Kerala
സമസ്ത നൂറാം വാർഷിക പ്രഖ്യാപനത്തിൽ വിശ്വാസികൾ പങ്കാളികളാകണം: ഇ സുലൈമാൻ മുസ്‍ലിയാർ
പണ്ഡിത നേതൃത്വമായ സമസ്തക്ക് പിന്നില്‍ അണിനിരക്കണമെന്നും ഇ സുലൈമാൻ മുസ‍്‍ലിയാർ
മലപ്പുറം | സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഈ മാസം 30 ന് കാസർക്കോഡ് നടക്കുന്ന നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തിൽ വിശ്വാസികളെല്ലാവരും പങ്കാളികളാകണമെന്ന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‍ലിയാർ ആഹ്വാനം ചെയ്തു. സമസ്തയുടെ സ്ഥാപക സാരഥി പാങ്ങിൽ അഹ്മദ്കുട്ടി മുസ്ലിയാരുടെ മഖ്ബറയിൽ വെച്ച് സമ്മേളനത്തിൽ ഉയർത്താനുള്ള സമസ്തയുടെ ത്രിവർണ്ണ പതാക കേന്ദ്രമുശാവറ അംഗങ്ങളായ പൊൻമള മൊയ്തിൻ കുട്ടി ബാഖവിക്കും കൊളത്തൂർ അലവി സഖാഫിക്കും കൈമാറിയതിനു ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പണ്ഡിത നേതൃത്വമായ സമസ്തക്ക് പിന്നില്‍ അണിനിരക്കണമെന്നും ഇ സുലൈമാൻ മുസ‍്‍ലിയാർ കൂട്ടിച്ചേർത്തു. മുൻകാല നേതാക്കൾ ശക്തിപ്പെടുത്തി നമ്മുടെ കൈകളില്‍ ഏല്‍പ്പിച്ച സമസ്തക്ക് പിന്നിൽ ഞങ്ങൾ അടിയുറച്ച് നിൽക്കുകയാണെന്ന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‍ലിയാർ പറഞ്ഞു.
സ്ഥാപിത ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെ നൂറാം വർഷത്തിലേക്ക് എത്തിയിരിക്കുകയാണെന്നും സംഘടനയെ പിന്‍തലമുറക്ക് കൈമാറേണ്ട ബാധ്യത നമുക്കുണ്ടെന്നും പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഓർമ്മപ്പെടുത്തി.