Connect with us

MUHARAM

വിശ്വാസിയുടെ പുതുവര്‍ഷം

വര്‍ഷം മുഴുവനും ജീവിതം സംശുദ്ധമാക്കാന്‍ വര്‍ഷാരംഭത്തില്‍ മഹാന്മാരെ സന്ദര്‍ശിച്ചതും ഉപദേശ നിര്‍ദേശങ്ങള്‍ തേടിയതും പൂര്‍വീകരുടെ ചരിത്രത്തില്‍ കാണാവുന്നതാണ്.

Published

|

Last Updated

“ദിവസങ്ങളെ അഞ്ചായി തരം തിരിക്കാം. ഇന്നലെ, ഇന്ന്, നാളെ, ദുനിയാവില്‍ നിന്ന് വിടപറയുന്ന ദിനം, ദീര്‍ഘമായ ദിനം. ഇന്നലെകളെ നീ തെറ്റുകുറ്റങ്ങളില്‍ വ്യാപൃതനായി നഷ്ടപ്പെടുത്തി. നീ നിലകൊള്ളുന്ന ഈ ദിനം നന്മകളാല്‍ സമ്പുഷ്ടമാക്കുക. നാളെ നീ ജീവിച്ചിരിക്കുമോ എന്നത് നിന്റെ തീരുമാനത്തിനതീതമാണ്. ഈ ലോകത്ത് നിന്ന് വിടപറയുന്ന ദിവസം എപ്പോഴും സംഭവിക്കാം എന്ന ബോധമുണ്ടാകണം. ദീര്‍ഘമായ ദിനമെന്നാല്‍ പരലോകമാണ്. അതിനു ശേഷം പിന്നെ ഒരു ദിനമില്ല. ആ ദിവസത്തിനു വേണ്ടിയാകണം നിന്റെ കൂടുതല്‍ അധ്വാനവും. കാരണം നന്മകള്‍ ചെയ്തവന് നിത്യമായ അനുഗ്രഹവും തിന്മ ചെയ്തവന് ശാശ്വതമായ ശിക്ഷയും അന്ന് ലഭിക്കുന്നതാണ്.’ പൂര്‍വകാല പണ്ഡിതരില്‍പ്പെട്ട ഒരു മഹാന്റെ ഉദ്ധരണിയാണിത്.

വീണ്ടുമൊരു പുതുവര്‍ഷം ആഗതമായിരിക്കുന്നു. വിശ്വാസികള്‍ അതിനെ സ്വീകരിച്ചുകഴിഞ്ഞു. റമസാനിലെ അവസാനത്തെ പത്തിനെ പോലെ തന്നെ ഏറ്റവും ശ്രേഷ്ഠമേറിയ ദിനങ്ങളാണ് മുഹര്‍റം ആദ്യ പത്ത് ദിനങ്ങളും. ഒരാള്‍ നബി(സ)യോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ജനങ്ങളില്‍ നല്ലവന്‍ ആരാണ്? അവിടുന്ന് പറഞ്ഞു- കൂടുതല്‍ വയസ്സ് ലഭിക്കുകയും തന്റെ ജീവിതത്തെ നന്മകളാല്‍ സമ്പുഷ്ടമാക്കുകയും ചെയ്തവന്‍. ജനങ്ങളില്‍ മോശപ്പെട്ടവനോ? അവിടുന്ന് പ്രതികരിച്ചു. ദീര്‍ഘായുസ്സ് ലഭിക്കുകയും തെറ്റുകളില്‍ വ്യാപൃതനാകുകയും ചെയ്തവന്‍. മുഹർറം മാസം അല്ലാഹു ആദരിച്ച മാസങ്ങളിലൊന്നാണ്. തുടക്കം നന്നായാല്‍ ഒടുക്കവും നന്നാവും. ഇമാം ഗസ്സാലി (റ) പറയുന്നു. മുഹര്‍റം വര്‍ഷത്തിന്റെ പ്രാരംഭമാണ്. അതുകൊണ്ട് സത്കര്‍മങ്ങള്‍ ചെയ്ത് തുടങ്ങുക എന്നത് ബറകത്ത് ആ വര്‍ഷം മുഴുവന്‍ നിത്യമായി ലഭിക്കാന്‍ കാരണമാകുന്നതാണ്.
ഇമാം ജഅ്ഫര്‍ (റ) പറയുന്നു: ജുനൈദ് (റ) പറയുന്നതായി കേട്ടിട്ടുണ്ട്, നല്ല കാര്യങ്ങള്‍ പൂര്‍ണമായി ചെയ്യാന്‍ സാധിക്കാത്തവിധം തടസ്സങ്ങള്‍ സംഭവിക്കുന്നത് തുടക്കം മോശമാകുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെയാണ് പൂര്‍വീകരായ മഹത്തുക്കള്‍ വര്‍ഷാരംഭത്തിന് പ്രാധാന്യം കല്‍പ്പിച്ച് ആരാധനകളില്‍ കഴിഞ്ഞുകൂടിയത്.

വര്‍ഷം മുഴുവനും ജീവിതം സംശുദ്ധമാക്കാന്‍ വര്‍ഷാരംഭത്തില്‍ മഹാന്മാരെ സന്ദര്‍ശിച്ചതും ഉപദേശ നിര്‍ദേശങ്ങള്‍ തേടിയതും പൂര്‍വീകരുടെ ചരിത്രത്തില്‍ കാണാവുന്നതാണ്. ഗസ്സാലി ഇമാമിനെ കുറിച്ച് മഹാന്മാര്‍ രേഖപ്പെടുത്തുന്നു. പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ കഅ്ബ ത്വവാഫ് ചെയ്യുന്നതിനിടെ ഗസ്സാലി ഇമാമിന്റെ മനസ്സില്‍ ഖിള്ർ (അ)നെ കാണാന്‍ ആഗ്രഹം ഉദിച്ചു. അങ്ങനെ ഖിള്ർ നബിയെ കാണാനുള്ള അവസരം ലഭിക്കാന്‍ പ്രാര്‍ഥിച്ചു. ദുആ കഴിയേണ്ട താമസം ഇമാം ഗസ്സാലി (റ) മത്വാഫില്‍ ഖിള്്ർ നബിയെ കാണുകയും അവരോട് കൂടെ ത്വവാഫ് ചെയ്യുകയും ചെയ്തു. അവിടുന്ന് ചെയ്യുന്നത് പോലെ ചെയ്യുകയും ചെയ്തു. ത്വവാഫിന് ശേഷം കഅബയിലേക്ക് നോക്കിയിരിക്കെ ഖിള്്ർ നബി ഗസ്സാലി ഇമാമിനോട് ചോദിച്ചു, എന്തിനാണ് അല്ലാഹുവിനോട് എന്നെ കാണണം എന്ന് പ്രാര്‍ഥിച്ചത്. അപ്പോള്‍ ഗസ്സാലി (റ) മറുപടി പറഞ്ഞു. ഈ ദിവസം പുതുവത്സര ദിനമാണ്. അതുകൊണ്ട് തന്നെ ഈ ദിവസത്തില്‍ അവിടുന്ന് ചെയ്യുന്ന സത്കര്‍മങ്ങള്‍ അതേപോലെ ചെയ്യാനും അത് ജീവിതത്തിലുടനീളം പ്രാവര്‍ത്തികമാക്കാനും വേണ്ടിയാണ് അങ്ങയെ കാണാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചത്. അപ്പോള്‍ ഖിള്്ർ നബി (അ) ഗസ്സാലി ഇമാമിനോട് നിസ്‌കരിക്കാന്‍ ആവശ്യപ്പെടുകയും ശേഷം മറ്റു ചില പ്രാര്‍ഥനകള്‍ പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു.