Ongoing News
ഇരുഹറമുകളിലും പ്രാര്‍ഥനയില്‍ ലയിച്ച് വിശ്വാസികള്‍; ഖത്മുല്‍ ഖുര്‍ആന്‍ റമസാന്‍ 29ന്
തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥർ

മക്ക | വിശുദ്ധ റമദാന്റെ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മക്കയിലെ മസ്ജിദുല്‍ ഹറാമിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉംറ തീര്‍ഥാടനത്തിനെത്തിയ വിദേശികളും പെരുന്നാള്‍ അവധിക്കായി സഊദിയിലെ സ്‌കൂളുകള്‍ക്ക് അവധി ലഭിച്ചതോടെ ആഭ്യന്തര തീര്‍ഥാടകരും എത്തിച്ചേര്‍ന്നതോടെ മക്കയിലെ മസ്ജിദുല്‍ ഹറം ജനസാഗരമായി.
കനത്ത തിരക്ക് കണക്കിലെടുത്ത് ഈ വര്‍ഷം വന്‍ സുരക്ഷാ സംവിധാനങ്ങളോടൊപ്പം തീര്‍ഥാടകരെ സ്വീകരിക്കുന്നതിന് വൈവിധ്യമാര്‍ന്നതും സംയോജിതവുമായ സൗകര്യങ്ങളുടെയും സേവനങ്ങളുടെയം പ്രവര്‍ത്തന പദ്ധതികളാണ് നടപ്പാക്കിയത്. റമസാനിലെ അവസാന 10 ദിവസങ്ങള്‍ക്കുള്ള തയ്യാറെടുപ്പായി സേവനങ്ങള്‍ ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് മികച്ച സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. റമസാനിലെ ആദ്യ 20 ദിവസങ്ങളില്‍ 2.59 ദശലക്ഷം പേരാണ് മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തിയതെന്നും ഇരുഹറം കാര്യാലയ മന്ത്രാലയം അറിയിച്ചു.
ഈ വര്‍ഷത്തെ ഖത്മുല്‍ ഖുര്‍ആന്‍ (വിശുദ്ധ ഖുര്‍ആന്‍ പാരായണ പൂര്‍ത്തീകരണം) റമസാന്‍ 29ാം രാവിലെ തറാവീഹ് നിസ്‌കാരത്തില്‍ നടക്കുമെന്ന് ഹറം ഇമാമും ഇരുഹറം കാര്യാലയ മേധാവിയുമായ ശൈഖ് ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു. റമസാനിലെ അവസാന പത്ത് ദിവസങ്ങളിലേക്ക് പ്രവേശിക്കുന്ന വേളയില്‍ നടത്തിയ പ്രസംഗത്തിലാണ് ഇമാം ഇക്കാര്യം അറിയിച്ചത്.
തഹജ്ജുദ് നിസ്‌കാരം പുലര്‍ച്ചെ 12:30ന്
മക്കയിലെ മസ്ജിദുല്‍ ഹറമില്‍ പുണ്യ റമസാന്‍ അവസാന പത്ത് ദിനങ്ങളിലേക്ക് പ്രവേശിച്ചതോടെ തഹജ്ജുദ് നിസ്‌കാരങ്ങളുടെ സമയം പുലര്‍ച്ചെ 12:30ന് ആയിരിക്കുമെന്ന് ഹറമൈന്‍ കാര്യാലയം അറിയിച്ചു.
പ്രതിദിനം വിതരണം ചെയ്യുന്നത് രണ്ട് ലക്ഷത്തിലധികം ഇഫ്ത്വാര്‍ കിറ്റുകള്‍
മസ്ജിദുല്‍ ഹറമില്‍ ഇരുഹറം കാര്യാലയ മന്ത്രാലയം ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ച് പ്രതിദിനം രണ്ട് ലക്ഷത്തിലേറെ ഇഫ്ത്വാര്‍ ഭക്ഷണങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതിനായി 3,000 ജീവനക്കാരും ആയിരത്തിലധികം വളണ്ടിയര്‍മാരുമാണ് സേവന രംഗത്തുള്ളത്. അഞ്ച് മിനുട്ട് സമയമാണ് ഹറമിലെത്തുന്നവര്‍ക്ക് ഇഫ്ത്വാര്‍ ഭക്ഷണം ഒരുക്കുന്നതിനായി എടുക്കുന്ന സമയം. ഇഫ്ത്വാര്‍ ദൂരം 50 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടെന്ന് ഹറം കാര്യാലയ അതോറിറ്റി വിശദീകരിച്ചു.
ഹറമിലേക്കുള്ള പ്രവേശത്തിന് മാര്‍ഗ നിര്‍ദേശം
ഉംറ നിര്‍വഹിക്കുന്നവരുടെയും നിസ്‌കാരങ്ങളില്‍ പങ്കെടുക്കാനെത്തുന്നവരുടെയും എണ്ണം വര്‍ധിച്ചതോടെ ഹറമിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനും തിരക്ക് കുറക്കുന്നതിനുമായി കിംഗ് അബ്ദുല്‍ അസീസ് ഗേറ്റ് (1), കിംഗ് ഫഹദ് ഗേറ്റ് (79), കിംഗ് അബ്ദുല്ല ഗേറ്റ് (100) പള്ളിയില്‍ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും പ്രധാന ആക്‌സസ് പോയിന്റുകളായാണ് പ്രവര്‍ത്തിക്കുന്നത്.
ഒന്നാം നിലയിലെ മതാഫിലേക്ക് പ്രവേശിക്കാന്‍, ഷുബൈക്ക പാലം, അജ്‌വാദ് പാലം, അല്‍ അര്‍ഖം പാലം പ്രവേശന കവാടങ്ങിലൂടെയും ഹറമിന്റെ താഴത്തെ നിലയിലും ഒന്നാം നിലയിലും അല്‍- മസാ പ്രദേശത്ത് നിന്ന് പുറത്തുകടക്കുന്നവര്‍ അല്‍ സഫ ഗേറ്റ് (13), ബാബ് നബി (സ്വ) ഗേറ്റ്, അല്‍-മര്‍വ ഗേറ്റ്, അല്‍ മര്‍വ പാലം, അല്‍ മര്‍വ വീല്‍ചെയര്‍ പാലം എന്നിവയിലൂടെയാണ് പ്രവേശിക്കേണ്ടത്.