Malappuram
സ്വലാത്ത് നഗറിലേക്ക് വിശ്വാസി പ്രവാഹം; കാന്തപുരം ഉ്ദഘാടനം ചെയ്യും
സ്വലാത്ത് നഗറില്‍ വിപുലമായ ഒരുക്കങ്ങൾ
മലപ്പുറം | ഏറെ നാളത്തെ ചികിത്സക്കും വിശ്രമത്തിനും ശേഷം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ നാളെ മലപ്പുറം സ്വലാത്ത് നഗറിലെത്തും. മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന റമളാന്‍ 27 രാവ് പ്രാര്‍ത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണ് അദ്ദേഹം എത്തിച്ചേരുന്നത്.
വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം
സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിനോടനുബന്ധിച്ച് മേല്‍മുറി മലപ്പുറം ടൗണ്‍ ഭാഗങ്ങളില്‍ വാഹന ഗതാഗതം സുഗമമാക്കുന്നതിന് വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഇതുവഴി കടന്നുപോകേണ്ട വാഹനങ്ങള്‍ നാളെ ഉച്ചക്ക് 3 മുതല്‍ മറ്റുവഴികൾ തിരഞ്ഞെടുക്കണം. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ വെള്ളുവമ്പ്രത്ത് നിന്നും മഞ്ചേരി വഴി തിരൂര്‍ക്കാട് കടന്നും പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വരുന്നവ മഞ്ചേരി വെള്ളുവമ്പ്രം വഴിയും പോകേണ്ടതാണെന്നാണ് പോലീസ് അറിയിച്ചത്.
പാര്‍ക്കിംഗ് ക്രമീകരണം
പ്രാര്‍ഥനാ സമ്മേളനത്തിന് വിശ്വാസികളുമായി കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മേല്‍മുറി ആലത്തൂര്‍പടിയില്‍ ആളെ ഇറക്കി എജ്യുപാര്‍ക്ക് ഭാഗത്തും കോട്ടക്കല്‍, പരപ്പനങ്ങാടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മച്ചിങ്ങലില്‍ ആളെ ഇറക്കി വാറങ്കോട്, കിഴക്കേത്തല, വലിയങ്ങാടി എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. പെരിന്തല്‍മണ്ണ, മഞ്ചേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ മച്ചിങ്ങല്‍ ബൈപ്പാസില്‍ ആളെ ഇറക്കി പരിസരത്തെ ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യേണ്ടതാണെന്നും അധികൃതർ നിർദേശിച്ചു
കെ എസ് ആര്‍ ടി സിക്ക് സ്റ്റോപ്പ് അനുവദിച്ചു
മഅ്ദിന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തിച്ചേരുന്ന വിശ്വാസികളുടെ സൗകര്യത്തിനായി മലപ്പുറം സ്വലാത്ത് നഗറില്‍ കെ എസ് ആര്‍ ടി സി. ടിടി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നീ സര്‍വീസുകള്‍കള്‍ക്ക് നാളെ രാവിലെ 6 മുതല്‍ താത്കാലിക സ്റ്റോപ്പ് അനുവദിച്ചതായി കെ എസ് ആര്‍ ടി സി ക്ലസ്റ്റര്‍ ഓഫീസില്‍ നിന്നും അറിയിച്ചു.