Connect with us

Articles

ബെനഡിക്ട് പതിനാറാമൻ: നിലപാടുകളുടെ മാർപ്പാപ്പ; വിവാദങ്ങളുടെയും

2010 മാര്‍ച്ച് 20ന് പുറപ്പെടുവിച്ച ഇടയ ലേഖനമാണ് അദ്ദേഹം നേരിട്ട വിവാദങ്ങളിൽ ശക്തമായ ഒന്ന്. പുരോഹിതന്‍മാര്‍ അരനൂറ്റാണ്ടിനിടെ നടത്തിയ ബാലലൈംഗിക പീഡനങ്ങളില്‍ പോപ്പിന്റെ ക്ഷമാപണമായിരുന്നു ഈ ഇടയ ലേഖനത്തിന്റെ ഉള്ളടക്കം.

Published

|

Last Updated

മാർപ്പാപ്പമാർക്കിടയിൽ നിലപാടുകൾകൊണ്ട് വ്യത്യസ്തത പുലർത്തിയ നേതാവായിരുന്നു ബെനഡിക്ട് പതിനാറാമാൻ. കത്തോലിക്കാ സഭക്കുള്ളിലെ വിഷയങ്ങളിൽ പോലും കർശനമായ നിലപാടെടുത്ത് മുന്നോട്ടുപോയ അദ്ദേഹം പലപ്പോഴും വിവാദച്ചുഴിയിൽ പെട്ടു. 2010 മാര്‍ച്ച് 20ന് പുറപ്പെടുവിച്ച ഇടയ ലേഖനമാണ് അദ്ദേഹം നേരിട്ട വിവാദങ്ങളിൽ ശക്തമായ ഒന്ന്. പുരോഹിതന്‍മാര്‍ അരനൂറ്റാണ്ടിനിടെ നടത്തിയ ബാലലൈംഗിക പീഡനങ്ങളില്‍ പോപ്പിന്റെ ക്ഷമാപണമായിരുന്നു ഈ ഇടയ ലേഖനത്തിന്റെ ഉള്ളടക്കം.

“പുരോഹിതന്‍മാരില്‍ നിന്ന് നിങ്ങള്‍ക്കുണ്ടായിട്ടുള്ളത് ക്രൂരമായ അപമാനമാണ്. സഭക്ക് മാപ്പ് നല്‍കാനും യോജിച്ചു പോകാനും നിങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. സഭയുടെ പേരില്‍ ഞാന്‍ പരസ്യമായി ലജ്ജയും ഖേദവും പ്രകടിപ്പിക്കുന്നു” ഇടയ ലേഖനത്തില്‍ അയര്‍ലന്‍ഡിലെ വിശ്വാസികളോട് പാപ്പ പറഞ്ഞു. ക്ഷാമപണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നു.

ജൂതന്‍മാരോടുള്ള സമീപനത്തിലും ആസ്‌ത്രേലിയയില്‍ സഭ നടത്തിയ വംശീയ വിവേചനത്തിലും ശാസ്ത്ര പ്രതിഭകളോട് കാണിച്ച ക്രൂരതകളിലും ക്ഷമ പറഞ്ഞ കത്തോലിക്കാ സഭ അടിസ്ഥാനപരമായ മാറ്റത്തിന് തയ്യാറാകുന്നില്ല. തെറ്റ് ചെയ്യുന്നു, കുമ്പസരിക്കുന്നു, പിന്നെയും തെറ്റ് ചെയ്യുന്നുവെന്ന് വിലയിരുത്തപ്പെട്ടു. അയര്‍ലന്‍ഡ് ഇടയലേഖനത്തിന്റെ സമയത്ത് വന്ന ഏറ്റവും ക്രൂരമായ ഒരു ആരോപണം പിന്നീട് പോപ്പിന്റെ സ്ഥാനത്യാഗത്തെപ്പോലും സ്വാധീനിച്ചിരിക്കാം.

1977 മുതല്‍ 1982 വരെ മ്യൂണിക്കില്‍ കര്‍ദിനാളായിരുന്നപ്പോള്‍ ബെനഡിക്ട് പതിനാറാമന്റെ (അന്ന് റാറ്റ്‌സിംഗറച്ചന്‍) അധികാര പരിധിയില്‍ നിന്ന് ലൈംഗിക ചൂഷണത്തിന്റെ 200 ഓളം പരാതികള്‍ ഉയര്‍ന്നിരുന്നു. ആ പരാതികളില്‍ പുരോഹിതന്‍മാരെ സംരക്ഷിക്കുന്ന സമീപനമാണ് അദ്ദേഹം കൈക്കൊണ്ടതത്രേ. അത്തരത്തിലുള്ള ഒരാള്‍ക്ക് അയര്‍ലന്‍ഡിലെ പുരോഹിതന്‍മാരുടെ പേരില്‍ തുറന്നു പറച്ചിലിന് എന്ത് ധാര്‍മിക അവകാശമാണ് ഉള്ളതെന്ന് ചോദ്യമുയര്‍ന്നു. ഈ ചോദ്യം പോപ്പിനെ ശരിക്കും അസ്വസ്ഥനാക്കിയിരുന്നു.

ഈ വിമര്‍ശങ്ങള്‍ക്കിടയിലും ഉയര്‍ന്നു നില്‍ക്കുന്നത് സ്വവര്‍ഗരതി, ഭ്രൂണ ഹത്യ, വിവാഹപൂര്‍വ ലൈംഗികത, മദ്യാസക്തി, സ്ത്രീപൗരോഹിത്യം തുടങ്ങിയവക്കെതിരെ ബെനഡിക്ട് കൈക്കൊണ്ട ശക്തമായ നിലപാടുകളാണ്. പരിസ്ഥിതി വിഷയത്തിലും തന്റെ മുമ്പേ നടന്നവരില്‍ നിന്നെല്ലാം വ്യത്യസ്തമായി വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു ഈ പാപ്പക്ക്. അദ്ദേഹം ഗ്രീന്‍ പോപ്പെന്ന് വിളിക്കപ്പെട്ടു.

സഭയിലെ ഭിന്ന സ്വരങ്ങളോട് അദ്ദേഹം കാണിച്ച കാര്‍ക്കശ്യങ്ങളെ വിശ്വാസദാര്‍ഢ്യമായും സമര്‍പ്പണമായും വ്യാഖ്യാനിക്കാനുമാകില്ല. 2006ല്‍ റേഗന്‍സ്ബര്‍ഗ് സര്‍വകലാശാലയില്‍ സംസാരിക്കവേ അദ്ദേഹം നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ ധാരണാ വൈകല്യത്തിന്റെ നിത്യസ്മാരകമായി നിലനില്‍ക്കും. മുഹമ്മദ് നബി(സ) മതപ്രചാരണത്തിന് മനുഷ്യത്വവിരുദ്ധമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുവെന്നായിരുന്നു പോപ്പിന്റെ വിചിത്രമായ കണ്ടുപിടിത്തം. പിന്നെ അദ്ദേഹം അത് തിരുത്തിയെങ്കിലും അദ്ദേഹത്തിന്റെ ജീവിത രേഖയിൽ കറുത്ത പാടായി ഇത്തരം കാര്യങ്ങളുമുണ്ടാകും.

Latest