cpm-cpi
കോന്നിയില്‍ ബന്ധുവായ ഉദ്യോഗസ്ഥന്റെ സഹായത്താല്‍ ബിനാമി ഇടപാടുകള്‍; സി പി ഐ ജില്ലാ സെക്രട്ടറിയ്ക്കെതിരെ മുന്‍ ജില്ലാ കമ്മിറ്റി അംഗം
റാന്നിയില്‍ അനധികൃത മരംകൊള്ള നടത്തിയവരെ സംരക്ഷിക്കുകയും കോന്നിയില്‍ ക്വാറി മാഫിയയെ പിന്തുണച്ച് ബന്ധുവായ ഉദ്യോഗസ്ഥന്റെ സഹായത്താല്‍ ബിനാമി ഇടപാടുകളും എ പി ജയന്‍ നടത്തി വരുന്നതായാണ് പ്രധാന ആരോപണം
തിരുവല്ല | സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ജില്ലാ കമ്മിറ്റി അംഗം പി എന്‍ രാധാകൃഷ്ണ പണിക്കര്‍ രംഗത്തെത്തി. റാന്നിയില്‍ അനധികൃത മരംകൊള്ള നടത്തിയവരെ സംരക്ഷിക്കുകയും കോന്നിയില്‍ ക്വാറി മാഫിയയെ പിന്തുണച്ച് ബന്ധുവായ ഉദ്യോഗസ്ഥന്റെ സഹായത്താല്‍ ബിനാമി ഇടപാടുകളും എ പി ജയന്‍ നടത്തി വരുന്നതായാണ് പ്രധാന ആരോപണം.
പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്തുകയും കളങ്കിതമായ മാര്‍ഗ്ഗങ്ങളിലൂടെ സ്വത്ത് സമ്പാദനവും നടത്തുകയാണ്. ഇക്കാര്യങ്ങള്‍ പാര്‍ട്ടി കമ്മിറ്റികളില്‍ ഉന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. എ പി ജയന്‍ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റ നാള്‍ മുതല്‍ കമ്മ്യുണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 32 വര്‍ഷമായി തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന താന്‍ സി പി ഐ പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ തെറ്റായ പ്രവണതകള്‍ ജില്ലാ കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ ബോധപൂര്‍വ്വം വ്യക്തിപരമായ നടപടികള്‍ ജയന്‍ നടത്തുന്നതിന്റെ തുടര്‍ച്ചയായി തനിക്ക് പലതവണ വിശദീകരണ നോട്ടീസ് അയച്ച് ഇതിന് മറുപടി നല്‍കിയിട്ടും വീണ്ടും നോട്ടീസ് അയച്ച് പീഡിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ മാസം ആദ്യം രാജിവച്ചത്. എന്നാല്‍ ചട്ടങ്ങളൊന്നും പാലിക്കാതെ ജില്ലാ സെക്രട്ടറി തന്നെ പുറത്താക്കിയതായി പത്രവാര്‍ത്തകള്‍ നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പി എന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി അംഗങ്ങളായ സാമുവല്‍ ജോസഫ്, വി ജെ ജോണ്‍സണ്‍ എന്നിവരും പങ്കെടുത്ത് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നതായും അറിയിച്ചു. ജില്ലാ സെക്രട്ടറിയുടെ നിലപാടുകളില്‍ വിഘടിച്ച് നില്‍ക്കുന്നവരുമായി സഹകരിച്ച് പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാര്‍ സംവിധാനങ്ങളിലും പരാതി നല്‍കുമെന്ന് രാധാകൃഷ്ണ പണിക്കര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.