Kerala
വിശുദ്ധ റമസാന് വിട ചൊല്ലി വിശ്വാസികൾ; പള്ളികൾ തിങ്ങി നിറഞ്ഞ് അവസാന വെള്ളിയാഴ്ച
അസ്സലാമു അലൈക യാ ശഹ്റ റമസാൻ ..... റമസാനിലെ അവസാന വെള്ളിയാഴ്ച ഖത്വീബുമാർ പള്ളി മിഹ്റാബുകളിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ മനസ്സ് പിടച്ചും കണ്ണീർ വാർത്തുമാണ് വിശ്വാസികൾ വിശുദ്ധ റമസാന് വിട ചൊല്ലിയത്.
കോഴിക്കോട് | അസ്സലാമു അലൈക യാ ശഹ്റ റമസാൻ ….. റമസാനിലെ അവസാന വെള്ളിയാഴ്ച ഖത്വീബുമാർ പള്ളി മിഹ്റാബുകളിൽ നിന്ന് വിളിച്ചു പറഞ്ഞപ്പോൾ മനസ്സ് പിടച്ചും കണ്ണീർ വാർത്തുമാണ് വിശ്വാസികൾ വിശുദ്ധ റമസാന് വിട ചൊല്ലിയത്. ഇനിയുമേറെ റമസാനുകളെ വരവേൽക്കാൻ വിധിയുണ്ടാകണേ എന്ന തേട്ടത്താൽ പള്ളികളിൽ ഒരുമിച്ച് കൂടിയ ഓരോരുത്തരുടെയും ഉള്ളം പിടഞ്ഞു. തങ്ങളിൽ നിന്ന് നേരത്തെ വിട പറഞ്ഞ് പോയവരുടെ മോക്ഷത്തിനായി അവർ കൈകളുയർത്തി.
27ാം രാവിന്റെ പിന്നാലെ എത്തിയ വെള്ളിയാഴ്ച വിശ്വാസികൾക്ക് തികച്ചും അസുലഭ അവസരായിരുന്നു. നേരത്തെ പള്ളികളിലെത്തി ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ഥനകളില്‍ മുഴുകിയും അവര്‍ സൃഷ്ടാവിന്റെ പ്രീതിക്ക് വേണ്ടി എല്ലാം സമര്‍പ്പിച്ചു. റമസാന്‍ വ്രതത്തിലൂടെ നേടിയെടുത്ത വിശുദ്ധി തുടര്‍ന്നും ജീവിതത്തില്‍ കാത്തുസൂക്ഷിക്കാന്‍ ജുമുഅ ഖുതുബയില്‍ ഇമാമുമാര്‍ വിശ്വാസികളെ ഉണര്‍ത്തി.
കടലുണ്ടി കോർണിഷ് മസ്ജിദിൽ കാഴ്ച പരിമിതനും അന്താരാഷ്ട്ര ഹോളി ഖുർആൻ ജേതാവുമായ ഹാഫിള് ശബീറലിയാണ് ഖുത്വുബക്കും നിസ്കാരത്തിനും നേതൃത്വം നൽകിയത്. തന്റെ പിന്നിലണിനിരന്ന വിശ്വാസിവൃന്ദത്തെ ഒരു നേര്‍ത്ത വെട്ടമായിട്ട് പോലും ശബീറലി കണ്ടിട്ടില്ലെങ്കിലും അവരുടെ ഹൃദയതാളമായിരുന്നു ശബീറലിയുടെ സ്വരമാധുരി. സ്വയം മറന്ന് ആയിരങ്ങള്‍ ശബീറലിയുടെ ഖുത്വുബയിൽ ലയിച്ചു ചേര്‍ന്നപ്പോള്‍ പിറന്നത് ആത്മവിശ്വാസത്തിന്റെ പുതിയ അധ്യായമാണ്.
ഈ വര്‍ഷത്തെ റമളാനിലെ ആദ്യവെള്ളിയാഴ്ച മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിലും ഹാഫിസ് ശബീറലിയാണ് ജുമുഅക്ക് നേതൃത്വം നൽകിയിരുന്നത്. അന്ന് തനിക്ക് ലഭിച്ച ആത്മവിശ്വാസവും പ്രോത്സാഹനവുമാണ് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഇരുപത്തി ഏഴാം രാവ് പ്രാര്‍ത്ഥന സമ്മേളന നഗരിയില്‍ നമസ്‌കാരങ്ങള്‍ക്കും ശേഷം അവസാന വെള്ളിയാഴ്ച കോർണിഷ് മസ്ജിദിലും നേതൃത്വം നല്‍കാന്‍ പ്രചോദനമായതെന്ന് ശബീറലി അഭിപ്രായപ്പെട്ടു.
ജുമുഅക്ക് ശേഷം നടന്ന ഉൽബോധനത്തിനും തൗബക്കും പ്രാർത്ഥനാ സദസ്സിനും ബദ്റുസ്സാദാത് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകി.