Kerala
ബേലൂര്‍ മഖ്‌ന കര്‍ണാടക വനമേഖലയില്‍ തുടരുന്നു; റേഡിയോ കോളര്‍ സിഗ്‌നല്‍ ലഭിച്ചു
ആനയെ മയക്കുവെടിവച്ച് പിടികൂടാന്‍ ഹൈദരാബാദിലെ വന്യജീവി വിദഗ്ധനായ നവാബ് അലി ഖാനും ദൗത്യ സംഘത്തിനൊപ്പം ചേര്‍ന്നു.
വയനാട്| മാനന്തവാടി പടമലയിലെ വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത് അജീഷിനെ ചവിട്ടിക്കൊന്ന ബേലൂര്‍ മഖ്‌നയെന്ന കാട്ടാന കര്‍ണാടകത്തിലെ വനമേഖലയില്‍ തുടരുന്നതായി റേഡിയോ കോളാര്‍ സിഗ്‌നല്‍ ലഭിച്ചു. ആനയെ മയക്കുവെടിവച്ച് പിടികൂടാന്‍ ഹൈദരാബാദിലെ വന്യജീവി വിദഗ്ധനായ നവാബ് അലി ഖാനും ദൗത്യസംഘത്തിനൊപ്പം ചേര്‍ന്നു. ദൗത്യസംഘത്തിന് വേണ്ട ഉപദേശങ്ങള്‍ നല്‍കുകയെന്നതാണ് ചുമതല.
വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ നാല് വിദഗ്ധര്‍കൂടി സംഘത്തിന്റെ ഭാഗമായിട്ടുണ്ട്. ജില്ലയുടെ സ്‌പെഷ്യല്‍ നോഡല്‍ ഓഫീസറായി ഈസ്റ്റണ്‍ സിസിഎഫ് കെ വിജയാനന്ദ് ചുമതലയേറ്റു. മനുഷ്യ മൃഗ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ഏകോപിക്കുകയാണ് പ്രധാന ചുമതല.
സംസ്ഥാന വനം വകുപ്പ് കാട്ടാനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ബേലൂര്‍ മഖ്‌ന ജനവാസമേഖലയിലേക്കിറങ്ങാതിരിക്കാന്‍ അതിര്‍ത്തി പ്രദേശത്ത് റോന്തുചുറ്റുകയാണ് ഉദ്യോഗസ്ഥ സംഘം. ആനയെ പിടികൂടും വരെ ദൗത്യം തുടരുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.