Connect with us

icf kuwait

പ്രവാചക സ്മരണയിലൂടെ വിശ്വാസികൾ കരുത്താർജിക്കണം: കാന്തപുരം

മർകസ് നോളജ് സിറ്റി മുന്നോട്ടു വെക്കുന്ന അതിനൂതന വൈജ്ഞാനിക സംരംഭങ്ങൾ വരും തലമുറകളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ വിപ്ലവാത്മകമായി സ്വാധീനിക്കുമെന്നും കാന്തപുരം വ്യക്തമാക്കി.

Published

|

Last Updated

കുവൈത്ത് സിറ്റി | എല്ലാ കാലത്തെയും ജനങ്ങൾക്ക് ഏറ്റവും നൂതന അധ്യാപനങ്ങൾ പകർന്നുനൽകി ലോകത്തെ മാറ്റിപ്പണിത പ്രവാചകരുടെ ഓർമകൾ മാനവിക സമൂഹത്തെ മുന്നോട്ടുനയിക്കാൻ പ്രാപ്തമാണെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവിച്ചു. ഐ സി എഫ് മീലാദ് കാമ്പയിൻ അന്താരാഷ്ട്രതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവും അന്നവും അഭയവും നൽകുകയാണ് പ്രവാചകർ പകർന്നുനൽകിയ സേവന മാതൃക. ആ പാതയിലൂടെയാണ് മർകസ് സ്ഥാപനങ്ങൾ ചലിച്ചുകൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ച് വരുന്ന പ്രതിഭാധനരായ അനേകം പണ്ഡിതന്മാരെയും പ്രൊഫഷനലുകളെയും വാർത്തെടുക്കാൻ ഇക്കാലയളവിൽ മർകസിന്റെ നേതൃത്വത്തിൽ സാധ്യമായി എന്നത് ചാരിതാർഥ്യജനകമാണ്. മർകസ് നോളജ് സിറ്റി മുന്നോട്ടുവെക്കുന്ന അതിനൂതന വൈജ്ഞാനിക സംരംഭങ്ങൾ വരുംതലമുറകളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ വിപ്ലവാത്മകമായി സ്വാധീനിക്കുമെന്നും കാന്തപുരം വ്യക്തമാക്കി.

ഖൈത്താൻ കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായിരുന്ന ചിത്താരി കെ പി ഹംസ മുസ്ലിയാരെ അനുസ്മരിച്ചു. ട്രെയിനിംഗ് പൂർത്തിയാക്കിയ മദ്റസ അധ്യാപകർക്കുള്ള  സർട്ടിഫിക്കറ്റുകൾ കാന്തപുരം വിതരണം ചെയ്തു.

കുവൈത്ത് ഐ സി എഫ് പ്രസിഡൻ്റ് അബ്ദുൽഹകീം ദാരിമി അധ്യക്ഷത വഹിച്ചു. മർകസ് നോളജ് സിറ്റി സി എ ഒ. അഡ്വ. തൻവീർ ഉമർ ഉദ്ഘാടനം നിർവഹിച്ചു. ഐ സി എഫ് ഇന്റർ നാഷണൽ കൗൺസിൽ സെക്രട്ടറി അലവി സഖാഫി  തെഞ്ചേരി, അബ്ദുല്ല വടകര പ്രസംഗിച്ചു. ശുകൂർ മൗലവി കൈപ്പുറം, അഹ്‌മദ്‌ കെ മാണിയൂർ സംബന്ധിച്ചു.

ഇബ്രാഹിം വെണ്ണിയോട്

Latest