Kerala
പി പി ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമി: അന്‍വര്‍
ഭൂമി മണ്ണിട്ടു നികത്തുന്നതിനടക്കം പി ശശിയുടെ സമ്മര്‍ദം എ ഡി എമ്മിനുണ്ടായിരുന്നു. കൃത്യമായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കാര്യങ്ങള്‍ എത്തും.
പത്തനംതിട്ട | എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റാരോപിതയായ പി പി ദിവ്യയുടെ ഭര്‍ത്താവ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ ബിനാമിയാണെന്ന് പി വി അന്‍വര്‍ എം എല്‍ എ. മലയാലപ്പുഴയില്‍ നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അന്‍വര്‍.
ഭൂമി മണ്ണിട്ടു നികത്തുന്നതിനടക്കം പി ശശിയുടെ സമ്മര്‍ദം എ ഡി എമ്മിനുണ്ടായിരുന്നു. വഴങ്ങാതെ വന്നപ്പോള്‍ അപമാനിച്ചു കീഴ്‌പ്പെടുത്താനാകുമോയെന്നാണ് പിന്നീട് നോക്കിയത്. ഇതിനായാണ് ദിവ്യ നിയോഗിക്കപ്പെട്ടതെന്നും അന്‍വര്‍ പറഞ്ഞു. കൃത്യമായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ കാര്യങ്ങള്‍ എത്തും. ഇത് അറിയാവുന്നവരാണ് ഉരുണ്ടുകളി നടത്തുന്നത്.
നവീനിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് ഒട്ടേറെ സംശയങ്ങളുണ്ടെന്നാണ് മനസിലാക്കുന്നത്. നിയമപരമായി നീങ്ങാനാണ് അവരുടെ തീരുമാനം. അവരുടെ നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും ഉണ്ടാകും. വേണ്ടിവന്നാല്‍ കേസില്‍ കക്ഷി ചേരാനും തയാറാകുമെന്നും അന്‍വര്‍ പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലും പ്രതിപക്ഷം സര്‍ക്കാരിനു കുട പിടിക്കുകയാണ്. ഒരു സമരം, ഒരു കല്ലേറ് ഇതു കഴിഞ്ഞാല്‍ എല്ലാം അവസാനിക്കുകയാണ്. ഇതിനെയാണ് പൊളിറ്റിക്കല്‍ നെക്‌സസ് എന്നു വിളിക്കുന്നത്. ഇവര്‍ പലരും ഭായി-ഭായി ബന്ധത്തിലാണ്. എല്ലാ പാര്‍ട്ടികളുടെയും ഉന്നത നേതാക്കള്‍ ഒരു അമ്മ പെറ്റ മക്കളെപ്പോലെയാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. കേസുകളെല്ലാം കൃത്യമായി അന്വേഷിച്ചാല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്കും അതുവഴി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തുമെന്നും അന്‍വര്‍ പറഞ്ഞു.