോയിഡ എന്നത് താറാവ് കൊക്കുള്ള, വായുള്ള, ജീവികളുടെ ഘടനക്ക് പേരുകേട്ടതാണ്. അവസാന ജുറാസിക് കാലഘട്ടത്തിലെ ദിനോസറുകളുടെ പിൻഗാമികളാണിവ.

ഹാഡ്രോസൗറോയിഡുകളെ ഹാഡ്രോസറുകൾ എന്നും വിളിക്കുന്നു. ഇവയെക്കുറിച്ച് പഠനങ്ങളൊന്നും നടന്നിട്ടില്ലെന്ന് കരുതരുത്. രണ്ടായിരത്തിൽ തന്നെ ദിനോസറുകളുടെ ഗവേഷണത്തിന് സമാനമായി ഹാഡ്രോസറുകളുടെ ഗവേഷണത്തിനും കുതിച്ചുചാട്ടം നടന്നിരുന്നു. റോയൽ ഒന്റാറിയോ മ്യൂസിയവും റോയൽ ടൈറൽ മ്യൂസിയവും സഹകരിച്ച് ഇന്റർ നാഷനൽ ഹൈഡ്രോസർ സിമ്പോസിയം സംഘടിപ്പിച്ചിട്ടുണ്ട്. 2015 ൽ ഹൈഡ്രോസറുകൾ എന്ന പേരിൽ സിമ്പോസിയത്തിലെ പ്രബന്ധങ്ങൾ ഉൾപ്പെടുത്തി പുസ്തകവും വന്നു.

ശരിക്കും വടക്കേ അമേരിക്കയിലാണ് ഹൈഡ്രോസൗറിസുകൾ ഉത്ഭവിച്ചത്. താമസിയാതെ അത് ഏഷ്യയിലേക്ക് ചിതറിപ്പോയതാണ്. ആ തെളിവാണ് താറാവ് കൊക്കന്റെ ഈ ഫോസിൽ.
ഹൈഡ്രോസറുകളുടെ ശരീരഘടനയുടെ ഏറ്റവും തിരിച്ചറിയാവുന്ന വശം പരന്നതും വശങ്ങളിലായി നീളത്തിൽ നിൽക്കുന്നതുമായ റോസ്ട്രൽ അസ്ഥികളാണ്. ഇത് താറാവ്കൊക്കനെ വ്യത്യസ്ഥനാക്കുന്നു.

ഹൈഡ്രോസറുകളുടെ ചില അംഗങ്ങളുടെ തലയിൽ വലിയ ശിഖരങ്ങളും ഉണ്ടായിരുന്നു. പ്രദർശനത്തിന് മാത്രമല്ല, ശബ്ദമുണ്ടാക്കാനും ഇത് ഉപയോഗിച്ചിരുന്നെന്ന് കരുതപ്പെടുന്നു. തലയോട്ടിയുടെ മുൻഭാഗം പരന്നതും വിശാലവുമായ ഒരു കൊക്ക് രൂപംകൊണ്ടിരുന്നു. ഇത് ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക (എല്ലാം ഇന്നത്തെ) എന്നിവിടങ്ങളിലെ വനങ്ങളിൽ നിന്നുള്ള ഇലകളും ചില്ലകളും മുറിക്കാൻ അനുയോജ്യമായിരുന്നു.എന്നിരുന്നാലും വായയുടെ പിൻഭാഗത്ത് ഭക്ഷണം വിഴുങ്ങാനും പൊടിക്കാനും അനുയോജ്യമായ നിരവധി പല്ലുകളുണ്ടായിരുന്നു. ഇവയുടെ ചർമമുദ്രയും കണ്ടെത്തിയിട്ടുണ്ട്. തൂവലുകൾ തീരെ ഉണ്ടായിരുന്നില്ല. അതായത്, പേരിൽ മാത്രം താറാവുകൊക്കൻ.

മറിച്ച് സ്‌കെയിൽ ( ഒരു തരം ചെതുമ്പലുകൾ) നിറഞ്ഞവയായിരുന്നു ഇവ. താറാവുകൊക്കനെക്കുറിച്ചുള്ള പഠനങ്ങൾക്ക് നേതൃത്വം നൽകിയത് ചൈന യൂനിവേഴ്സിറ്റി ഓഫ് ജിയോ സയൻസിലെ ഷിംഗ്്ലിഡ (Xing lida) ആണ്. ഫോസിൽ അസ്ഥികളിൽ തുടയെല്ല്, കാലിലെ അസ്ഥി തുടങ്ങിയവയെല്ലാം കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. രൂപഘടനാപരമായ താരതമ്യം ജൈവശാഖാ വർഗീകരണം എല്ലാം ഉൾപ്പെട്ടതാണ് പഠനവും. ഇത് ദിനോസറുകളുടെ പിൻഗാമികളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് കൂടുതൽ കരുത്തു പകരുമെന്ന് തീർച്ച.
വർഷങ്ങൾക്കൊടുവിൽ തെളിവും പുതിയ ഉൾക്കാഴ്ചകളും താറാവ് കൊക്കന്റെ ഭൂതകാലം ക്രമേണ കണ്ടെത്തുന്നതിനായി പാലിയന്റോളജിസ്റ്റുകൾ വർഷങ്ങളോളം ഫോസിലുകൾ ശ്രദ്ധാപൂർവം വൃത്തിയാക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്തു. അതിന്റെ ഫലമായാണ് ഇതിന്റെ ഉറവിടം മറ നീക്കി പുറത്തു വന്നിരിക്കുന്നത്. 8 മീറ്റർ നീളമുള്ള ജന്തുവിന്റെ ഫോസിൽ ആണെന്നാണ് നിഗമനം.

2020ൽ, ചൈനയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ശാസ്ത്രകാരന്മാരുടെ ഒരു സംഘം – പാലിയന്റോളജിസ്റ്റുകൾ ഈ അസ്ഥികൂടം ലാംബിയോസൗറിനി ഗോത്രത്തിൽ പെട്ടതാണെന്ന് തിരിച്ചറിഞ്ഞു. ഇതിൽ അവസാന ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന താറാവ് കൊക്കുള്ള ദിനോസറുകൾ ഉൾപ്പെടുന്നുമുണ്ട്. ഈ ഗോത്രം ഹാഡ്രോസൗറോയിഡിയയുടെ ഒരു ഉപകുടുംബമാണ്. അതു കൊണ്ട് തന്നെ, ഇത് സാൻഷുയി ബേസിനിൽ നിന്നുള്ള ആദ്യത്തെ ഹാഡ്രോസോറോയിഡിനെയും ദക്ഷിണ ചൈനയിൽ നിന്നുള്ള ആദ്യത്തെ ലാംബിയോസോറിനെയും പ്രതിനിധീകരിക്കുന്നു എന്ന് തെളിവുകൾ സഹിതം,’ പഠനം ചൂണ്ടിക്കാട്ടുന്നു.

സസ്യഭുക്കായ ഈ ഭീമന്മാർക്ക് ആയിരക്കണക്കിന് പല്ലുകൾ ഉണ്ടായിരുന്നു, അത് അക്കാലത്തെ കഠിനമായ സസ്യജാലങ്ങൾ ഭക്ഷിക്കാൻ സഹായകരമാംവിധമായിരുന്നു.
ലംബിയോസൗറിനി ദിനോസറുകൾ അവയുടെ തലയോട്ടിയിലെ ചിഹ്നങ്ങൾക്ക് പേരുകേട്ടവയായിരുന്നു. ആശയവിനിമയം, ദൃശ്യ പ്രദർശനങ്ങൾ, ശബ്ദങ്ങൾ വർധിപ്പിക്കൽ എന്നിവക്ക് ഈ ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നതായി ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. മറ്റൊന്ന്, ഇടുങ്ങിയതും പൊള്ളയായതുമായ മൂക്കിന്റെ അസ്ഥികളാണ്. തലയോട്ടിയുടെ ഘടന, ആശയവിനിമയത്തിനായി കാഹളം പോലുള്ള വലിയ ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ അവക്ക് കഴിഞ്ഞിരിക്കും.

ഇവയുടെ ഫോസിൽ നീളമുള്ളതും ഇടുങ്ങിയതുമാണ്. ഇതിൽ ന്യൂറൽ സ്‌പൈനുകളുടെ അപൂർവ സാന്നിധ്യം എന്നിവ ചൈന യൂനിവേഴ്‌സിറ്റി ഓഫ് ജിയോസയൻസസിലെ ഗവേഷകർ ഇപ്പോൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. മറ്റൊരു കാര്യം സസ്യഭക്ഷണം കഴിക്കുന്ന ഹാഡ്രോസൗറിഡുകൾ (ലാംബിയോസൗറിനി പോലുള്ളവ), സെറാറ്റോപ്‌സിയനുകൾ, മാംസം കഴിക്കുന്ന ടൈറനോസൗറോയിഡുകൾ എന്നിവ ഈ ആവാസവ്യവസ്ഥയുടെ സവിശേഷതയായിരുന്നു എന്ന് തെളിയുകയാണ്. ഈ ഫോസിൽ കണ്ടെത്തലിലൂടെ വഴിമരുന്നിടുന്നത് ക്രിറ്റേഷ്യസ് കൂട്ട വംശനാശത്തിന് തൊട്ടുമുമ്പുള്ള പ്രാദേശിക ആവാസവ്യവസ്ഥയെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ ഇനി ശാസ്ത്രലോകത്തിന് അയാസകരമല്ലാതെ കണ്ടെത്താൻ കഴിഞ്ഞേക്കും എന്നു തന്നെയാണ്. ഇങ്ങനെ കണ്ടെത്തുന്ന ഓരോ ഫോസിലുകളും ജീവന്റെ ഉത്ഭവത്തിലേക്കും അന്നത്തെ കാലഘട്ടത്തിലെ ജീവവർഗങ്ങളിലേക്കും ഉൾക്കാഴ്ചകൾ നൽകുന്നു.

Latest