Saudi Arabia
ഇസ്‍ലാമിന്റെ സ്നേഹവും സഹിഷ്ണുതയും വിശ്വാസികൾ കൈമുതലാക്കണം: ഖലീൽ തങ്ങൾ
വിശുദ്ദ ഹജ്ജ് കർമ്മം പൂർത്തിയാക്കി ജിദ്ധയിലെത്തിയ ഖലീൽ തങ്ങൾക്ക് ജിദ്ധ ഐ സി എഫ് സ്വീകരം നൽകി
ജിദ്ദ |വിശുദ്ധ ഇസ്‌ലാം വിഭാവനം ചെയ്യുന്ന സ്നേഹവും സഹിഷ്ണുതയും വിശ്വാസികൾ വിട്ടുവീഴ്ചയില്ലാതെ കൈ മുതലാക്കണമെന്ന് കേരള മുസലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു. വിശുദ്ദ ഹജ്ജ് കർമ്മം പൂർത്തിയാക്കി ജിദ്ധയിലെത്തിയ ഖലീൽ തങ്ങൾക്ക് ജിദ്ധ ഐ സി എഫ് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്‌ലാമിനെ ശരിയായി മനസ്സിലാക്കാത്തതിനാൽ പലരും ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നു. യഥാർഥത്തിൽ ഇസ്‌ലാം നൽകുന്നത് മാനവികതയുടെ സന്ദേശമാണ്. വിശ്വാസം മുറുകെ പിടിക്കുന്നതോടൊപ്പം മറ്റുള്ളവരോട് സ്നേഹവും സൗഹാർധവും പാരസ്പര്യവും കാണിക്കുവാനും പ്രയാസപ്പെടുന്നവർ ആരായിരുന്നാലും അവരെ ചേർത്ത് നിർത്തി സഹായിക്കുവാനും നാം തയ്യാറാവണമെന്നും തങ്ങൾ പറഞു.
വിശുദ്ധ ഹജ്ജും അനുബന്ധ കർമ്മങ്ങളും ഇതേ സന്ദേശമാണ് ലോകത്തിന് നൽകുന്നത്. ദുൽഹിജ്ജ , മുഹറം എന്നീ മാസങ്ങൾ വളരെ പവിത്രമായ മാസങ്ങളാണ്. അർഹിക്കുന്ന വിധം വിശ്വാസികൾ ഉൾകൊള്ളുകയും ഈ മാസങ്ങളിൽ നന്മകൾ പരമാവധി നാം വർദ്ധിപ്പിക്കുകയും ചെയ്യണമെന്നും തങ്ങൾ ഉദ്ബോധിപ്പിച്ചു.
മുഹ്‌യിദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. നാഷണൽ ദഅവ പ്രസിഡന്റ് അബ്ദുറഹ്മാൻ മളാഹിരി ഉൽഘാടനം ചെയ്തു. മുഹ്സിൻ സഖാഫി സ്വാഗതവും, മുഹമ്മദ് അൻവരി നന്ദിയും പറഞ്ഞു.