belur magna elephant
ബേലൂര്‍ മഖ്നക്ക് കാവലായി മോഴ
മയക്കുവെടി വെക്കാനുള്ള ശ്രമംവിജയിച്ചില്ല; ദൗത്യ സംഘത്തിന് നേരെ ചീറിയടുത്തു
മാനന്തവാടി | ഉള്‍ക്കാടുകളില്‍ ചെന്ന് കൊലയാളിക്കാട്ടാനയായ ബേലൂര്‍ മഖ്‌നയെ മയക്കുവെടി വെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നലെയും ലക്ഷ്യം കണ്ടില്ല. ബേലൂര്‍ മഖ്‌നയുടെ സംരക്ഷകനായി മറ്റൊരു മോഴയാന കൂടി നിലയുറപ്പിച്ചതാണ് തിരിച്ചടിയായത്.
വെടിവെക്കാനെത്തിയ ദൗത്യസംഘത്തെ ആക്രമിക്കാന്‍ മോഴ ഓടിയെത്തി. അതിന് നേരെ വെടിയുതിര്‍ത്തും ശബ്ദമുണ്ടാക്കിയുമാണ് ദൗത്യസംഘം രക്ഷപ്പെട്ടത്. ബേലൂര്‍ മഖ്‌നക്ക് സമീപം മുഴുവന്‍ സമയവും മോഴ നിലയുറപ്പിച്ചിരിക്കുകയാണെന്ന് ദൗത്യസംഘം പറഞ്ഞു.
ബാവലി വനത്തില്‍
വയനാട് വന്യജീവി സങ്കേതത്തില്‍ നിന്ന് ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷം കര്‍ണാടക നാഗര്‍ഹോള വനത്തിലേക്കു പോയ കാട്ടാന ഇന്നലെ പുലര്‍ച്ചെ വീണ്ടും കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന ബാവലി ഉള്‍വനത്തില്‍ തിരിച്ചെത്തി. തിരച്ചിലിന്റെ നാലം ദിനമായ ഇന്നലെ തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തില്‍പ്പെട്ട ബാവലി ഉള്‍വനത്തില്‍ നിന്നാണ് ബേലുര്‍ മഖ്‌നയുടെ സിഗ്നല്‍ ലഭിച്ചത്. തുടര്‍ന്ന് തിരച്ചിലിനായി സംഘം പുറപ്പെട്ടു.
ഉച്ചകഴിഞ്ഞ് മൂന്നോടെ ആനയെ മയക്കുവെടി വെക്കാനുള്ള സാഹചര്യം ഒത്തുവഷളകയും അതിനുള്ള ഒരുക്കങ്ങള്‍ ആര്‍ ആര്‍ ടി സംഘം ആരംഭിക്കുകയും ചെയ്തു. അതിനിടെയാണ് ബേലൂര്‍ മഖ്‌നക്കൊപ്പമുള്ള മോഴ ആര്‍ ആര്‍ ടി സംഘത്തെ ആക്രമിക്കാനെത്തിയത്. ഈ സമയം ബേലൂര്‍ മഖ്ന ഉള്‍ക്കാട്ടിലേക്ക് മറയുകയും ചെയ്തു.
ബാവലി ഉള്‍വനത്തിലുള്ള ആനയെ പിടികൂടുന്നതിനുള്ള കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ വനം വകുപ്പ് ഉന്നതതല യോഗം ചേര്‍ന്നു. ഇന്ന് വീണ്ടും തിരച്ചില്‍ നടത്താനുള്ള തീരുമാനത്തില്‍ സന്ധ്യയോടെ ദൗത്യം അവസാനിപ്പിച്ച് രാത്രി നിരീക്ഷണം ഏര്‍പ്പെടുത്തി.
നോര്‍ത്ത് വയനാട് ഡി എഫ് ഒ. കെ ജെ മാര്‍ട്ടിന്‍ ലോവല്‍, സൗത്ത് വയനാട് ഡി എഫ് ഒ. എ ഷജ്ന, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ദിനേഷ്, ഫ്‌ലയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ. എ പി ഇംത്യാസ്, സോഷ്യല്‍ ഫോറസ്ട്രി എ സി എഫ് ഡി ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദൗത്യസംഘം കൊലയാനക്കായി വലവിരിക്കുന്നത്.