indian grand mufti
വിശ്വാസികള്‍ ആത്മാഭിമാനമുള്ളവരാവണം: ഗ്രാന്‍ഡ് മുഫ്തി
മര്‍കസ് നോളജ് സിറ്റി ജാമിഉല്‍ ഫുതൂഹില്‍ നടന്ന ബദ്‌റുല്‍ കുബ്റ ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം.
കോഴിക്കോട് | വിശ്വാസത്തിലും മൂല്യങ്ങളിലും ആത്മാഭിമാനമുള്ളവരാവണം മുസ്ലിംകള്‍ എന്ന് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മര്‍കസ് നോളജ് സിറ്റി ജാമിഉല്‍ ഫുതൂഹില്‍ നടന്ന ബദ്‌റുല്‍ കുബ്റ ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആദ്ദേഹം.
തങ്ങളുടെ വിശ്വാസത്തിലുള്ള ആത്മാഭിമാനമാണ് ബദ്ര്‍ പോരാട്ടത്തില്‍ വിശ്വാസികള്‍ക്ക് കരുത്തും വിജയവും സമ്മാനിച്ചത്. പ്രതിസന്ധികള്‍ നേരിടുന്ന ഘട്ടങ്ങളില്‍ വിശ്വാസികളെ തുണക്കുക ആത്മാഭിമാനമാണ്. അത്തരമാളുകളെ നിരാശ ബാധിക്കുകയില്ല. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം ഏത് ഘട്ടത്തിലും പിന്തുടരേണ്ട മാതൃകയിതാണ്. രാജ്യത്തിന്റെ അഭിവൃദ്ധിയും ഭാവിയും നിര്‍ണയിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ എല്ലാവരും ഭാഗമാവണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഫലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളെയടക്കം വേട്ടയാടുന്ന ഇസ്‌റാഈല്‍ നടപടി ആധുനിക പരിഷ്‌കൃത സമൂഹത്തെ അവഹേളിക്കുന്നതാണ്. യുദ്ധത്തിലേര്‍പെട്ട രാജ്യങ്ങള്‍ ബദ്ര്‍ മാതൃകയാക്കണം. മാസങ്ങളും വര്‍ഷങ്ങളും യുദ്ധം നീട്ടികൊണ്ടുപോകാനാണ് വന്‍കിട രാഷ്ട്രങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് ലോക സമാധാനത്തിനും മാനുഷികതക്കും എതിരാണ്. പോരാട്ടം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുകയും അനിവാര്യ ഘട്ടത്തില്‍ പകല്‍ ഉച്ചവരെയുള്ള ഏതാനും സമയംമാത്രം ഏറ്റുമുട്ടുകയും ചെയ്ത ചരിത്രമാണ് ബദ്റിന്റേത്.
യുദ്ധവേളയില്‍ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ആക്രമിക്കരുതെന്നും കൃഷിയും വൃക്ഷങ്ങളും നശിപ്പിക്കരുതെന്നും ബദ്ര്‍ ആധുനിക സമൂഹത്തിന് നല്‍കുന്ന പാഠമാണ് -ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.