Kerala
കാപ്പ കേക്ക് മുറിക്കു പിന്നില്‍ നേതൃത്വത്തോടു വെല്ലുവിളി;വിയോജിപ്പുമായി മുതിര്‍ന്ന നേതാക്കള്‍
പുതുതായി പാര്‍ട്ടിയിലേക്ക് വന്ന് വിവാദ നായകനായി മാറിയ കാപ്പ കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിയത് മലയാലപ്പുഴയിലെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെയാണ്.
പത്തനംതിട്ട | കാപ്പ ചുമത്തപ്പെട്ടയാളിന്റെ പിറന്നാള്‍ നടുറോഡില്‍ ആഘോഷിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം നടത്തിയ വെല്ലുവിളിക്കെതിരേ വിയോജിപ്പുമായി മുതിര്‍ന്ന സിപിഎം നേതാക്കള്‍. പാര്‍ട്ടി ഏരിയ, ജില്ലാ കമ്മിറ്റികള്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യവുമായി നേതാക്കള്‍ രംഗത്തെത്തി. പുതുതായി പാര്‍ട്ടിയിലേക്ക് വന്ന് വിവാദ നായകനായി മാറിയ കാപ്പ കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം ഗംഭീരമാക്കിയത് മലയാലപ്പുഴയിലെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെയാണ്.
നാടെങ്ങും വയനാട് ദുരന്ത പശ്ചാത്തലത്തിലെ വിഷാദത്തിലാണ്ടു നില്‍ക്കുമ്പോള്‍ അനവസരത്തിലുള്ള ആഘോഷത്തിന്റെ വീഡിയോകള്‍ എടുത്ത റീലാക്കി പ്രചരിപ്പിക്കുക കൂടി ചെയ്തതോടെ മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തു വന്നു. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിന്റെ പേരില്‍ കാപ്പ ചുമത്തപ്പെട്ട ഇഡലി എന്നു വിളിക്കുന്ന ശരണ്‍ ചന്ദ്രന്റെ പിറന്നാള്‍ ആഘോഷമാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി മലയാലപ്പുഴ – മണ്ണാരക്കുളഞ്ഞി റോഡില്‍ നടന്നത്. കാറിന്റെ ബോണറ്റില്‍ അഞ്ച് കേക്കുകള്‍ തയാറാക്കി വച്ചായിരുന്നു ആഘോഷം. ഇതില്‍ കാപ്പ എന്നെഴുതിയ ഒരു കേക്ക് മുറിച്ചാണ് പിറന്നാള്‍ ഗംഭീരമാക്കിയിരിക്കുന്നത്. ഈ നാട് തോല്‍ക്കില്ല ഡി വൈ എഫ് ഐ എന്ന അടിക്കുറിപ്പോടെയാണ് കാപ്പ കേക്കിന്റെ പടം സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അമ്പതിലധികം സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആഘോഷപരിപാടികളില്‍ പങ്കെടുത്തു
മന്ത്രി വീണാ ജോര്‍ജിന്റെയും സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ നേതൃത്വത്തില്‍ ഒരുമാസം മുമ്പാണ് ശരണ്‍ ചന്ദ്രനടക്കം 62 പേരെയാണ് ബി ജെ പിയില്‍ നിന്ന് സി പി എമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത്. ഇതില്‍ കാപ്പ കേസ് പ്രതി ശരണ്‍ ചന്ദ്രന്റെ സി പി എം രംഗപ്രവേശം ഏറെ വിവാദങ്ങള്‍ക്കിട നല്‍കിയിരുന്നു. ഇയാളോടൊപ്പം പാര്‍ട്ടി അംഗത്വം എടുത്തവരില്‍ മറ്റു ചിലരുടെ കൂടി ക്രിമിനല്‍ പശ്ചാത്തലം പുറത്തുവന്നതോടെ ന്യായീകരണമില്ലാതെ സിപിഎമ്മും പ്രതിരോധത്തിലായി