From the print
വിശുദ്ധ മാസത്തെ വരവേറ്റ് വിശ്വാസികൾ
വിപുലമായ ഇഫ്ത്വാർ സംഗമങ്ങൾ ഒരുക്കും

കോഴിക്കോട് | വിശ്വാസികൾ കാത്തിരുന്ന വിശുദ്ധിയുടെ ദിനരാത്രങ്ങൾ സമാഗതമായി. അഹ്‌ലൻ യാ റമസാൻ. ഇനി പ്രാർഥനയുടെയും ആരാധനയുടെയും സജീവമായ മുപ്പത് നാളുകൾ. വിശ്വാസികൾ ഇന്ന് മുതൽ പകലിൽ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് മനസ്സ് തിരിച്ച് ജീവിതത്തെ പ്രാർഥനാഭരിതമാക്കും. പോയ പതിനൊന്ന് മാസങ്ങളേക്കാൾ സജീവതയോടെ പള്ളികളിൽ ഒത്തുചേരും. രാത്രിയിലെ സവിശേഷമായ തറാവീഹ് നിസ്‌കാരമുൾപ്പെടെ നിർവഹിച്ച് ആത്മീയ സായൂജ്യം കരഗതമാക്കാൻ മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തിയാണ് വിശ്വാസികൾ റമസാനെ വരവേൽക്കുന്നത്.
പാപങ്ങളിൽ നിന്ന് മുക്തി നേടി പുതിയ മനുഷ്യനാകാൻ വിശ്വാസിയെ പാകപ്പെടുത്തുന്ന മാസം കൂടിയാണിത്. സഹജീവികളുടെ വേദനകൾക്കൊപ്പം നിൽക്കാനും ആശ്വാസമരുളാനും മറ്റു മാസങ്ങളേക്കാൾ സമയം കണ്ടെത്തുന്നു ലോകത്താകമാനമുള്ള മുസ്‌ലിംകൾ. ഈ ദിവസങ്ങളിൽ ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് മുസ്‌ലിം സംഘടനകൾ കൂടുതൽ ശ്രദ്ധചെലുത്തുകയും വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്യാറുണ്ട്.
പള്ളികളിലും സ്ഥാപനങ്ങളിലും വിപുലമായ ഇഫ്ത്വാർ സംഗമങ്ങൾ സംഘടിപ്പിക്കുന്നതിന് കേരള മുസ്‌ലിം ജമാഅത്തിന്റെ കീഴിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. യാത്രക്കാർക്ക് സഹായകമാകുന്ന വിധത്തിൽ എസ് വൈ എസിന്റെ നേതൃത്വത്തിൽ ദേശീയപാതകളോട് ചേർന്നും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെ സ്ഥലങ്ങളിലും ഇഫ്ത്വാർ ഖൈമകൾ സജ്ജീകരിക്കുന്നുണ്ട്.
വിശുദ്ധ ഖുർആൻ അവതീർണമായ മാസമാണ് റമസാൻ. പള്ളികളിലും വീടുകളിലും ഖുർആൻ പാരായണത്തിനായി വിശ്വാസികൾ കൂടുതൽ സമയം ചെലവഴിക്കും. സംഘടനാ കമ്മിറ്റികളുടെയും മഹല്ല് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ഖുർആൻ പ്രഭാഷണങ്ങളും പഠന ക്ലാസ്സുകളും നടക്കും. അസാന്മാർഗിക പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായും വിട്ടുനിന്നുകൊണ്ടുള്ള ജീവിതം തുടർന്നും നയിക്കാനുള്ള പരിശീലനകാലം കൂടിയായാണ് വിശ്വാസികൾ റമസാനിനെ കാണുന്നത്.