Ramzan
പുണ്യം തേടി 27ാം രാവില്‍ ഹറമുകളിലേക്ക് വിശ്വാസി പ്രവാഹം; ഹറമും പരിസരവും നിറഞ്ഞു
ഇരു ഹറമുകളിലുമായി 20 ലക്ഷത്തിലധികം വിശ്വാസികളാണ് 27ാം രാവിലെ പ്രാര്‍ഥനകളില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നത്.
മക്ക | വിശുദ്ധ റമസാന്‍ മാസത്തിലെ ഇരുപത്തിയേഴാം രാവില്‍ ലൈലത്തുല്‍ ഖദ്റിനെ തേടി മക്കയിലെ മസ്ജിദുല്‍ ഹറമിലേക്കും പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലേക്കും വിശ്വാസി പ്രവാഹം.
ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്‌റിന്റെ പുണ്യം തേടി വിശ്വാസികളുടെ ഒഴുക്ക് രാവിലെ മുതല്‍ തന്നെ ആരംഭിച്ചിരുന്നു. ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനയിലും വിശ്വാസികള്‍ മുഴുകി. ഹറം പള്ളിയുടെ മുറ്റവും ഇടനാഴികളും മേല്‍ക്കൂരകളും മഗ്രിബിന് മുമ്പു തന്നെ നിറഞ്ഞിരുന്നു. മസ്ജിദുല്‍ ഹറമില്‍ വിത്റ് നിസ്‌കാരത്തിനും ദുആക്കും ശൈഖ് ഡോ: അബ്ദുറഹ്മാന്‍ അസ് സുദൈസായിരുന്നു നേതൃത്വം നല്‍കിയത്.
ഉംറ തീര്‍ഥാടകര്‍ക്ക് പ്രവേശനത്തിന് മൂന്ന് ഗേറ്റുകളും മറ്റ് തീര്‍ഥാടകര്‍ക്കായി 68 ഗേറ്റുകളും അത്യാഹിതങ്ങള്‍ക്കുള്ള 50 ഗേറ്റുകളും ഉള്‍പ്പെടെ 118 ഗേറ്റുകളാണ് ഉള്ളത്. ഹറമിലേക്കുള്ള തിരക്ക് ഒഴിവാക്കുന്നതിനും തീര്‍ഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനുമായി ഈ വര്‍ഷം മസ്ജിദുല്‍ ഹറമിന്റെ മുഴുവന്‍ വാതിലുകളും തുറന്നിരുന്നു. വിശ്വാസികളുടെ ആരാധന കര്‍മങ്ങള്‍ സുഗമമാക്കുന്നതിനായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.
ഇരു ഹറമുകളിലുമായി 20 ലക്ഷത്തിലധികം വിശ്വാസികളാണ് 27ാം രാവിലെ പ്രാര്‍ഥനകളില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നിരുന്നത്. ജമാഅത്ത്, തറാവീഹ്, ഖിയാമുല്ലൈല്‍ പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഹറമില്‍ നിന്നും മടങ്ങിയത്. ഇരുഹറമുകളിലും റമസാന്‍ മാസത്തിലെ ഇരുപത്തിയേഴാം രാവിലെ സുരക്ഷാ പദ്ധതി വിജയിച്ചതായി ഇരുഹറം കാര്യാലയ മേധാവിയും ഹറം ഇമാമുമായ ശൈഖ് ഡോ. അബ്ദുല്‍ റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍-സുദൈസ് പറഞ്ഞു.