Connect with us

articles

കാണൂ, രാജ്യം ആത്മാവിനെ വീണ്ടെടുക്കുന്നത്

വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ജനം ചെവി കൊടുക്കുന്നില്ല. രാമക്ഷേത്രം വോട്ടാക്കി മാറ്റാനുള്ള ശ്രമവും വിജയിച്ചില്ല. ബി ജെ പി അത് മനസ്സിലാക്കിയിരിക്കുന്നു. താന്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വേര്‍തിരിച്ചു കാണുന്നില്ല എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറയാനിടയായ സാഹചര്യം അതാണ്. കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ എന്ന പരാമര്‍ശം മുസ്‌ലിംകളെ ലക്ഷ്യമിട്ടല്ല എന്ന് നരേന്ദ്ര മോദിക്ക് വിശദീകരിക്കേണ്ടി വന്നതും ആ നിസ്സഹായതയില്‍ നിന്നാണ്.

Published

|

Last Updated

പൊതുതിരഞ്ഞെടുപ്പിന്റെ നാല് ഘട്ടം പിന്നിട്ടു. നിര്‍ണായകമെന്ന് നമ്മള്‍ കരുതുന്ന ഒരു തിരഞ്ഞെടുപ്പില്‍ രാജ്യം എന്ത് ചര്‍ച്ച ചെയ്തു, ചെയ്തില്ല എന്ന ചര്‍ച്ച പോലും സംഭവിക്കുന്നില്ല. രാജ്യത്തിന്റെ ആധികള്‍, ജനങ്ങളുടെ ജീവല്‍ഗന്ധിയായ പ്രശ്നങ്ങള്‍ രാഷ്ട്രീയ നേതൃത്വം ചര്‍ച്ച ചെയ്തുവോ എന്ന ചോദ്യത്തിന് ആര്‍ക്കുണ്ട് തൃപ്തികരമായ മറുപടി? തിരിഞ്ഞുനോക്കുമ്പോള്‍ ഈ നാളുകള്‍ ജനാധിപത്യ മനുഷ്യരില്‍ ബാക്കിയാക്കുന്നത് നിരാശയല്ലാതെ മറ്റെന്താണ്?
പ്രധാനമന്ത്രി മുതലിങ്ങോട്ട് ബി ജെ പി നേതാക്കള്‍ പച്ചക്ക് വര്‍ഗീയത പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോക്ക് കുത്തിയായി നില്‍ക്കുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരായ ഹരജികള്‍ കോടതികള്‍ തള്ളുന്നു.

അന്തരീക്ഷത്തില്‍ മുസ്‌ലിം വിരുദ്ധത കനം വെക്കുന്നു. എന്റെ പ്രധാനമന്ത്രി രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ഈ ദിവസം എന്ത് പറഞ്ഞു എന്നല്ല പൗരന്മാര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ഇന്ന് അദ്ദേഹം മുസ്‌ലിംകളെ കുറിച്ച് എന്ത് ആക്ഷേപമാണ് ഉന്നയിച്ചത് എന്ന് ആകുലപ്പെടുകയാണ് പൗരന്മാര്‍. ഒരു ദേശത്തിന്റെ ഭരണാധികാരി നേരിട്ടിറങ്ങി ഭരണീയരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്ന, ഒരു മത വിഭാഗത്തെ പേരെടുത്തു പറഞ്ഞ് അപരവത്കരിക്കുന്ന നടപടി ലോകത്തെവിടെയെങ്കിലും കേട്ടുകേള്‍വി ഉണ്ടാകുമോ? ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തിരഞ്ഞെടുപ്പിനെ ഹിന്ദു-മുസ്‌ലിം പോരാട്ടമാക്കി മാറ്റുന്ന നെറികേടിന് ആധുനിക കാലത്ത് മറ്റൊരു മാതൃകയുണ്ടോ. ഇതുണ്ടാക്കുന്ന മുറിവ് ഉണങ്ങാന്‍ എത്ര കാലം വേണ്ടിവരും? ഏതാശുപത്രിയില്‍ ചികിത്സിച്ചാലാണ് ഈ മുറിവുണങ്ങുക?

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് വേദിയില്‍ തുടങ്ങിയതാണ് പ്രധാനമന്ത്രി. മുസ്‌ലിംകളെ നുഴഞ്ഞു കയറ്റക്കാരെന്നും ഹിന്ദുക്കളുടെ സ്വത്ത് തട്ടിയെടുക്കാന്‍ കാത്തിരിക്കുന്നവരെന്നുമായിരുന്നു അന്നത്തെ ആക്ഷേപം. പ്രധാനമന്ത്രിക്ക് പിന്നാലെ മറ്റു ബി ജെ പി നേതാക്കളും കൂടിയ അളവില്‍ വിഷം വമിപ്പിച്ചു തുടങ്ങി. മോദി തന്നെയും നാടൊട്ടുക്ക് ഓടിനടന്ന് മുസ്‌ലിംവിരുദ്ധ പ്രസ്താവനകള്‍ ആവര്‍ത്തിച്ചു. രാജസ്ഥാനിലെ മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പി അധ്യക്ഷനോട് വിശദീകരണം ചോദിച്ചുവാങ്ങി അട്ടത്ത് വെച്ചു. ഒരു നടപടിയും ഉണ്ടാകില്ലെന്ന് ജനം അടക്കം പറഞ്ഞത് അച്ചട്ടായി. മോദിയുടെ വിദ്വേഷ പ്രസംഗം ഗൗരവമുള്ള വിഷയമായി കമ്മീഷന് തോന്നിയില്ല. അത് അവസാനിപ്പിക്കപ്പെടേണ്ട കുറ്റകൃത്യമായി ജുഡീഷ്യറിക്കും തോന്നിയില്ല.

ഭരണകൂടത്തെ സംരക്ഷിക്കാന്‍ ഒരു നിലക്കും ബാധ്യതയില്ല തിരഞ്ഞെടുപ്പ് കമ്മീഷന്. അതൊരു സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണ്. അതുകൊണ്ടാണ് സുപ്രീം കോടതി പോലും കമ്മീഷന്റെ അധികാര പരിധിയിലേക്ക് കൈ കടത്താത്തത്. അത് സ്വതന്ത്ര സ്ഥാപനമായി തുടരേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമാണ്. കമ്മീഷണര്‍മാര്‍ക്ക് പക്ഷപാതിത്വം പാടില്ല. അവര്‍ക്ക് കൂറ് ഭരണഘടനയോടാണ്. സര്‍ക്കാറിനോടോ പ്രധാനമന്ത്രിയോടോ അല്ല. അങ്ങനെ ആയിത്തുടങ്ങിയാല്‍ തിരഞ്ഞെടുപ്പുകളുടെ സ്വതന്ത്ര/ നിഷ്പക്ഷ സ്വഭാവം നഷ്ടമാകും. അങ്ങനെ സംഭവിച്ചാല്‍ രാജ്യം ശിഥിലമാകും.

സമൂഹ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരുടെയും പോസ്റ്റുകള്‍ക്ക് കീഴെ നിരാശയുടെ വാക്കുകള്‍ എഴുതിവിട്ട മനുഷ്യരുടെ ഉള്ളില്‍ എന്താകും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അവരൊന്നും ബി ജെ പിയുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്നവരല്ല. എന്ന് മാത്രമല്ല, ഇനി ബി ജെ പിക്ക് ഒരു അവസരം ഉണ്ടാകരുതേ എന്ന് രാജ്യത്തിന് വേണ്ടി ഉള്ളുരുകുന്നവരുമാണ്. രാജ്യം ബാക്കിയാകണം, ജനാധിപത്യം വാഴണം, അതിന് ബി ജെ പി വീഴണം എന്ന് ആത്മാര്‍ഥമായും അഭിലഷിക്കുന്നവര്‍. എന്നിട്ടും ഭരണമാറ്റത്തെ കുറിച്ച് പറയുമ്പോള്‍ എന്തുകൊണ്ടാണ് അവരില്‍ ഒരു സന്തോഷവും കാണാത്തത്? ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് തിരിച്ചു ചോദിക്കുന്നത്? തല പുകക്കാതെ തന്നെ ഉത്തരം പറയാം: ജനം നിരാശയിലാണ്. ആ നിരാശ തനിയെ ഉണ്ടായതല്ല. നമ്മുടെ സംവിധാനങ്ങള്‍ തന്നെയാണ് കാരണക്കാര്‍. സിസ്റ്റം തകരാറിലാണ് എന്ന ചിന്തയില്‍ നിന്നാണ് ആ നിരാശ പൊട്ടിപ്പുറപ്പെട്ടത്.

സിസ്റ്റത്തിന്റെ തകരാറുകള്‍ പരിഹരിക്കുകയാണ് ഇതിനെ മറികടക്കാനുള്ള പോംവഴി.
സ്വന്തം രാജ്യത്തെപ്രതി ജനമൊന്നാകെ നിരാശയിലേക്ക് മൂക്ക് കുത്തിവീഴുന്നത് ശുഭകരമല്ല. ഒരു ജനാധിപത്യ സംവിധാനത്തില്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കും. ഈ രാജ്യം എന്റേത് കൂടിയാണ്, ഈ രാജ്യത്തെ ആന്തരികമായോ ബാഹ്യമായോ ദുര്‍ബലപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല എന്ന പൗരന്റെ വിശ്വാസമാണ് രാജ്യത്തിന്റെ കരുത്ത്. ആ കരുത്ത് നഷ്ടമായിരിക്കുന്നു എന്ന് ജനം കരുതുന്നു. ആന്തരികമായി രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ അടിക്കടി നടത്തിയ ഭരണകൂടവും അവരെ ചുറ്റുന്ന അസംഖ്യം സംഘടനകളുമാണ് അതിന്റെ ഉത്തരവാദികള്‍. ഭരണഘടന ദുര്‍ബലപ്പെടുമ്പോള്‍ രാജ്യം ദുര്‍ബലപ്പെടും. ന്യൂനപക്ഷ, ദളിത് സമൂഹങ്ങള്‍ അരക്ഷിതരാകുമ്പോഴും രാജ്യം ദുര്‍ബലപ്പെടും. അതിര്‍ത്തികളില്‍ സൈന്യത്തെ കാവല്‍ നിര്‍ത്തുന്നത് രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ബാഹ്യശക്തികള്‍ക്ക് അവസരം നല്‍കാതിരിക്കാനാണ്. ആന്തരികമായി രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ശക്തികളെ പ്രതിരോധിക്കുന്ന മറ്റൊരു “സൈനിക’ സംവിധാനമുണ്ട്. അതിന്റെ പേരാണ് പൗരബോധം. ആ പൗരബോധമാണ് അടിയന്തരാവസ്ഥക്ക് പിറകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചത്, ഇന്ദിരാ സര്‍ക്കാറിനും കോണ്‍ഗ്രസ്സിനും ഷോക്ക് ട്രീറ്റ്മെന്റ് കൊടുത്തത്. ഇ വി എമ്മിനാല്‍ അട്ടിമറിക്കപ്പെടുന്നതല്ല പൗരബോധം. കാരണം, അത് പോളിംഗ് ബൂത്തില്‍ സവിശേഷമായി പ്രവര്‍ത്തിക്കുന്ന ഒന്നല്ല.

പൗരബോധത്തെ വരുതിയിലാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. സ്വയംബോധ്യങ്ങള്‍ ആണ് അവനവന്റെ രാഷ്ട്രീയമായും പിന്നീട് പൗരബോധമായും വികസിക്കുന്നത്. അതിനെ അട്ടിമറിക്കാന്‍ ഇന്ത്യയിലെ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന് കഴിയില്ല എന്നതിന്റെ നിദര്‍ശനമായിരുന്നു സി എ എ വിരുദ്ധ സമരകാലം. സി എ എക്കെതിരായ പ്രതിഷേധം മുസ്‌ലിം സംഘടനകളില്‍ മാത്രം ഒതുങ്ങുമെന്നും അതിനെ അതിവേഗം അടിച്ചമര്‍ത്താമെന്നും വ്യാമോഹിച്ചാണ് ഭരണകൂടം തിടുക്കപ്പെട്ട് നിയമനിര്‍മാണം നടത്തിയത്. പക്ഷേ സംഭവിച്ചത് മറിച്ചാണ്. രാജ്യമാകെ തെരുവിലിറങ്ങി. ഇന്ത്യ അക്ഷരാര്‍ഥത്തില്‍ സമരത്തെരുവായി. സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിക്കും വിധം മനുഷ്യരൊന്നാകെ സമരമുഖങ്ങളില്‍ നിറഞ്ഞു നിന്നു. രാജ്യം അപകടപ്പെടുന്നു എന്ന നില വന്നപ്പോള്‍ ഇന്ത്യയുടെ പൗരബോധം ഭിന്നതകള്‍ മറന്ന് ഒരുമിച്ചുനിന്നു.

അതിന്റെ ആവര്‍ത്തനമാണ് ഈ തിരഞ്ഞെടുപ്പില്‍ സംഭവിക്കുന്നത്. വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ജനം ചെവി കൊടുക്കുന്നില്ല. രാമക്ഷേത്രം വോട്ടാക്കി മാറ്റാനുള്ള ശ്രമവും വിജയിച്ചില്ല. ബി ജെ പി അത് മനസ്സിലാക്കിയിരിക്കുന്നു. താന്‍ ഹിന്ദുക്കളെയും മുസ്‌ലിംകളെയും വേര്‍തിരിച്ചു കാണുന്നില്ല എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറയാനിടയായ സാഹചര്യം അതാണ്. കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്നവര്‍ എന്ന പരാമര്‍ശം മുസ്‌ലിംകളെ ലക്ഷ്യമിട്ടല്ല എന്ന് നരേന്ദ്ര മോദിക്ക് വിശദീകരിക്കേണ്ടി വന്നതും ആ നിസ്സഹായതയില്‍ നിന്നാണ്. ഹിന്ദുത്വ വര്‍ഗീയതയെ ഇന്ത്യന്‍ പൊതുബോധം ഉജ്വലമായി തോല്‍പ്പിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലും ആദായ നികുതി വകുപ്പ് ഓഫീസിലും ഉണ്ടായ തീപ്പിടിത്തങ്ങള്‍ നല്‍കുന്ന സൂചന വളരെ വ്യക്തമാണ്. ബി ജെ പിയുടെ സട കൊഴിഞ്ഞിരിക്കുന്നു. ആര്‍ എസ് എസിന്റെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല. രാജ്യം ആത്മാവിനെ വീണ്ടെടുക്കുകയാണ്. ഇരുള്‍ നീങ്ങുകയാണ്. വെളിച്ചത്തിലേക്ക് നമ്മുടെ ജനാധിപത്യം ഒരിക്കല്‍ കൂടി മിഴി തുറക്കുകയാണ്. ഫാസിസം വലിയൊരു നുണയാണ്. ജനാധിപത്യത്തിന്റെ സൂര്യവെളിച്ചത്തിനു മുമ്പില്‍ ആ നുണക്കുമിളകള്‍ പൊട്ടിച്ചിതറും. നമ്മളത് കാണും.
ഹം ദേഖേംഗേ, ഹം ദേഖേംഗേ…

Latest